Kerala
ഇരുചക്ര വാഹനം നിര്‍ത്തിയിട്ട ബസിനു പിന്നിലിടിച്ച് അപകടം; യുവാവ് മരിച്ചു,സഹയാത്രികന് പരുക്ക്
യാത്രക്കാരെ കയറ്റുവാനായി നിര്‍ത്തിയ സ്വകാര്യ ബസിനു പിന്നിലേക്ക് ഇരുചക്രവാഹനം ഇടിച്ചു കയറുകയായിരുന്നു

റാന്നി | പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസിനു പിന്നിലേക്ക് ഇടിച്ചുകയറിയ ഇരുചക്ര വാഹനം ഓടിച്ച യുവാവിന് ദാരുണാന്ത്യം. സഹയാത്രികനെ നിസാര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അത്തിക്കയം ചെമ്പനോലി വെട്ടിക്കല്‍ അച്ചന്‍കുഞ്ഞിന്റെ മകന്‍ അലനാണ് (22) മരിച്ചത്. ഇന്ന് രാവിലെ 8.15ന് റാന്നി-മാമുക്ക് ജങ്ഷനിലായിരുന്നു അപകടം.
യാത്രക്കാരെ കയറ്റുവാനായി നിര്‍ത്തിയ സ്വകാര്യ ബസിനു പിന്നിലേക്ക് ഇരുചക്രവാഹനം ഇടിച്ചു കയറുകയായിരുന്നു. സഹയാത്രികനായ മടന്തമണ്‍ വെട്ടിക്കല്‍ കുഞ്ഞുമോന്റെ മകന്‍ ആല്‍ബിന് (18) പരുക്കേറ്റു. ആല്‍ബിനെ റാന്നി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്ലസ്ടു സേ പരീക്ഷ എഴുതാനായി ആല്‍ബിനെ റാന്നി എം എസ് സ്‌കൂളിലേക്ക് ബൈക്കില്‍ കൊണ്ടുവരുമ്പോഴാണ് അപകടം. ഇടമുറി – കോഴഞ്ചേരി റൂട്ടിലോടുന്ന സ്വകാര്യ ബസിനടിയിലേക്കാണ് ബൈക്ക് യാത്രക്കാര്‍ ഇടിച്ചു കയറിയത്. മാമുക്ക് ബസ് സ്റ്റോപ്പിനു പിറകില്‍ നടുറോഡിലാണ് ബസ് നിര്‍ത്തിയത്. മാമുക്ക് ജങ്ഷനില്‍ ബസ്ബേ നിര്‍മിക്കാത്തത് അപകടങ്ങള്‍ക്കു കാരണമാകുന്നുവെന്ന് ആക്ഷേപമുണ്ട്.