Kerala
ഡിഎന്‍എ പരിശോധന ഫലം പോസിറ്റീവ്; സെബാസ്റ്റ്യന്റെ വീട്ടുപറമ്പിൽ കണ്ടെത്തിയ അസ്ഥികള്‍ ജൈനമ്മയുടേത്
പരിശോധനാഫലം കോടതിയില്‍ സമര്‍പ്പിച്ചു.
ആലപ്പുഴ| ചേര്‍ത്തല പള്ളിപ്പുറത്തെ വീട്ടുപറമ്പില്‍ നിന്ന് കണ്ടെത്തിയ മൃതദേഹാവശിഷ്ടം ഏറ്റുമാനൂര്‍ സ്വദേശി ജൈനമ്മയുടേതാണെന്ന് ഡിഎന്‍എ പരിശോധനയിലൂടെ സ്ഥിരീകരിച്ചു. ബന്ധുക്കളുടെ ഡിഎന്‍എ സാമ്പിളുകളുമായി നടത്തിയ പരിശോധനാഫലം പോസിറ്റീവ് ആയതോടെയാണ് അസ്ഥികള്‍ ജൈനമ്മയുടേതാണെന്ന് ഉറപ്പായത്. പരിശോധനാഫലം കോടതിയില്‍ സമര്‍പ്പിച്ചു.
കേസില്‍ സെബാസ്റ്റ്യന്‍ മാത്രമാണ് പ്രതിയെന്ന് വ്യക്തമാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. ഏറ്റുമാനൂര്‍ കോടതിയിലാണ് കുറ്റപത്രം നല്‍കിയത്.
2025 ഓഗസ്റ്റില്‍ സെബാസ്റ്റ്യന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ രക്തക്കറ ജൈനമ്മയുടേതാണെന്ന് ഫൊറന്‍സിക് പരിശോധനയില്‍ നേരത്തെ സ്ഥിരീകരിച്ചിരുന്നു. 2024 ഡിസംബറിലാണ് ജൈനമ്മയെ കാണാതായത്. അന്വേഷണത്തില്‍ ജൈനമ്മയുടെ ഫോണ്‍ അവസാനമായി പ്രവര്‍ത്തിച്ചത് പള്ളിപ്പുറത്താണെന്ന് കണ്ടെത്തിയിരുന്നു.
തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍ നിന്ന് അസ്ഥികൂടം കണ്ടെത്തിയത്. ധ്യാനകേന്ദ്രങ്ങളില്‍ പോകാറുള്ള ജൈനമ്മ ഏതെങ്കിലും കേന്ദ്രത്തിലേക്ക് പോയിരിക്കുമെന്നാണ് കുടുംബം ആദ്യം കരുതിയത്. എന്നാല്‍ നാല് ദിവസത്തോളം വിവരം ലഭിക്കാതായതോടെ കുടുംബം പോലീസില്‍ പരാതി നല്‍കി.
ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പള്ളിപ്പുറത്ത് എത്തിയതായി സ്ഥിരീകരിച്ചതോടെയാണ് അന്വേഷണം ശക്തമായത്. പ്രദേശത്തെ ആളുകളെ ചോദ്യം ചെയ്തപ്പോള്‍ സെബാസ്റ്റ്യന്റെ മൊഴിയില്‍ കണ്ടെത്തിയ വൈരുദ്ധ്യങ്ങളാണ് നിര്‍ണായകമായത്. ഇതോടെയാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്.



