Ongoing News
സുഹൃത്തിൻ്റെ തല ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചുപൊട്ടിച്ച യുവാവ് അറസ്റ്റിൽ
ഫുടബോൾ കാണുന്നതിനിടെ കൂട്ടിക്കൊണ്ടുപോയി ആക്രമിക്കുകയായിരുന്നു

മല്ലപ്പള്ളി| യുവാവിൻ്റെ തല ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചുപൊട്ടിച്ച സുഹൃത്തിനെ വധശ്രമകേസില്‍ പോലിസ് അറസ്റ്റ് ചെയ്തു. കല്ലൂപ്പാറ പുതുശ്ശേരി പിണക്കുളത്ത് വീട്ടില്‍ വിനീത് എന്ന ജോ വര്‍ഗീസ് (32) ആണ് കീഴ് വായ്പൂര്‍ പോലിസിൻ്റെ പിടിയിലായത്.
ക്രിക്കറ്റ് ബാറ്റ് കൊണ്ടുള്ള അടിയില്‍ മാരകമായി പരിക്കേറ്റ കല്ലൂപ്പാറ ചെങ്ങരൂര്‍ അടവിക്കമല കൊച്ചുപറമ്പില്‍ ശരത് കൃഷ്ണ(32)നും ഇയാളും അടുത്ത സുഹൃത്തുക്കളാണ്. ഇരുവരും പുതുശ്ശേരിയിലെ ഒരു സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രതി ജോ ക്ലബ്ബിൻ്റെ നിലവിലെ പ്രസിഡൻ്റും ശരത് മുന്‍ പ്രസിഡൻ്റുമാണ്. ഫുട്ബോള്‍ ലോകകപ്പിൻ്റെ ഫൈനല്‍ മത്സരം നടന്ന ഡിസംബര്‍ 18ന് രാത്രി 10നാണ് സംഭവം. പുതുശ്ശേരി എം ജി ഡി സ്‌കൂള്‍ ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ മത്സരം കണ്ടുകൊണ്ടിരുന്ന ശരത്തിനെ ഗ്രൗണ്ടിൻ്റെ ഒരുഭാഗത്തേക്ക് കൂട്ടിക്കൊണ്ടുപോയ ശേഷം ജോ വര്‍ഗീസ് ബാറ്റുകൊണ്ട് തലക്കടിക്കുകയായിരുന്നു.
തലയോട്ടിയിലെ അസ്ഥിക്ക് പൊട്ടല്‍ സംഭവിക്കുകയും തലച്ചോറിനുള്ളില്‍ രക്തസ്രാവം ഉണ്ടാവുകയും ചെയ്തതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ ശരതിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ശരത്തിൻ്റെ മൊഴിപ്രകാരം കീഴ്വായ്പ്പൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടെയാണ് അറസ്റ്റ്.
ഇയാള്‍ പാചകത്തൊഴിലില്‍ ഏര്‍പ്പെട്ടിരുന്ന ആലപ്പുഴ പട്ടണക്കാട് പൊന്നാവെളിയില്‍ കീര്‍ത്തി പാലസ് ബാര്‍ ഹോട്ടലില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ബാറില്‍ കൂടെ ജോലിയെടുക്കുന്നയാളുടെ ഫോണില്‍ നിന്നും വീട്ടിലേക്ക് വിളിച്ചതാണ് ഇയാളെ പിടികൂടുന്നതില്‍ നിര്‍ണായകമായത്. 2010ല്‍ കീഴവായ്പ്പൂര്‍ രജിസ്റ്റര്‍ ചെയ്ത ദേഹോപദ്രവകേസില്‍ ജോ വര്‍ഗീസ് പ്രതിയായിട്ടുണ്ട്.
പോലീസ് ഇന്‍സ്പെക്ടര്‍ വിപിന്‍ ഗോപിനാഥിൻ്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ എസ് ഐ ആദര്‍ശ്, എ എസ് ഐ പ്രസാദ്, എസ് സി പി ഓ അന്‍സിം, സി പി ഓ വിഷ്ണു, രതീഷ് എന്നിവര്‍ ചേര്‍ന്ന സംഘമാണ് ശ്രമകരമായി പ്രതിയെ കീഴടക്കിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
---- facebook comment plugin here -----