Connect with us

Editorial

ക്വാറി സമരം അവസാനിപ്പിക്കാന്‍ നടപടി വേണം

സമരം കൂടുതല്‍ ശക്തമാക്കാനും അടുത്ത മാസാദ്യം സെക്രട്ടേറിയറ്റ് മാര്‍ച്ച് അടക്കമുള്ള സമര പരിപാടികളിലേക്ക് കടക്കാനുമാണ് ക്വാറി ഉടമകളുടെ തീരുമാനം. നിര്‍മാണ മേഖലയെ ഒട്ടാകെ ബാധിക്കുന്ന ഈ സമരം അവസാനിപ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ ഉടനടി നടപടി സ്വീകരിക്കേണ്ടതുണ്ട്.

Published

|

Last Updated

പത്ത് ദിവസമായി സംസ്ഥാനത്തെ ക്വാറികളും ക്രഷറുകളും സ്തംഭനാവസ്ഥയിലാണ്. ക്വാറികളുടെ സെക്യൂരിറ്റി ഫീസും ഖനനം ചെയ്യുന്ന പാറക്ക് ഈടാക്കുന്ന റോയല്‍റ്റിയും ഉയര്‍ത്തുകയും വെയ്റ്റ് ബ്രിഡ്ജ് നിര്‍ബന്ധമാക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ച് സമരത്തിലാണ് ക്വാറി ഉടമകള്‍. പട്ടയ ഭൂമിയിലെ ഖനനത്തിന് നിയമ സാധുത നല്‍കുക, സര്‍ക്കാര്‍ ഭൂമിയിലെ ഖനനാനുമതി പുനഃസ്ഥാപിക്കുക, ദൂരപരിധി പ്രശ്‌നത്തില്‍ നിലവിലുള്ള മാനദണ്ഡങ്ങള്‍ നിലനിര്‍ത്തുക എന്നീ ആവശ്യങ്ങള്‍ കൂടി ഉന്നയിച്ചാണ് സമരം. വീടുകളുമായി ക്വാറികള്‍ക്കുണ്ടാകേണ്ട ദൂരപരിധി നിലവില്‍ 50 മീറ്ററാണ്. എന്നാല്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ നിര്‍ദേശ പ്രകാരം 150 മീറ്റര്‍ ദൂരപരിധി വേണം. വിദഗ്ധ സമിതിയുടെ നിര്‍ദേശമനുസരിച്ച് ദൂരപരിധി കൂട്ടിയാല്‍ 90 ശതമാനം ക്വാറികള്‍ക്കും പ്രവര്‍ത്തിക്കാനാകില്ലെന്നാണ് ക്വാറി ഉടമകള്‍ പറയുന്നത്.

വന്‍ വര്‍ധനവാണ് സെക്യൂരിറ്റി ഫീസിലും ഖനനം ചെയ്യുന്ന പാറക്ക് ഈടാക്കുന്ന റോയല്‍റ്റിയിലും ഏപ്രില്‍ ഒന്നാം തീയതി മുതല്‍ സര്‍ക്കാര്‍ വരുത്തിയതെന്നാണ് ക്വാറി ഉടമാ സംഘം ഭാരവാഹികള്‍ പറയുന്നത്. റോയല്‍റ്റി തുക ഇരട്ടിയായി വര്‍ധിപ്പിച്ചു. സെക്യൂരിറ്റി ഫീസ് ഒരു ലക്ഷം രൂപയില്‍ നിന്ന് അഞ്ച് ലക്ഷം രൂപയായും പാട്ടനിയമം ലംഘിച്ചാലുള്ള പിഴ 25,000 രൂപയില്‍ നിന്ന് അഞ്ച് ലക്ഷമായും ഉയര്‍ത്തി. അമിത ഖനനത്തിന്റെ റോയല്‍റ്റിയില്‍ 333 ശതമാനമാണ് വര്‍ധന. ഒരു ടണ്ണിന് 72 രൂപയില്‍ നിന്ന് 240 രൂപയായാണ് വര്‍ധിപ്പിച്ചത്. ക്രഷര്‍ ഡീലര്‍ വിലയില്‍ ക്യൂബിക് അടിക്കുള്ള ഫീസില്‍ 100 ശതമാനമാണ് വര്‍ധന. പെര്‍മിറ്റ് കാലാവധി മൂന്ന് വര്‍ഷമായി കുറച്ചു. ക്വാറികളില്‍ വെയ്റ്റ് ബ്രിഡ്ജ് നിര്‍ബന്ധമാക്കുകയും ചെയ്തു. ഓരോ ലോഡിന്റെയും തൂക്കം അറിയുന്നതിന്റെ ഭാഗമായാണ് വെയ്റ്റ് ബ്രിഡ്ജ് സ്ഥാപിക്കുന്നത്. കൂടിയാലോചനയോ ചര്‍ച്ചയോ കൂടാതെ സര്‍ക്കാര്‍ ഏകപക്ഷീയമായി നടപ്പാക്കിയ പുതിയ നിയമങ്ങള്‍ അംഗീകരിക്കാനാകില്ലെന്നാണ് ക്വാറി ഉടമകളുടെ നിലപാട്.

