Connect with us

Uae

യു എ ഇയിലെ പ്രവേശനം, തൊഴിൽ നിയമങ്ങൾ: ബോധവത്കരണം ആരംഭിച്ചു

പ്രവേശന, താമസ നിയമങ്ങളിലെ പ്രധാന വ്യവസ്ഥകളും തൊഴിൽ നിയമലംഘകർക്കുള്ള ശിക്ഷാനടപടികളും പരിചയപ്പെടുത്താനാണ് കാമ്പയിൻ ലക്ഷ്യമിടുന്നത്.

Published

|

Last Updated

അബുദബി | യു എ ഇയിലേക്കുള്ള പ്രവേശനം, താമസം, തൊഴിൽ എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളെക്കുറിച്ച് വിദേശികളിൽ അവബോധമുണ്ടാക്കാനായി ബോധവത്കരണ പ്രചാരണം ആരംഭിച്ചു. അറബിക്, ഇംഗ്ലീഷ്, ഉറുദു, സ്വാഹിലി എന്നീ ഭാഷകളിലാണ് പ്രചാരണം. യു എ ഇ മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയവും ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്‌സ് സെക്യൂരിറ്റിയും (ഐ സി പി) സംയുക്തമായാണ് കാമ്പയിൻ ആരംഭിച്ചത്.

രാജ്യത്തുടനീളമുള്ള സ്വതന്ത്രമേഖലകൾ, മാധ്യമ സ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെ മൂന്ന് മാസം നീണ്ട പ്രചാരണ പരിപാടികൾക്കാണ് ചൊവ്വാഴ്ച തുടക്കം കുറിച്ചത്. യു എ ഇയിലെ വിദേശികൾക്ക് പ്രവേശന, താമസ നിയമങ്ങളിലെ പ്രധാന വ്യവസ്ഥകളും തൊഴിൽ നിയമലംഘകർക്കുള്ള ശിക്ഷാനടപടികളും പരിചയപ്പെടുത്താനാണ് കാമ്പയിൻ ലക്ഷ്യമിടുന്നത്. രാജ്യത്തെ സർക്കാർ സ്ഥാപനങ്ങളുമായുള്ള സഹകരണം തൊഴിൽവിപണിയിലെ മത്സരക്ഷമതയും കാര്യക്ഷമതയും വർധിപ്പിക്കുമെന്ന് മന്ത്രാലയത്തിലെ ഹ്യൂമൻ റിസോഴ്‌സസ് അഫയേഴ്‌സ് അണ്ടർ സെക്രട്ടറി ഖലീൽ അൽഖൂരി അഭിപ്രായപ്പെട്ടു.

ഇത്തരം പ്രചാരണങ്ങൾ തൊഴിൽവിപണിയിൽ വലിയ സ്വാധീനം ചെലുത്തും. നിയമങ്ങൾ പാലിക്കാൻ വിദേശികളെ പ്രോത്സാഹിപ്പിക്കാൻ കാമ്പയിനിലൂടെ ലക്ഷ്യമിടുന്നതായി ഐ സി പി ഡയറക്ടർ-ജനറൽ മേജർ ജനറൽ സുഹൈൽ അൽ ഖൈലി പറഞ്ഞു. ടൂറിസ്റ്റ് വിസ, തൊഴിൽവിസ, വിസ കാലാവധിക്ക് ശേഷവും രാജ്യത്ത് തുടരുന്നത്, അനധികൃത പ്രവേശനം എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളെക്കുറിച്ചും ആളുകളെ ബോധവത്കരിക്കാൻ കാമ്പയിൻ ശ്രദ്ധകേന്ദ്രീകരിക്കുമെന്ന് ഐ സി പിയിലെ റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സ് ഡയറക്ടർ-ജനറൽ മേജർ ജനറൽ സുൽത്താൻ അൽ നുഐമി വ്യക്തമാക്കി.

Latest