Connect with us

stabbing death

സഊദിയിൽ മലപ്പുറം സ്വദേശിയെ കുത്തിക്കൊന്നു

താമസസ്ഥലത്ത് ഉറങ്ങുന്നതിനിടെ തമിഴ്നാട് സ്വദേശി കുത്തുകയായിരുന്നു.

Published

|

Last Updated

ദമാം | സഊദിയിലെ ജുബൈലിൽ താമസസ്ഥലത്ത് ഉറങ്ങുന്നതിനിടെ മലപ്പുറം സ്വദേശിയെ കുത്തിക്കൊന്നു. ചെറുകര കട്ടുപ്പാറ പൊരുതിയിൽ വീട്ടിൽ അലവിയുടെ മകൻ മുഹമ്മദലിയാണ് കൊല്ലപ്പെട്ടത്. കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ  ഞായറാഴ്ച്ച ഉച്ചക്കായിരുന്നു സംഭവം. ജോലികഴിഞ്ഞ് താമസസ്ഥലത്തെത്തി ഉറങ്ങുകയായിരുന്ന മുഹമ്മദലിയെ കൂടെ താമസിച്ചിരുന്ന തമിഴ്നാട് സ്വദേശി മഹേഷ് കുത്തുകയായിരുന്നു. മുഹമ്മദലി പുറത്തേക്കിറങ്ങിയോടിയെങ്കിലും രക്തം വാർന്ന് മരിക്കുകയായിരുന്നു.

മഹേഷിനെ പിന്നീട് സ്വയം കഴുത്തറുത്ത നിലയിൽ കണ്ടെത്തുകയും ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്‌തു. കൊലപാതകത്തിൻ്റെ കുറ്റബോധം മൂലമാണ് ആത്മത്യക്ക് ശ്രമിച്ചതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. പ്രതിയെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മഹേഷ് വിഷാദ രോഗത്തിൻ്റെ അസ്വസ്ഥകൾ പ്രകടിപ്പിച്ചതിനാൽ കമ്പനി ഒരാഴ്ചത്തെ അവധി നൽകിയിരുന്നു.

ജുബൈൽ ‘ജെംസ്’ കമ്പനി ജീവനക്കാരനായിരുന്നു മുഹമ്മദലി. താഹിറയാണ് ഭാര്യ. നാലു പെണ്മക്കളുണ്ട്.  ജുബൈൽ ജനറൽ ആശുപത്രിയിയിൽ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം. നിയമനടപടികൾ പൂർത്തിയാക്കുന്നതിനായി കമ്പനി അധികൃതരും സാമൂഹിക പ്രവർത്തകരും രംഗത്തുണ്ട്.