അടിസ്ഥാനരഹിതമാണ് ക്വാറി ഉടമകളുടെ ഈ ആരോപണങ്ങളെന്നാണ് ഖനന, വ്യവസായ മന്ത്രി പി രാജു പറയുന്നത്. റോയല്‍റ്റി തുകയില്‍ കാലാനുസൃതമായ ചെറിയ തുക മാത്രമാണ് വര്‍ധിപ്പിച്ചത്. കര്‍ണാടകയില്‍ മെട്രിക് ടണ്ണിന് 100 രൂപ ഈടാക്കുമ്പോള്‍ കേരളത്തില്‍ ചട്ടഭേദഗതിക്കു ശേഷവും 48 രൂപയേ ഈടാക്കുന്നുള്ളൂ. റോയല്‍റ്റിയിലും ഡീലേഴ്‌സ് ലൈസന്‍സ് ഫീ ഇനത്തിലുമായി എം-സാന്‍ഡിന് 2.83 രൂപയും മെറ്റലിന് 2.56 രൂപയും മാത്രമാണ് വര്‍ധന. ക്വാറി ഇനങ്ങള്‍ക്ക് കേന്ദ്ര നിയമമനുസരിച്ച് മൂന്ന് വര്‍ഷം കൂടുമ്പോള്‍ വില വര്‍ധിക്കേണ്ടതുണ്ടെങ്കിലും 2015ന് ശേഷം ഇപ്പോഴാണ് കേരളം ചുരുങ്ങിയ വര്‍ധന വരുത്തിയതെന്നും മന്ത്രി പറഞ്ഞു. പിഴ സംഖ്യ വര്‍ധിപ്പിച്ചതിനെയും മന്ത്രി ന്യായീകരിക്കുന്നു. പിഴയും ശിക്ഷയും കുറവായതിനാലാണ് ക്വാറി മേഖലയില്‍ നിയമ ലംഘനങ്ങള്‍ വര്‍ധിക്കുന്നത്. അതൊഴിവാക്കാനാണ് പിഴ സംഖ്യ ഉയര്‍ത്തിയത്. നിയമപരമായി ക്വാറി നടത്തുന്നവര്‍ക്ക് ഇതൊരു പ്രശ്‌നമല്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. തുടര്‍ച്ചയായി ക്വാറികള്‍ അടച്ചിടാനാണ് ഭാവമെങ്കില്‍ ക്വാറികളുടെ പെര്‍മിറ്റിന്റെയും ലീസിന്റെയും കാര്യത്തില്‍ നിയമപരമായി എന്ത് ചെയ്യാനാകുമെന്ന് സര്‍ക്കാര്‍ ആലോചിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.

ഈ മാസം ഒന്ന് മുതല്‍ മെറ്റല്‍, പാറപ്പൊടി, എം-സാന്‍ഡ് തുടങ്ങിയ ഉത്പന്നങ്ങളുടെ വില ക്രഷര്‍, ക്വാറി ഉടമകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ഒരടി മെറ്റലിന് 10 രൂപയാണ് കൂട്ടിയത്. 150 അടിയുടെ ലോഡിന് 1,500 രൂപയും 600 അടിയുടെ ലോഡിന് 6,000 രൂപയും കൂടി. ഒരടി എം-സാന്‍ഡിന് 10 മുതല്‍ 15 രൂപ വരെ കൂടിയപ്പോള്‍ പീസ് സാന്‍ഡിന് വര്‍ധിച്ചത് 15 മുതല്‍ 18 രൂപ വരെയാണ്. കരിഞ്ചന്തയില്‍ 100 രൂപ വരെ വര്‍ധന അനുഭവപ്പെടുന്നു. ഇത്രയും വര്‍ധന വരുത്തിയ ശേഷവും ക്വാറി ഉടമകള്‍ സമരത്തിലേക്കിറങ്ങിയത് ന്യായീകരിക്കാനാകില്ലെന്നാണ് സര്‍ക്കാറിന്റെയും കരാറുകാരുടെയും പക്ഷം.

