Connect with us

covid

കൊവിഡ് നിയന്ത്രണങ്ങളില്‍ പുതിയ ഇളവുകളുമായി അബൂദബി

കൊവിഡ് വ്യാപനത്തില്‍ വലിയ തോതില്‍ കുറവ് വന്നതിനെ തുടര്‍ന്നാണ് നടപടി.

Published

|

Last Updated

അബൂദബി | കൊവിഡ് നിയന്ത്രണങ്ങളില്‍ പുതിയ ഇളവുകള്‍ പ്രഖ്യാപിച്ച് അബൂദബി. വ്യാപാരസ്ഥാപനങ്ങളിലും വിനോദകേന്ദ്രങ്ങളിലെ ചടങ്ങുകളിലും ഇ ഡി എ, തെര്‍മല്‍ സ്‌കാനറുകള്‍ ഇനിമുതല്‍ ഉപയോഗിക്കേണ്ടതില്ലെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം ഷോപ്പിംഗ് മാളുകള്‍ അടക്കമുള്ള പ്രധാന പൊതു സ്ഥലങ്ങളില്‍ പ്രവേശിക്കുന്നതിന് അല്‍ഹോസന്‍ ആപ്പിലെ ഗ്രീന്‍ സ്റ്റാറ്റസ് അനിവാര്യമാണ്.

കൊവിഡ് വ്യാപനത്തില്‍ വലിയ തോതില്‍ കുറവ് വന്നതിനെ തുടര്‍ന്നാണ് നടപടി. കഴിഞ്ഞ വര്‍ഷം മുതലാണ് പ്രവേശനകവാടങ്ങളില്‍ വൈറസ് ബാധയുണ്ടോയെന്ന് പരിശോധിച്ചറിയുന്നതിന് മുഖം സ്‌കാന്‍ ചെയ്യുന്ന ഇ ഡി ഇ സ്‌കാനറുകള്‍ നിര്‍ബന്ധമാക്കിയത്. ശരീര താപനില കണ്ടെത്തുന്നതിനാണ് തെര്‍മല്‍ സ്‌കാനറുകള്‍ സ്ഥാപിച്ചത്.

ഗ്രീന്‍ പാസിന്റെ സാധുത 30 ദിവസമാക്കി വര്‍ധിപ്പിച്ചും ഐസൊലേഷന്‍ കാലാവധി അഞ്ചുദിവസമാക്കി കുറച്ചും അബൂദബിയില്‍ പ്രവേശിക്കുന്ന ക്രൂയിസ് ഷിപ്പുകളിലെ ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിന് ഗ്രീന്‍ പാസ് കാണിക്കേണ്ടതില്ലെന്ന തീരുമാനം പ്രഖ്യാപിച്ചും അബൂദബി കഴിഞ്ഞ മാസം ഒട്ടേറെ ഇളവുകള്‍ നല്‍കിയിരുന്നു. ക്രൂയിസ് ഷിപ്പുകള്‍ നല്‍കുന്ന കാര്‍ഡുകളോ റിസ്റ്റ് ബാന്‍ഡുകളോ കാണിച്ചാല്‍ മതിയെന്നാണ് അധികൃതര്‍ അറിയിച്ചിരുന്നത്.

Latest