Uae
അഞ്ച് ഇൻഷ്വറൻസ് ബ്രോക്കറേജ് കമ്പനികൾക്കെതിരെ നടപടി
കള്ളപ്പണം വെളുപ്പിക്കലിനെതിരായ കർശനമായ ചട്ടക്കൂട് പാലിക്കുന്നതിൽ വീഴ്ച വരുത്തിയതാണ് ഈ കമ്പനികൾക്കെതിരായ നടപടികൾക്ക് കാരണം.

അബൂദബി| അഞ്ച് ഇൻഷ്വറൻസ് ബ്രോക്കറേജ് കമ്പനികൾക്ക് യു എ ഇ സെൻട്രൽ ബേങ്ക് സാമ്പത്തികവും ഭരണപരവുമായ പിഴകൾ ചുമത്തി. കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദത്തിനും നിയമവിരുദ്ധ സംഘടനകൾക്കുമുള്ള ധനസഹായം എന്നിവ തടയുന്നതിനുള്ള നിയമങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതാണ് ശിക്ഷാ നടപടികൾക്ക് കാരണം. രണ്ട് കമ്പനികൾക്ക് സാമ്പത്തിക പിഴ ചുമത്തിയപ്പോൾ, മറ്റ് മൂന്ന് കമ്പനികൾക്ക് ഔദ്യോഗിക മുന്നറിയിപ്പുകൾ നൽകി. കള്ളപ്പണം വെളുപ്പിക്കലിനെതിരായ കർശനമായ ചട്ടക്കൂട് പാലിക്കുന്നതിൽ വീഴ്ച വരുത്തിയതാണ് ഈ കമ്പനികൾക്കെതിരായ നടപടികൾക്ക് കാരണം.
യു എ ഇയിലെ ഇൻഷ്വറൻസ് മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് സെൻട്രൽ ബേങ്ക് വ്യക്തമാക്കി. രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയുടെ സുതാര്യതയും സമഗ്രതയും ഉറപ്പാക്കാനും ഇൻഷ്വറൻസ് ബ്രോക്കറേജ് കമ്പനികളും അവരുടെ ജീവനക്കാരും നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും തുടർച്ചയായ മേൽനോട്ടവും നിയന്ത്രണ പ്രവർത്തനങ്ങളും നടത്തുന്നുവെന്നും അധികൃതർ വ്യക്തമാക്കി.