Kerala
സ്ഥാനമേല്‍ക്കും മുമ്പ് കരുണാകരനും ഉമ്മന്‍ചാണ്ടിക്കും ആദരവ് അര്‍പ്പിക്കാന്‍ സണ്ണി ജോസഫ്
എ പി അനില്‍കുമാര്‍, ഷാഫി പറമ്പില്‍, പി സി വിഷ്ണുനാഥ് എന്നിവര്‍ക്കൊപ്പമാണ് സണ്ണി ജോസഫ് കെ കരുണാകരന്റെ സ്മൃതി മണ്ഡപത്തില്‍ എത്തിയത്

തൃശൂര്‍ | സ്ഥാനം ഏറ്റെടുക്കുന്നതിന് മുന്‍പ് കെ കരുണാകന്റെയും ഉമ്മന്‍ചാണ്ടിയുടേയും സ്മൃതി മണ്ഡപത്തിലെത്തി പുഷ്പാര്‍ച്ചന നടത്താന്‍ കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫും സഹഭാരവാഹികളും. കെ കരുണാകരന്റെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ സണ്ണി ജോസഫ് കെ കരുണാകരന്റെ ഓര്‍മ്മ കരുത്തുപകരുമെന്നു പറഞ്ഞു.
എ പി അനില്‍കുമാര്‍, ഷാഫി പറമ്പില്‍, പി സി വിഷ്ണുനാഥ് എന്നിവര്‍ക്കൊപ്പമാണ് സണ്ണി ജോസഫ് സ്മൃതി മണ്ഡപത്തില്‍ എത്തിയത്. തുടര്‍ന്ന് ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിക്കാന്‍ പുറപ്പെട്ടു. ചുമതലയേല്‍ക്കും മുമ്പ് കോണ്‍ഗ്രസിന്റെ പഴയ നേതാക്കളെ അനുസ്മരിക്കുകയാണെന്ന് സണ്ണി ജോസഫ് പറഞ്ഞു.
കണ്ണൂരില്‍ കെ സുധാകരന്‍ വളര്‍ത്തിക്കൊണ്ടുവന്ന നേതാവ് തന്നെയാണ് സുധാകരന് പിന്‍ഗാമിയായി കെ പി സി സി അധ്യക്ഷ പദവിയിലേക്ക് എത്തുന്നത് . കണ്ണൂരിലെ കോണ്‍ഗ്രസിന്റെ പ്രധാന നേതാക്കളില്‍ ഒരാളായി സണ്ണി ജോസഫിനെ മാറ്റാനും പേരാവൂരില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിപ്പിക്കാനും മുന്‍കൈയെടുത്തത് സുധാകരനായിരുന്നു. സണ്ണി ജോസഫ് കണ്ണൂരിലെ കോണ്‍ഗ്രസിന്റെ അമരക്കാരനായിരുന്നു. ജില്ലയിലെ യു ഡി എഫിനെയും സണ്ണി ജോസഫ് നയിച്ചിട്ടുണ്ട്.
സുധാകരന് ഏറെ താല്പര്യമുള്ള നേതാവ് കൂടിയാണ് ഐ ഗ്രൂപ്പുകാരനായ സണ്ണി. കഴിഞ്ഞ മൂന്നുതവണ തുടര്‍ച്ചയായി പേരാവൂരിന്റെ എം എല്‍ എയാണ്. നിലവില്‍ നിയമസഭാ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയര്‍മാനുമാണ്. കെ പി സി സി രാഷ്ട്രീയകാര്യ സമിതി അംഗമായി പ്രവര്‍ത്തിച്ചു വരുന്നതിനിടെയാണ് ഹൈക്കമാന്‍ഡ് കെ സുധാകരനെ നീക്കി സണ്ണി ജോസഫിന് പ്രസിഡന്റ് പദവി നല്‍കിയിരിക്കുന്നത്.