Connect with us

National

ബിഹാര്‍ വോട്ടര്‍പ്പട്ടിക പരിഷ്‌കരണം: ആധാര്‍ പൗരത്വ രേഖയല്ല

പൗരത്വം തെളിയിക്കാനുള്ള ബാധ്യത വോട്ടര്‍മാരില്‍ അടിച്ചേല്‍പ്പിക്കരുതെന്ന് ഹരജിക്കാര്‍.

Published

|

Last Updated

ന്യൂഡല്‍ഹി | ആധാര്‍ പൗരത്വം നിര്‍ണയിക്കുന്നതിനുള്ള നിര്‍ണായക തെളിവല്ലെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം ശരിയാണെന്ന് സുപ്രീം കോടതി. ബിഹാറിലെ വോട്ടര്‍പ്പട്ടിക പരിഷ്‌കരണത്തിനെതിരെ സമര്‍പ്പിച്ച ഹരജികള്‍ പരിഗണിക്കുന്നതിനിടെ ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബഞ്ചാണ് ഇക്കാര്യം അഭിപ്രായപ്പെട്ടത്. ആധാര്‍ നമ്പര്‍ പൗരത്വത്തിന് തെളിവല്ലെന്ന് ആധാര്‍ നിയമം തന്നെ വ്യക്തമാക്കിയതിനാല്‍ അത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അവകാശവാദമല്ലെന്ന് ബഞ്ച് ചൂണ്ടികാട്ടി. പൗര•ാരെയും പൗര•ാരല്ലാത്തവരെയും വോട്ടര്‍പ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതും ഒഴിവാക്കുന്നതും തിരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരപരിധിയില്‍ വരുന്നതാണെന്നും ബഞ്ച് നിരീക്ഷിച്ചു. പ്രത്യേക പരിശോധനക്കായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നോട്ടുവെച്ച രേഖകള്‍ ബിഹാറിലെ ജനങ്ങളുടെ കൈവശമില്ലെന്ന വാദം അംഗീകരിക്കാനാകില്ലെന്നും ബഞ്ച് പറഞ്ഞു.

അതേസമയം, ബിഹാര്‍ വോട്ടര്‍പ്പട്ടിക തീവ്രപരിഷ്‌കരണം നിയമവിരുദ്ധമാണെന്നും പൗരത്വം തെളിയിക്കാനുള്ള ബാധ്യത വോട്ടര്‍മാരില്‍ അടിച്ചേല്‍പ്പിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരമില്ലെന്നും ഹരജിക്കാര്‍ വാദിച്ചു. കരട് വോട്ടര്‍പ്പട്ടികയില്‍ നിന്ന് ഏകദേശം 65 ലക്ഷം പേരെ നീക്കം ചെയ്തത് എതിര്‍പ്പ് കൂടാതെയാണെന്നും ഇത്് നിയമവിരുദ്ധമാണെന്നും ആര്‍ ജെ ഡി. എം പി മനോജ് കുമാര്‍ ഝാക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ പറഞ്ഞു. പട്ടികയില്‍ ഉള്‍പ്പെടുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അടിസ്ഥാനമാക്കിയ രേഖകള്‍ ബിഹാറിലെ ഭൂരിഭാഗം ജനങ്ങള്‍ക്കുമില്ല. ജനന സര്‍ട്ടിഫിക്കറ്റുകള്‍, മെട്രിക്കുലേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍, പാസ്സ്പോര്‍ട്ട് തുടങ്ങിയ രേഖകള്‍ കുറച്ചു പേരുടെ കൈവശം മാത്രമാണുള്ളത്. മിക്ക ആളുകള്‍ക്കുമുള്ള ആധാര്‍, റേഷന്‍ കാര്‍ഡുകള്‍ എന്നിവ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിക്കുന്നില്ലെന്നും സിബല്‍ പറഞ്ഞു.

