National
കോണ്‍ക്രീറ്റ് മിക്സര്‍ ട്രക്ക് കാറിന് മുകളിലേക്ക് മറിഞ്ഞ് അമ്മയും മകളും മരിച്ചു
ഗായത്രി കുമാര്‍ (46), മകള്‍ സമത (16) എന്നിവരാണ് മരിച്ചത്.

ബെംഗളുരു| ബെംഗളുരുവില്‍ കോണ്‍ക്രീറ്റ് മിക്സര്‍ ട്രക്ക് കാറിന് മുകളിലേക്ക് മറിഞ്ഞ് അമ്മയും മകളും മരിച്ചു. ബെംഗളുരു കഗ്ഗലിപുര-ബന്നാര്‍ഘട്ട റോഡില്‍ രാവിലെയായിരുന്നു സംഭവം. സിമന്റ് നിറച്ച കോണ്‍ക്രീറ്റ് മിക്സര്‍ ട്രക്ക് മറിഞ്ഞ് കഗ്ഗലിപുര സ്വദേശികളായ ഗായത്രി കുമാര്‍ (46), മകള്‍ സമത (16) എന്നിവരാണ് മരിച്ചത്.
മകളെ രാവിലെ സ്‌കൂളില്‍ കൊണ്ടുവിടാന്‍ കാറില്‍ വരികയായിരുന്ന ഗായത്രിയുടെ കാറിന് മുകളിലേക്ക് നിയന്ത്രണം വിട്ട് വന്ന ട്രക്ക് മറിയുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. കാറിനുള്ളില്‍ കുടുങ്ങിപ്പോയ അമ്മയേയും മകളേയും പുറത്തെടുക്കാന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു
അപകടം നടന്ന ഉടന്‍ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി. മൊബൈല്‍ ക്രെയിനുകളുപയോഗിച്ചാണ് മൃതദേഹങ്ങള്‍ കാറിനുളളില്‍ നിന്നും പുറത്തെടുത്തത്.