Connect with us

Kerala

മന്ത്രി വീണാ ജോര്‍ജിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ട സി പി എം നേതാക്കള്‍ക്കെതിരെ നടപടി

ഇരവിപേരൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡൻ്റുമായ എന്‍ രാജീവിനെ തരംതാഴ്ത്തി; ഇലന്തൂർ ലോക്കല്‍ കമ്മിറ്റിയംഗം പി ജെ ജോണ്‍സനെ സസ്‌പെന്‍ഡ് ചെയ്തു

Published

|

Last Updated

പത്തനംതിട്ട | മന്ത്രി വീണാ ജോര്‍ജിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ടെന്ന പേരില്‍ ജില്ലയിലെ  രണ്ട് സി പി എം നേതാക്കള്‍ക്കെതിരെ നടപടി. സി ഡബ്ല്യു സി മുന്‍ ചെയര്‍മാനും ഇരവിപേരൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡൻ്റുമായ എന്‍ രാജീവിനെ സി പി എമ്മില്‍ നിന്ന്  തരംതാഴ്ത്തി. ഇലന്തൂർ ലോക്കല്‍ കമ്മിറ്റിയംഗം പി ജെ ജോണ്‍സനെ സി പി എം സസ്‌പെന്‍ഡ് ചെയ്തു. കോട്ടയം മെഡിക്കല്‍ കോളജിലെ കെട്ടിടം തകര്‍ന്നതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ഇരുവരും ഫേസ്ബുക്ക് പോസ്റ്റിട്ടത്.

ജോണ്‍സണ്‍ മന്ത്രിയെ നേരിട്ടുവിമര്‍ശിച്ചപ്പോള്‍ രാജീവിൻ്റെ പോസ്റ്റില്‍ മന്ത്രിയെ പേരെടുത്തു പരാമര്‍ശിച്ചിരുന്നില്ല. പിന്നീട് പിന്‍വലിക്കുകയും ചെയ്തു. ഇരവിപേരൂര്‍ ഏരിയാ കമ്മിറ്റി അംഗമായ എന്‍ രാജീവിനെതിരെ  ബുധനാഴ്ച ചേര്‍ന്ന ഏരിയാ കമ്മിറ്റിയാണ് തരംതാഴ്ത്തല്‍ നടപടി സ്വീകരിച്ചത്. വള്ളംകുളം ലോക്കല്‍ കമ്മിറ്റി അംഗമായാണ് തരംതാഴ്ത്തിയിരിക്കുന്നത്.

ആകെയുള്ള 21 ഏരിയാ കമ്മിറ്റി അംഗങ്ങളില്‍ 19 പേര്‍ പങ്കെടുത്തിരുന്നു. രാജീവ് ഉള്‍പ്പെടെ ഏഴുപേര്‍ നടപടിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചു. മുന്‍ ഏരിയാ സെക്രട്ടറി ഉള്‍പ്പെടെ രണ്ട് പേര്‍ മാത്രമാണ് നടപടിവേണമെന്ന നിലപാടില്‍ ഉറച്ചുനിന്നത്. ബാക്കിയുള്ളവര്‍ തങ്ങള്‍ക്ക് അഭിപ്രായമില്ലെന്ന രീതിയില്‍ മൗനം പാലിക്കുകയായിരുന്നു. ഇരുവര്‍ക്കുമെതിരെയുള്ള നടപടി ആവശ്യം സി പി എം ജില്ലാ സെക്രട്ടേറിയറ്റും ജില്ലാ കമ്മിറ്റിയും പരിഗണിച്ച് കീഴ്ഘടകങ്ങളിലേക്കു വിടുകയായിരുന്നു.

സി ഡബ്ല്യു സി ജില്ലാ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് രാജീവിനെ മാറ്റി ദിവസങ്ങള്‍ക്കുള്ളിലാണ് ഫേസ്ബുക്ക് പോസ്റ്റ് വന്നത്. മന്ത്രി വീണാ ജോര്‍ജിന്റെ ചുമതലയിലുള്ള വനിതാ ശിശുക്ഷേമ വകുപ്പിനു കീഴിലാണ് സി ഡബ്ല്യു സി. അഭിഭാഷകന്‍ പ്രതിയായ പോക്‌സോ കേസ് അട്ടിമറിക്കാന്‍ കൂട്ടുനിന്നുവെന്ന ഗുരുതര ആരോപണം ഉയര്‍ത്തിയാണ് ചെയര്‍മാന്‍ സ്ഥാനത്തു നിന്നു രാജീവിനെ മാറ്റിനിര്‍ത്തിയത്. ഇതുമായി ബന്ധപ്പെട്ട് പോലീസ് റിപോര്‍ട്ടും ഉണ്ടായി. സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുള്ളതായും ആരോപണമുണ്ട്.

ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട വിഷയത്തില്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടതനുസരിച്ച് താന്‍ രേഖാമൂലം വിശദീകരണം നല്കിയിട്ടുണ്ടെന്നും അത് പരിഗണിക്കാതെയുള്ള നടപടിയാണെന്നും വികാരഭരിതനായി തന്നെ രാജീവ് യോഗത്തില്‍ പറഞ്ഞതായാണ് സൂചന. വിശദീകരിക്കാന്‍ അവസരം നല്‍കുന്നില്ലെങ്കില്‍ പൊതുമധ്യത്തില്‍ പലതും വിളിച്ചു പറയേണ്ടിവരുമെന്നും അദ്ദേഹം പാര്‍ട്ടി യോഗത്തെ അറിയിച്ചു. എന്തുനടപടി സ്വീകരിച്ചാലും കമ്യൂണിസ്റ്റുകാരനായി തന്നെ താന്‍ പൊതുസമൂഹത്തില്‍ ഉണ്ടാകുമെന്നും രാജീവ് പറഞ്ഞു.

ഷിജു പി കുരുവിളയാണ് അധ്യക്ഷത വഹിച്ചത്. പാര്‍ട്ടി സംസ്ഥാന കമ്മറ്റി അംഗം കെ പി ഉദയഭാനു, ജില്ലാ സെക്രട്ടറി രാജു എബ്രഹാം, ജില്ലാസെക്രട്ടേറിയറ്റംഗം  പി ബി ഹര്‍ഷകുമാര്‍ എന്നിവര്‍ പങ്കെടുത്തു. രാജ്യത്തെ മികച്ച ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എന്ന പ്രധാനമന്ത്രിയുടെ പ്രത്യേക അവാര്‍ഡ് ഇരവിപേരൂര്‍ പ്രസിഡൻ്റായിരിക്കെ എന്‍ രാജീവിന് ലഭിച്ചിട്ടുണ്ട്. ഒരു പ്രാദേശിക സര്‍ക്കാരിന്റെ വിജയഗാഥ ഇരവിപേരൂരില്‍’ എന്ന പ്രോജക്ടിനാണ് പ്രധാനമന്ത്രിയില്‍ നിന്ന് പൊതുഭരണ അവാര്‍ഡ് ഡല്‍ഹിയില്‍ വെച്ചു നല്കിയത്. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിവന്നിരുന്ന പുരസ്‌കാരം ഒരു ഗ്രാമപഞ്ചായത്ത് അധ്യക്ഷനെ തേടി എത്തുന്നത് ആദ്യമായിട്ടായിരുന്നു. കേരളത്തില്‍ നിന്ന് ഇതിനു മുമ്പ് ഈ അവാര്‍ഡിന് അര്‍ഹനായത് മുതിര്‍ന്ന ഐ എ എസ് ഉദ്യോഗസ്ഥനായ എസ് എം വിജയാനന്ദനാണ്.

ഇലന്തൂര്‍ ലോക്കല്‍ കമ്മിറ്റിയംഗമായിരുന്ന പി ജെ  ജോണ്‍സണ്‍ എം ജി സര്‍വകലാശാല മുന്‍ ചെയര്‍മാനും ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറിയുമായിരുന്നു. വീണാ ജോര്‍ജിനെ പേരെടുത്തു വിമര്‍ശിച്ച് ജോണ്‍സന്റെ ഫേസ്ബുക്ക് പോസ്റ്റ് സംബന്ധിച്ചാണ് നടപടി. ഏരിയാ കമ്മിറ്റിയുടെ അംഗീകാരത്തോടെയാണ് സസ്‌പെന്‍ഷന്‍ നടപടി.

Latest