എന്നാല്‍, 2003ലെ വോട്ടര്‍പ്പട്ടികയില്‍ ഉള്‍പ്പെട്ട വ്യക്തികളും അവരുടെ കുട്ടികളും ഒരു ഫോമും സമര്‍പ്പിക്കേണ്ടതില്ലെന്നും ഏകദേശം 6.5 കോടി വോട്ടര്‍മാരും ഈ വിഭാഗത്തില്‍ വരുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാകേഷ് ദ്വിവേദി വ്യക്തമാക്കി. 2003ലെ പട്ടികയിലുണ്ടായിരുന്നവര്‍ രേഖകള്‍ സമര്‍പ്പിക്കേണ്ടതില്ലെങ്കിലും എണ്ണല്‍ ഫോമുകള്‍ സമര്‍പ്പിക്കേണ്ടതുണ്ടെന്ന് സിബല്‍ പറഞ്ഞു. ഫോമുകള്‍ നല്‍കാത്തവര്‍ 2003ലെ പട്ടികയിലുള്ളവരാണെങ്കിലും ഒഴിവാക്കപ്പെടുമെന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി.

കരട് പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ വിവരങ്ങളടങ്ങിയ പട്ടിക കമ്മീഷന്‍ പ്രസിദ്ധീകരിച്ചിട്ടില്ലെന്നും മരിച്ചവരോ കുടിയേറ്റക്കാരോ ആരാണെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും അസ്സോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. നീക്കം ചെയ്യാനുള്ള കാരണങ്ങളും നല്‍കിയിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കരട് വോട്ടര്‍പ്പട്ടികയും ഒഴിവാക്കപ്പെട്ട വ്യക്തികളുടെ പട്ടികയും പാര്‍ട്ടികളുടെ ബൂത്ത് ലെവല്‍ ഏജന്റുമാരുമായി പങ്കിട്ടിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടിയായി പറഞ്ഞു. വെബ്‌സൈറ്റിലെ കരട് പട്ടിക തിരയാന്‍ കഴിയാത്ത രീതിയിലാണെന്ന് ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി.

പൗരത്വമില്ലായ്മയുടെ പേരില്‍ വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യുന്നത് ഉചിതമായ പ്രക്രിയയിലൂടെയായിരിക്കണമെന്നും നിയമസഭാ തിരഞ്ഞെടുപ്പിന് നാല് മാസം മുമ്പ് മാത്രം ഇത് സാധ്യമല്ലെന്നും മുതിര്‍ന്ന അഭിഭാഷകന്‍ ഡോ. അഭിഷേക് മനു സിംഗ്വി വാദിച്ചു. പട്ടിക പരിഷ്‌കരിക്കുന്നതിനുള്ള രീതിശാസ്ത്രത്തിന്റെ മറവില്‍ പൗരത്വം തെളിയിക്കാനുള്ള ബാധ്യത കൊണ്ടുവരികയാണ്. പൗരത്വത്തെക്കുറിച്ച് എന്തെങ്കിലും സംശയമുണ്ടെങ്കില്‍, വിദേശി നിയമപ്രകാരം നിര്‍ദേശിക്കപ്പെട്ടിട്ടുള്ള നടപടിക്രമമുണ്ടെന്നും സിംഗ്വി വാദിച്ചു. വാദം കേള്‍ക്കല്‍ ഇന്നും തുടരും.

പൗരത്വത്തിന് പരിഗണിക്കില്ല
ആധാര്‍, പാന്‍ കാര്‍ഡ്, വോട്ടര്‍ ഐ ഡി എന്നിവ പൗരത്വം തെളിയിക്കുന്നതിനുള്ള രേഖയല്ലെന്ന് ബോംബെ ഹൈക്കോടതി. പൗരന്‍മാരെ നിര്‍ണയിക്കുന്നതും പൗരത്വം എങ്ങനെ നേടാമെന്ന് തീരുമാനിക്കുന്നതും 1955ലെ പൗരത്വ നിയമ പ്രകാരമാണെന്ന് കോടതി പറഞ്ഞു. ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയിലേക്ക് അനധികൃതമായി കുടിയേറിയെന്ന് ആരോപണമുള്ള ബാബു അബ്ദുല്‍ റഊഫ് സര്‍ദാര്‍ എന്നയാള്‍ക്ക് ജാമ്യം നിഷേധിച്ചുകൊണ്ടുള്ള വിധിയിലാണ് ജസ്റ്റിസ് അമിത് ബോര്‍കര്‍ അധ്യക്ഷനായ ബഞ്ചിന്റെ പ്രസ്താവന.

 

---- facebook comment plugin here -----

Latest