Connect with us

LJD Issue

എൽ ജെ ഡിയിലെ ഒരു വിഭാഗം ജനതാദൾ എസിലേക്ക്

ഇടതുമുന്നണി നേതാക്കളെ ഇന്ന് കാണും. വിലപേശൽ പ്രോത്സാഹിപ്പിക്കേണ്ടെന്ന് ജെ ഡി എസ്. എൽ ജെ ഡിയിലെ ആഭ്യന്തര പ്രശ്‌നങ്ങളിൽ ഇടപെടില്ല

Published

|

Last Updated

തിരുവനന്തപുരം | എൽ ജെ ഡിയിലെ ആഭ്യന്തര തർക്കങ്ങൾക്ക് പിന്നാലെ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ഷേഖ് പി ഹാരിസിന്റെ നേതൃത്വത്തിലുള്ള ശ്രേയാംസ് കുമാർ വിരുദ്ധ വിഭാഗം ജനതാദൾ എസിലേക്ക് മാറുന്നതിന് നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായി ജനതാദൾ എസ് സംസ്ഥാന അധ്യക്ഷൻ മാത്യു ടി തോമസുമായി ഷേഖ് പി ഹാരിസ് വിഭാഗം അനൗപചാരിക ചർച്ചകൾ തുടങ്ങി.

എൽ ജെ ഡിയിൽ പിളർപ്പ് ഉറപ്പായ സാഹചര്യത്തിൽ നാളെ എൽ ജെ ഡിയുടെ സംസ്ഥാന കമ്മിറ്റി യോഗം ശ്രേയാംസ് കുമാർ വിളിച്ചു ചേർത്തിട്ടുണ്ട്. ഈ യോഗത്തിൽ വിമത നേതാക്കൾക്കെതിരെ നടപടിയുണ്ടാകാനുള്ള സാധ്യത മുൻകൂട്ടി കണ്ടാണ് ഷേഖ് പി ഹാരിസ് വിഭാഗം ജെ ഡി എസിലേക്ക് മാറുന്നതിനുള്ള നീക്കങ്ങൾ നടത്തുന്നത്.

ജെ ഡി എസ് സംസ്ഥാന അധ്യക്ഷൻ മാത്യു ടി തോമസുമായി എൽ ജെ ഡി നേതാക്കൾ നേരത്തേ തന്നെ അനൗദ്യോഗിക കൂടിക്കാഴ്ച നടത്തിയിരുന്നു.

ലയന സാധ്യതകൾ പരിശോധിക്കുന്ന നിലവിലെ സാഹചര്യത്തിൽ എൽ ജെ ഡിയിലെ ആഭ്യന്തര പ്രശ്‌നങ്ങളിൽ പക്ഷം പിടിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ വേണ്ടെന്നാണ് ജെ ഡി എസിന്റെ നിലപാട്.

എന്നാൽ ആഭ്യന്തര പ്രശ്നങ്ങളെ തുടർന്ന് സ്വമേധയാ പാർട്ടിയിലേക്ക് വരുന്നവരെ സ്വീകരിക്കാമെന്നും തീരുമാനിച്ചിരുന്നു. ഇക്കാര്യം ഇന്നലെ കേരളത്തിലെത്തിയ ജെ ഡി എസ് ദേശീയ അധ്യക്ഷൻ എച്ച് ഡി ദേവെഗൗഡയെ സംസ്ഥാന നേതൃത്വം അറിയിക്കുകയും ചെയ്തിരുന്നു.

അഞ്ച് ജില്ലാ കമ്മിറ്റികളുടെ പിന്തുണയാണ് വിമത ചേരി അവകാശപ്പെടുന്നത്. കൂടുതൽ ജില്ലാ കമ്മിറ്റികളെ ഒപ്പം കൊണ്ടുവരാൻ നീക്കം നടക്കുന്നുണ്ടെന്നും അറിയിച്ചു. പാർട്ടിയുടെ ഏക എം എൽ എ. കെ പി മോഹനന്റെയും ദേശീയ ജനറൽ സെക്രട്ടറി വർഗീസ് ജോർജിന്റെയും പിന്തുണ ഉണ്ടെന്നാണ് വിമതരുടെ അവകാശവാദം.ജെ ഡി എസിലേക്ക് എത്തുന്നതിന് എൽ ജെ ഡി നേതാക്കൾ മുന്നോട്ടുവെച്ച ഉപാധികൾ സ്വീകരിക്കാൻ നേതൃത്വം തയ്യാറായിട്ടില്ല. സ്ഥാനമാനങ്ങൾ ഉൾപ്പെടെയുള്ള ഉപാധികൾ സംബന്ധിച്ച് ഉറപ്പ് നൽകാതെ പാർട്ടിയിലേക്ക് വന്ന ശേഷം ആലോചിക്കാമെന്നും വിലപേശൽ പ്രോത്സാഹിപ്പിക്കാനാകില്ലെന്നും നേതാക്കളെ മാത്യു ടി തോമസ് അറിയിച്ചിരുന്നു.

മൂന്ന് ജില്ലകളിലെ അധ്യക്ഷ പദവി, പാർട്ടിയിലെ പ്രധാനപ്പെട്ട ഒരു പദവി, ബോർഡ്, കോർപറേഷനുകളിൽ അർഹമായ പ്രാതിനിധ്യം തുടങ്ങിയ ആവശ്യങ്ങളാണ് ഷേഖ് പി ഹാരിസ് വിഭാഗം മുന്നോട്ടുവെച്ചത്. നിലവിൽ ഇടതുമുന്നണിയിൽ ജെ ഡി എസിന് രണ്ട് ബോർഡ്, കോർപറേഷനുകളിൽ ചെയർമാൻ പദവികളും 12 ബോർഡ്, കോർപറേഷനുകളിൽ പ്രാതിനിധ്യവുമാണുള്ളത്. രണ്ടാം ഘട്ടത്തിൽ കൂടുതൽ പദവികൾ നൽകാമെന്ന് മുന്നണി നേതൃത്വം വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഇതിനിടെ, ഷേഖ് പി ഹാരിസിന്റെ നേതൃത്വത്തിൽ നേതാക്കൾ ഇന്ന് ഇടതുമുന്നണി നേതാക്കളെ കാണും. എ വിജയരാഘവൻ, കോടിയേരി ബാലകൃഷ്ണൻ കാനം രാജേന്ദ്രൻ എന്നിവരെയാണ് കാണുക.യഥാർഥ എൽ ജെ ഡി തങ്ങളാണെന്ന് ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യം. തങ്ങൾക്ക് ദേശീയ നേതൃത്വത്തിന്റെ പിന്തുണ ഉണ്ടെന്നും വിമത നേതാക്കൾ ഇവരെ അറിയിക്കും.

Latest