Kerala
രക്ഷാപ്രവര്‍ത്തന കേസ് അട്ടിമറി; എം ആര്‍ അജിത് കുമാറിന്റെ സസ്‌പെന്‍ഷന്‍ ഉത്തരവ് പുറത്തിറങ്ങി
എം ആര്‍ അജിത് കുമാറിന്റെ വിശദീകരണം തൃപ്തികരമല്ലെന്നും ആഭ്യന്തരവകുപ്പ് കണ്ടെത്തി
തിരുവനന്തപുരം| എഡിജിപി എം ആര്‍ അജിത് കുമാറിന്റെ സസ്‌പെന്‍ഷന്‍ ഉത്തരവ് പുറത്തിറങ്ങി. ആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തന കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ് മേധാവി നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് സര്‍ക്കാര്‍ നടപടി. അജിത്കുമാര്‍ നടത്തിയ ഇടപെടല്‍ നിയമപരമല്ലെന്നും പ്രതികളെ അദ്ദേഹം സഹായിച്ചുവെന്നുമാണ് കണ്ടെത്തല്‍.
സംഭവത്തില്‍ എം ആര്‍ അജിത് കുമാറിന്റെ വിശദീകരണം തൃപ്തികരമല്ലെന്നും ആഭ്യന്തരവകുപ്പ് കണ്ടെത്തി. കേസ് ഡയറി തിരുത്താനും റഫര്‍ റിപ്പോര്‍ട്ട് തയ്യാറാക്കാനും ഉദ്യോഗസ്ഥര്‍ക്ക് മേല്‍ എം ആര്‍ അജിത്കുമാര്‍ ഇടപെടല്‍ നടത്തിയെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവ ദിവസം താന്‍ വയനാട് ചൂരല്‍മലയിലെ രക്ഷാപ്രവര്‍ത്തനങ്ങളുടെ ഭാഗമായിരുന്നെന്ന അജിത് കുമാറിന്റെ വിശദീകരണം തള്ളിക്കൊണ്ടാണ് നടപടി.
ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ടും ആഭ്യന്തര സെക്രട്ടറിയുടെ ശിപാര്‍ശയും പരിശോധിച്ച ശേഷം മുഖ്യമന്ത്രിയും ആഭ്യന്തരവകുപ്പും കര്‍ശനമായ നടപടി സ്വീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഈ മാസം 31ന് ഫയര്‍ഫോഴ്‌സ് മേധാവി വിരമിക്കുന്ന ഒഴിവിലേക്ക് ഡിജിപി പദവിയിലേക്ക് പരിഗണിക്കപ്പെടേണ്ടിയിരുന്ന സീനിയര്‍ ഉദ്യോഗസ്ഥനാണ് എം ആര്‍ അജിത്കുമാര്‍. ഇതിനിടെയാണ് കനത്ത തിരിച്ചടിയായി സസ്‌പെന്‍ഷന്‍ നടപടി എത്തിയിരിക്കുന്നത്.
Content Highlights:
Kerala government has suspended ADGP MR Ajit Kumar based on a report by the State Police Chief. The investigation found he unlawfully interfered to sabotage the Alappuzha rescue case. Action was approved by Chief Minister after rejecting Ajit Kumar’s explanation regarding his Wayanad deployment.


