International
റഷ്യയിലെ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ കൗമാരക്കാരന്റെ ആക്രമണം; നാല് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് പരുക്ക്
രണ്ട് പോലീസുകാര്‍ക്കും പരുക്കേറ്റിട്ടുണ്ട്. ബാഷ്‌കോര്‍ട്ടോസ്ഥാന്‍ റിപബ്ലിക് പ്രദേശത്ത് ഉഫയിലെ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ വിദേശ വിദ്യാര്‍ഥികളുടെ ഹോസ്റ്റലിലാണ് സംഭവം.
മോസ്‌കോ | റഷ്യയില്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ ഹോസ്റ്റലില്‍ കൗമാരക്കാരന്‍ നടത്തിയ ആക്രമണത്തില്‍ നാല് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്ക്. രണ്ട് പോലീസുകാരും പരുക്കേറ്റവരില്‍ ഉള്‍പ്പെടും.
ബാഷ്‌കോര്‍ട്ടോസ്ഥാന്‍ റിപബ്ലിക് പ്രദേശത്ത് ഉഫയിലെ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ വിദേശ വിദ്യാര്‍ഥികളുടെ ഹോസ്റ്റലിലാണ് സംഭവം. ഇവിടുത്തെ സ്‌പോര്‍ട്‌സ് ഹാളില്‍ വച്ചാണ് ആക്രമണമുണ്ടായത്. ഹോസ്റ്റലില്‍ അതിക്രമിച്ച് കയറിയ കൗമാരക്കാരന്‍ വിദ്യാര്‍ഥികളെ കത്തി കൊണ്ട് കുത്തിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ പോലീസുകാര്‍ തടയാന്‍ ശ്രമിക്കുന്നതിനിടെ അക്രമി പോലീസുകാരെയും ആക്രമിക്കുകയായിരുന്നു. ഇയാള്‍ സ്വയം മുറിവേല്‍പ്പിച്ചതായും റിപോര്‍ട്ടുണ്ട്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ ആക്രമണത്തിന് പ്രേരിപ്പിച്ചത് എന്താണെന്ന കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല.
കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തേക്ക് പോയിട്ടുണ്ടെന്നും പരുക്കേറ്റ വിദ്യാര്‍ഥികള്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കിയതായും ഇന്ത്യന്‍ എംബസി അറിയിച്ചു. കാര്യങ്ങള്‍ വിശദമായി നിരീക്ഷിച്ചുവരികയാണെന്നും എംബസി വ്യക്തമാക്കി.



