From the print
വിപ്ലവ നായകന്റെ ഓര്‍മകളുമായി അച്യുതാനന്ദനി പൂവണിയും
പശ്ചിമ ഘട്ട സംരക്ഷണത്തിനായി, പ്രത്യേകിച്ച് മൂന്നാറിലെ മതികെട്ടാന്‍ ചോലയെ ദേശീയോദ്യാനമായി പ്രഖ്യാപിക്കുന്നതിലടക്കം വി എസ് കാണിച്ച ഇച്ഛാശക്തിക്കുള്ള ആദരവായാണ് ഒരു സംഘം മലയാളി ഗവേഷകര്‍ തങ്ങള്‍ കണ്ടെത്തിയ പുതിയ ഇനം കാശിത്തുമ്പക്ക് അദ്ദേഹത്തിന്റെ പേര് നല്‍കിയത്.

തൃശൂര്‍ | വി എസ് ഓര്‍മയാകുമ്പോള്‍ അദ്ദേഹത്തിന്റെ പേര് ജനഹൃദയങ്ങളിലെന്ന പോലെ ശാസ്ത്രലോകത്തും അനശ്വരമായി മാറുകയാണ്. പശ്ചിമ ഘട്ട സംരക്ഷണത്തിനായി, പ്രത്യേകിച്ച് മൂന്നാറിലെ മതികെട്ടാന്‍ ചോലയെ ദേശീയോദ്യാനമായി പ്രഖ്യാപിക്കുന്നതിലടക്കം വി എസ് കാണിച്ച ഇച്ഛാശക്തിക്കുള്ള ആദരവായാണ് ഒരു സംഘം മലയാളി ഗവേഷകര്‍ തങ്ങള്‍ കണ്ടെത്തിയ പുതിയ ഇനം കാശിത്തുമ്പക്ക് അദ്ദേഹത്തിന്റെ പേര് നല്‍കിയത്. ഇമ്പേഷ്യന്‍സ് അച്യുതാനന്ദനി എന്നാണ് പുതിയ ഇനത്തിന് പേര് നല്‍കിയിരിക്കുന്നത്.
തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിലെ ബോട്ടണി വിഭാഗം ഗവേഷണ കേന്ദ്രത്തിലെ സിന്ധു ആര്യ, ഡോ. വി എസ് അനില്‍കുമാര്‍, പാലോട് ജവഹര്‍ലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്ലാന്റ് ജനറ്റിക് റിസോഴ്സ് വിഭാഗത്തിലെ എം ജി ഗോവിന്ദ്, പാലക്കാട് ഗവ. വിക്ടോറിയ കോളജിലെ ബോട്ടണി വിഭാഗത്തിലെ ഡോ. വി സുരേഷ്, തിരുവനന്തപുരം റീജ്യനല്‍ ക്യാന്‍സര്‍ സെന്ററിലെ ലബോറട്ടറി ഓഫ് ഇമ്മ്യൂണോഫാര്‍മക്കോളജി ആന്‍ഡ് എക്സ്പരിമെന്റല്‍ തെറാപ്യൂട്ടിക്സിലെ ഡബ്ല്യൂ കെ വിഷ്ണു എന്നിവര്‍ ചേര്‍ന്ന് 2021ല്‍ അന്താരാഷ്ട്ര സസ്യശാസ്ത്ര ജേണലായ ‘ഫൈറ്റോകീസ്’ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ സസ്യത്തെ ലോകത്തിന് പരിചയപ്പെടുത്തിയത്.
തിരുവനന്തപുരം ജില്ലയിലെ കല്ലാര്‍ വനമേഖലയില്‍ സമുദ്രനിരപ്പില്‍ നിന്ന് 1,200 മീറ്ററിലധികം ഉയരത്തിലുള്ള നീര്‍ച്ചോലകള്‍ക്കരികിലാണ് ഈ സസ്യത്തെ കണ്ടെത്തിയത്. വെള്ളയില്‍ ക്രീം നിറം കലര്‍ന്ന ഇതളുകളും പൂവിനകത്ത് മഞ്ഞ പൊട്ടുമുള്ള അതിമനോഹരമായ കുഞ്ഞന്‍ ചെടിയാണിത്. പ്രകൃതിക്കു വേണ്ടി നിലകൊണ്ട ഒരു ഭരണാധികാരിയുടെ ഓര്‍മകള്‍ക്ക് അതേ പ്രകൃതിയില്‍ നിന്ന് ഒരു പൂവിന്റെ നാമം നല്‍കപ്പെട്ടതിനെക്കാള്‍ മികച്ചൊരു സ്മാരകം വേറെയില്ല. ഒരു നേതാവിന്റെ ഓര്‍മ കേവലം ശിലാഫലകങ്ങളില്‍ ഒതുങ്ങേണ്ടതല്ല, മറിച്ച് അദ്ദേഹം സംരക്ഷിക്കാന്‍ പടപൊരുതിയ ഈ മണ്ണിലെ ഒരു തുടിപ്പായി, ഒരു പൂവായി അത് നിലനില്‍ക്കണമെന്ന സന്ദേശം കൂടിയാണ് നാമകരണത്തിന് പിന്നിലെന്ന് ഗവേഷകര്‍ പറയുന്നു.