Connect with us

Kerala

കള്ളപ്പണ ഇടപാട് നടത്തിയെന്ന ആരോപണം; നടന്‍ സൗബിന്‍ ഷാഹിറിന്റെ വീട്ടില്‍ വീണ്ടും റെയ്ഡ്

24 മണിക്കൂറിനിടെ ഇത് രണ്ടാം തവണയാണ് പരിശോധന.

Published

|

Last Updated

കൊച്ചി | നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് നടന്‍ സൗബിന്‍ ഷാഹിറിന്റെ കൊച്ചി കലൂരിലെ വീട്ടില്‍ വീണ്ടും ആദായ നികുതി വകുപ്പ് പരിശോധന. 24 മണിക്കൂറിനിടെ ഇത് രണ്ടാം തവണയാണ് സൗബിന്റെ വീട്ടില്‍ പരിശോധന നടത്തുന്നത്. ഇന്നലെയും ഇവിടെ പരിശോധന നടത്തിയിരുന്നു. 14 മണിക്കൂര്‍ നീണ്ട പരിശോധനയില്‍ 60 കോടി രൂപയുടെ വെട്ടിപ്പ് കണ്ടെത്തിയിരുന്നു.

പറവ ഫിലിംസ് ഓഫീസായി ഉപയോഗിക്കുന്ന വീട്ടില്‍ ഇന്നലെ വൈകിട്ടോടെയാണ് ആദ്യ പരിശോധന നടന്നത്. ഇതിനു പുറമെ, പുല്ലേപ്പടിയിലെ ഡ്രീം ബിഗ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഓഫീസ് ഉള്‍പ്പെടെയുള്ള ഇടങ്ങളിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ഇരു സിനിമാ നിര്‍മ്മാണ കമ്പനികളുടെയും സാമ്പത്തിക സ്രോതസ്സുകളെ കുറിച്ചാണ് പ്രധാനമായും പരിശോധിക്കുന്നതെന്ന് ആഭ്യന്തര നികുതി അന്വേഷണ വിഭാഗം അറിയിച്ചിരുന്നു.

60 കോടിയുടെ നികുതി വെട്ടിപ്പ് നടന്നതായി മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുടെ വരുമാനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് നടന്‍ സൗബിന്‍ ഷാഹിറിനെ വിളിപ്പിച്ച് വിശദീകരണം തേടുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു.

മഞ്ഞുമ്മല്‍ ബോയ്‌സ് 148 കോടിയിലേറെ രൂപ വരുമാനമുണ്ടാക്കിയിരുന്നു. എന്നാല്‍, ആദായ നികുതി ഇനത്തില്‍ നല്‍കേണ്ടിയിരുന്ന 44 കോടി രൂപ അടച്ചില്ല. സിനിമ നിര്‍മ്മിക്കുന്നതിന് ചെലവായി കാണിച്ച 32 കോടി രൂപ കള്ളക്കണക്കാണെന്നാണ് ആദായ നികുതി വകുപ്പ് പറയുന്നത്. നികുതി റിട്ടേണ്‍ സമര്‍പ്പിച്ചിരുന്നില്ലെന്നും വകുപ്പ് വ്യക്തമാക്കുന്നു.