Connect with us

Kerala

മകന്‍ വാഹനാപകടത്തില്‍ മരിച്ചതറിഞ്ഞ മാതാവ് കിണറ്റില്‍ ചാടി ജീവനൊടുക്കി

ഫേസ്ബുക്കിലൂടെ മകന്റെ മരണവിവരം അറിഞ്ഞ ഷീജ ബന്ധു വീട്ടിലെ തന്നെ കിണറില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു

Published

|

Last Updated

തിരുവനന്തപുരം |  വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ വിദ്യാര്‍ഥിയായ മകന്‍ വാഹനാപകടത്തില്‍ മരിച്ചതറിഞ്ഞ് മാതാവ് കിണറ്റില്‍ ചാടി മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സജിന്‍ മുഹമ്മദിന്റെ മാതാവ് ഷീജ ബീഗമാണ് ജീവനൊടുക്കിയത്.

ഇന്നലെ ഉച്ചക്ക് രണ്ടു മണിയോടെയാണ് സജിന്‍ സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെട്ടത്. ഇതറിഞ്ഞ് അച്ഛനും ബന്ധുക്കളും ചേര്‍ന്ന് ഷീജയെ കഴക്കൂട്ടത്തുള്ള ബന്ധു വീട്ടില്‍ ആക്കിയ ശേഷം മകന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ പോയതായിരുന്നു. എന്നാല്‍ ഷീജ മകന്റെ മരണവിവരം അറിഞ്ഞിരുന്നില്ല. എന്നാല്‍ ഫേസ്ബുക്കിലൂടെ മകന്റെ മരണവിവരം അറിഞ്ഞ ഷീജ ബന്ധു വീട്ടിലെ തന്നെ കിണറില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.

വയനാട് പൂക്കോട് വെറ്റിനററി കാമ്പസിനകത്ത് ഇന്നലെയാണ് ബൈക്ക് അപകടത്തില്‍ സജിന്‍ മുഹമ്മദ് മരിച്ചത്. പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയായിരുന്നു സജിന്‍.

ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)

Latest