ക്വാറി, ക്രഷര്‍ സമരത്തെ തുടര്‍ന്ന് നിര്‍മാണ മേഖല സ്തംഭനത്തിലാണ്. റോഡ്, പാലം, ഷോപ്പിംഗ് കോംപ്ലക്‌സ്, വീട് നിര്‍മാണങ്ങളെല്ലാം മുടങ്ങി. ലൈഫ് പദ്ധതി ഉള്‍പ്പെടെ ഭവന നിര്‍മാണ മേഖലയെയാണ് സമരം ഏറ്റവും കൂടുതല്‍ ബാധിച്ചത്. നിര്‍മാണ മേഖലയിലെ വേനല്‍ക്കാല പ്രവൃത്തികള്‍ അവസാന ഘട്ടത്തിലേക്ക് കടക്കുന്ന സമയമാണിത്. ത്രിതല പഞ്ചായത്ത് സംവിധാനത്തിന്റെ ഫണ്ട് ഉപയോഗിച്ച് പലയിടങ്ങളിലും പാലം, കുളം, കിണര്‍ നിര്‍മാണങ്ങള്‍ നടന്നു വരികയാണ്. പാറയും മണലും മെറ്റലും കിട്ടാതായാല്‍ നിശ്ചിത സമയത്ത് കരാര്‍ ജോലികള്‍ തീര്‍ക്കാനാകില്ല. സ്വന്തമായി ക്വാറിയുള്ളവരോ ലീസിനെടുത്തവരോ ആയ കരാറുകാരെയും അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് പാറ ഉത്പന്നങ്ങള്‍ ഇറക്കുന്ന വന്‍കിട കരാറുകാരെയും സമരം സാരമായി ബാധിച്ചിട്ടില്ലെങ്കിലും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് നിര്‍മാണ സാമഗ്രികളുമായി വരുന്ന ട്രക്കുകള്‍ തടയാനുള്ള തീരുമാനത്തിലാണ് സമരക്കാര്‍. ഇതോടെ സമരം വന്‍കിടക്കാരെയും ബാധിക്കും. അതിഥി തൊഴിലാളികള്‍ ഉള്‍പ്പെടെ ക്വാറി, ക്രഷര്‍ മേഖലയിലും നിര്‍മാണ മേഖലയിലും പണിയെടുക്കുന്ന പതിനായിരക്കണക്കിന് തൊഴിലാളികളുണ്ട് സംസ്ഥാനത്ത്. സമരം അവരെയും ബാധിച്ചിട്ടുണ്ട്. സമരം അനിശ്ചിതമായി നീളുന്ന സാഹചര്യത്തില്‍ ഈ മേഖലയെ ആശ്രയിച്ചു കഴിഞ്ഞിരുന്ന അതിഥി തൊഴിലാളികളില്‍ പലരും നാട്ടിലേക്ക് മടങ്ങിക്കൊണ്ടിരിക്കുകയാണ്.

ഈ മാസം 17ന് ആരംഭിച്ച സമരം അവസാനിപ്പിക്കാന്‍ ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്ന് നീക്കങ്ങളൊന്നും കാണുന്നില്ല. അടച്ചിടുന്ന ക്വാറികള്‍ക്കും ക്രഷറുകള്‍ക്കുമെതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രി രാജീവ് മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും അത് പ്രഖ്യാപനത്തിലൊതുങ്ങി. ചില ജില്ലകളില്‍ കലക്ടര്‍മാര്‍ ക്വാറി ഉടമകളുടെ സംഘടനകളുമായി ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഫലവത്തായതുമില്ല. സമരം കൂടുതല്‍ ശക്തമാക്കാനും അടുത്ത മാസാദ്യം സെക്രട്ടേറിയറ്റ് മാര്‍ച്ച് അടക്കമുള്ള സമര പരിപാടികളിലേക്ക് കടക്കാനുമാണ് ക്വാറി ഉടമകളുടെ തീരുമാനം. നിര്‍മാണ മേഖലയെ ഒട്ടാകെ ബാധിക്കുന്ന ഈ സമരം അവസാനിപ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ ഉടനടി നടപടി സ്വീകരിക്കേണ്ടതുണ്ട്.

Latest