Kerala
നിമിഷ പ്രിയയുടെ മോചനത്തിനായി പ്രധാനമന്ത്രി നേരിട്ട് ഇടപെടണം; കെസി വേണുഗോപാല്‍
നിമിഷ പ്രിയക്ക് വധശിക്ഷ ഈ മാസം 16ന് നടപ്പാക്കണമെന്നാണ് ജയില്‍ അധികൃതര്‍ക്ക് യെമനിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ നല്‍കിയ നിര്‍ദേശം.

കൊല്ലം|യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് ഇടപെടണമെന്ന് കെസി വേണുഗോപാല്‍ എം പി. നിമിഷ പ്രിയക്ക് വധശിക്ഷ ഈ മാസം 16ന് നടപ്പാക്കണമെന്നാണ് ജയില്‍ അധികൃതര്‍ക്ക് യെമനിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ നല്‍കിയ നിര്‍ദേശം. നാലുദിവസം മാത്രമാണ് ഇനി മുന്നിലുളളതെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കൂടുതല്‍ കാര്യക്ഷമമായി വിഷയത്തെ കാണണമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. അടിയന്തരമായി സംസ്ഥാന മന്ത്രിതല സംഘം പ്രധാനമന്ത്രിയെ കാണണം. ഒരു ജീവന്റെ പ്രശ്നമാണ് എന്ന പരിഗണനയില്‍ മുഖ്യമന്ത്രി കൂടുതല്‍ ഗൗരവത്തോടെ ഈ വിഷയം കൈകാര്യം ചെയ്യണമെന്നും കെസി വേണുഗോപാല്‍ ആവശ്യപ്പെട്ടു.
അതേസമയം, നിമിഷപ്രിയയുടെ മോചന വിഷയത്തില്‍ പ്രതികരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. നിമിഷപ്രിയയുടെ മോചനത്തിന് കഴിയുന്നതെല്ലാം ചെയ്യുമെന്നാണ് നേരത്തെ വ്യക്തമാക്കിയത്. എന്നാല്‍ വധശിക്ഷയുമായി ബന്ധപ്പെട്ട തീരുമാനം വന്നതിനു പിന്നാലെ വിഷയത്തില്‍ പ്രതികരണമുണ്ടായിട്ടില്ല. മോചനത്തിനുളള പണം എത്രയാണെങ്കിലും നല്‍കാന്‍ നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ തയ്യാറാണ്. കേന്ദ്രസര്‍ക്കാര്‍ അതിനുവേണ്ടി പണം ചെലവാക്കേണ്ടതില്ല. പക്ഷെ നയതന്ത്ര തലത്തില്‍ ബ്ലഡ് മണിയുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കാന്‍ വഴിയൊരുക്കണമെന്നാണ് ആവശ്യം.
നിമിഷപ്രിയക്കായി ഇടപെടണം എന്നാവശ്യപ്പെട്ട് പാര്‍ലമെന്റ് അംഗങ്ങളായ കെ രാധാകൃഷ്ണന്‍, ജോണ്‍ ബ്രിട്ടാസ്, കൊടിക്കുന്നില്‍ സുരേഷ്, എന്നിവരും ചാണ്ടി ഉമ്മന്‍ എംഎല്‍എ, കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല, കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി എന്നിവരും രംഗത്തെത്തിയിരുന്നു.
യെമനുമായി ഇന്ത്യയ്ക്ക് നയതന്ത്ര ബന്ധമില്ലാത്തതാണ് നിലവിലെ പ്രതിസന്ധി. ഇറാന്‍ പോലെ യെമനുമായി നയതന്ത്ര ബന്ധമുളള രാജ്യങ്ങളുമായി ഇക്കാര്യത്തില്‍ സംസാരിക്കാന്‍ ഇന്ത്യയ്ക്ക് കഴിയും. കേന്ദ്രം ആ വഴി ഉപയോഗിക്കണമെന്നാണ് ആവശ്യം. മോചനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് തിങ്കളാഴ്ച്ച അറിയിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശം.
2017 ജൂലൈയിലായിരുന്നു കേസിനാസ്പദമായ സംഭവം. യെമന്‍ പൗരനായ അബ്ദുമഹ്ദിയെ നിമിഷ പ്രിയയും കൂട്ടുകാരിയും ചേര്‍ന്ന് കൊലപ്പെടുത്തി മൃതദേഹം വീടിനു മുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചുവെന്നാണ് കേസ്. സംഭവശേഷം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായ നിമിഷപ്രിയയെ വിചാരണയ്ക്കു ശേഷം 2018-ലാണ് യെമന്‍ കോടതി വധശിക്ഷയ്ക്കു വിധിച്ചത്. പാലക്കാട് കൊല്ലങ്കോട് തേക്കിന്‍ചിറ സ്വദേശിനിയാണ് നിമിഷപ്രിയ.