Kerala
ബി ജെ പിക്കെതിരെ ദേശീയ ബദല്‍ അനിവാര്യം: മുഖമന്ത്രി പിണറായി വിജയന്‍
കോണ്‍ഗ്രസില്‍ നിന്ന് ഒരു പ്രമുഖന്‍ ബി ജെ പിയിലേക്ക് പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പത്തനംതിട്ട | ആര്‍ എസ് എസിന്റെ നിലപാടുകള്‍ക്ക് ആര്‍ഷഭാരത സംസ്‌കാരവുമായി യാതൊരു ബന്ധവുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഹിറ്റ്‌ലറുടെ മാതൃകയാണ് സംഘപരിവാര്‍ മാതൃകയാക്കുന്നത്. ബി ജെ പിയെ നേരിടാന്‍ കോണ്‍ഗ്രസ് ഒരു രാഷ്ട്രീയ ശക്തിയായി ഉയര്‍ന്ന് വരുന്നില്ല. ബി ജെ പിയിലേക്ക് ആവശ്യമെങ്കില്‍ പോകും എന്ന് പറയുന്ന ഒരു കെ പി സി സി അധ്യക്ഷനാണ് കോണ്‍ഗ്രസിന് ഉള്ളതെന്നും വരുന്ന പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിന് മുന്‍പായി കോണ്‍ഗ്രസില്‍ നിന്ന് ഒരു പ്രമുഖന്‍ ബി ജെ പിയിലേക്ക് പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആറന്മുളയില്‍ പുതുതായി നിര്‍മിച്ച സി പി എം കോഴഞ്ചേരി ഏരിയ കമ്മിറ്റി ഓഫിസിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
രാജ്യമെങ്ങും മത ന്യൂനപക്ഷങ്ങളെ വേട്ടയാടുന്ന ശക്തികള്‍ കേരളത്തില്‍ പ്രീണന നിലപാട് എടുക്കുന്നത് ഗൗരവമായി കാണണം. ഇവിടെ ജനപിന്തുണക്കായി ആവുന്നത് ചെയ്തിട്ടും വേരോട്ടമില്ല. അതിനായി പുതിയ വേഷംകെട്ടലുകള്‍ കൈക്കൊള്ളുകയാണ്. കേരളത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് എല്ലാ വിധ സംരക്ഷണവുമുണ്ട്. സംഘപരിവാര്‍ ശക്തികള്‍ ഇനിയും ഭരിച്ചാല്‍ രാജ്യത്തിന് വിനാശമാവും എന്ന് കരുതുന്നവരുടെ കൂട്ടായ്മ രാജ്യത്ത് വളരുകയാണ്.
പ്രാദേശിക കക്ഷികള്‍ ചേരുന്ന ബദല്‍ സംവിധാനം രാജ്യത്ത് അനിവാര്യമാണ്. സി പി എം ശ്രമിക്കുന്നത് അതിനാണ്. കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്തി 2021ല്‍ കേരളത്തില്‍ ജനങ്ങള്‍ വിധിയെഴുതിയതിലൂടെ ഇത്തരത്തിലുള്ള ബദല്‍ നയത്തിനാണ് പിന്തുണ നല്‍കിയതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.