local body election 2025
കരുവമ്പൊയില്‍ വെസ്റ്റിൽ കരുത്തനെ പിടിച്ചുകെട്ടാന്‍ കന്നിയങ്കത്തിന് അബുല്ലൈസ്
30 വര്‍ഷം പൂർത്തീകരിച്ച് വായോളി മുഹമ്മദ് ഏഴാം പോരാട്ടത്തിന്
കൊടുവള്ളി | കൊടുവള്ളി നഗരസഭയിലെ ശ്രദ്ധേയമായ പോരാട്ട വേദിയായി ഡിവിഷന്‍ 16 കരുവമ്പൊയില്‍ വെസ്റ്റ്. ഇവിടെ മത്സര രംഗത്തുള്ള എല്‍ ഡി എഫ് സ്ഥാനാർഥി വായോളി മുഹമ്മദിന് സവിശേഷതകള്‍ ഏറെ. തുടര്‍ച്ചയായി 30 വര്‍ഷം ജനപ്രതിനിധിയായിരുന്ന ഇദ്ദേഹം ഏഴാമത്തെ അങ്കത്തിനാണിപ്പോള്‍ കളത്തിലിറങ്ങിയിരിക്കുന്നത്. 1995ല്‍ 45ാമത്തെ വയസ്സില്‍ കന്നിയങ്കത്തി നിറങ്ങിയ ചൂലാംവയല്‍ മാക്കൂട്ടം എ യു പി സ്‌കൂള്‍ റിട്ട. അധ്യാപകനായ വായോളി മുഹമ്മദ് ഇതുവരെയും പരാജയമെന്തെന്നറിഞ്ഞിട്ടില്ല. അദ്ദേഹത്തെ പിടിച്ചുകെട്ടാന്‍ യു ഡി എഫ് കോണ്‍ഗ്രസ്സിലെ എ കെ അബൂല്ലൈസിനെയാണ് രംഗത്തിറക്കിയത്.
കൊടുവള്ളിയിലെ രാഷ്്ട്രീയ രംഗത്തെ ചാണക്യനെന്നറിയപ്പെടുന്ന വായോളി സൗത്ത് കൊടുവള്ളിയില്‍ നിന്ന് രണ്ട് തവണയും വെണ്ണക്കാട്, കരൂഞ്ഞി, കരുവമ്പൊയില്‍ ഈസ്റ്റ്, കരുവമ്പൊയില്‍ വെസ്റ്റ് എന്നീ വാര്‍ഡുകളില്‍ നിന്ന് ഓരോ തവണയും ജനവിധി തേടി ആറ് തവണ വെന്നിക്കൊടി പാറിച്ചത്. കേരള സെറാമിക്‌സ് ലിമിറ്റഡ് ചെയര്‍മാന്‍ സ്ഥാനം വഹിച്ചിരുന്ന ഇദ്ദേഹം കേരള മിനറല്‍ ഡവലപ്പ്‌മെന്റ് കോര്‍പറേഷന്‍ (കെംഡല്‍) ചെയര്‍മാനാണ്. സൗത്ത് കൊടുവള്ളി സ്വദേശിയായ 75 കാരന്‍ ഇരുപത്തിനാല് വര്‍ഷം കൊടുവള്ളി സര്‍വീസ് സഹകരണ ബേങ്ക് പ്രസിഡന്റായും 2005 മുതല്‍ 2010 വരെ കൊടുവള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മുമ്പ് ഗ്രാമപഞ്ചായത്തില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനായിരുന്നു. കഴിഞ്ഞ ഭരണ സമിതിയില്‍ കൊടുവള്ളി നഗരസഭയിൽ പ്രതിപക്ഷമായ എല്‍ ഡി എഫ് ലീഡറായിരുന്നു. കൊടുവള്ളിയില്‍ അഡ്വ. പി ടി എ റഹീം മുസ്്്‌ലിം ലീഗുമായി പിരിഞ്ഞ ശേഷം ഇടതുപക്ഷ സഹയാത്രികനായാണ് വായോളി പ്രവര്‍ത്തിച്ചുവരുന്നത്.
പൊതുപ്രവര്‍ത്തകനും പ്രവാസിയും ബിസിനസ്സുകാരനുമായ അബുല്ലൈസ് കൊടുവള്ളി സൗത്ത് മണ്ഡലം കോണ്‍ഗ്രസ്സ് ഉപാധ്യക്ഷനാണ്. മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ്് മുന്‍ ജനറല്‍ സെക്രട്ടറി കൂടിയായ 42 കാരനായ അബുല്ലൈസ് തന്റെ കന്നിയങ്കത്തിനാണ് പടക്കളത്തിലിറങ്ങിയത്. രാഷ്്ട്രീയ തന്ത്രജ്ഞനായ വായോളിയും നവാഗതനായ അബുല്ലൈസും തമ്മിലുള്ള മത്സരം ശ്രദ്ധേയമാകുകയാണ്.



