Connect with us

Ongoing News

രൂപമാറ്റം വരുത്തിയ നമ്പര്‍ പ്ലേറ്റ്; ന്യൂജെന്‍ ബൈക്ക് പിടിച്ചെടുത്തു

മുന്‍വശത്തും പിന്‍വശത്തുമായി നാല് കാന്ത കഷണങ്ങള്‍ ഘടിപ്പിച്ചാണ് നമ്പര്‍ പ്ലേറ്റ് അതിവേഗം ചലിപ്പിച്ചിരുന്നത്.

Published

|

Last Updated

തിരുവല്ല | കാന്തിക ശക്തിയുടെ പിന്‍ബലത്തില്‍ മുമ്പിലേക്കും പിന്നിലേക്കും അതിവേഗം ചലിപ്പിക്കാന്‍ കഴിയുന്ന തരത്തില്‍ രൂപമാറ്റം വരുത്തിയ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച ന്യൂജെന്‍ ബൈക്ക് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോസ്‌മെന്റ് വിഭാഗം പിടികൂടി. മോട്ടോര്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം രാവിലെ 10 മണിയോടെ ഇടിഞ്ഞില്ലം ജംഗ്ഷന് സമീപം നടത്തിയ വാഹന പരിശോധനയിലാണ് ചെങ്ങന്നൂര്‍ തിരുവന്‍വണ്ടൂര്‍ സ്വദേശി അരുണ്‍ കുമാറിന്റെ ബൈക്ക് പിടികൂടിയത്.

ബൈക്കിന്റെ പിന്‍വശത്തെ നമ്പര്‍ പ്ലേറ്റില്‍ ആണ് കൃത്രിമം കാട്ടിയത്. മുന്‍വശത്തും പിന്‍വശത്തുമായി നാല് കാന്ത കഷണങ്ങള്‍ ഘടിപ്പിച്ചാണ് നമ്പര്‍ പ്ലേറ്റ് അതിവേഗം ചലിപ്പിച്ചിരുന്നത്. പരിശോധനാ സമയങ്ങളില്‍ നിര്‍ത്താതെ പോകുന്ന വാഹനങ്ങളുടെ പിന്‍വശത്തെ നമ്പര്‍ പ്ലേറ്റ് ആണ് മോട്ടോര്‍ വാഹന വകുപ്പും പോലീസും രേഖപ്പെടുത്താറുള്ളത്. മോട്ടോര്‍ വാഹന വകുപ്പിന്റെയോ പോലീസിന്റെയോ വാഹന പരിശോധന ശ്രദ്ധയില്‍പ്പെട്ടാല്‍ പിന്നിലിരിക്കുന്ന സഹയാത്രികന് ഞൊടിയിടയില്‍ മുന്നിലേക്കോ പിന്നിലേക്കോ ചലിപ്പിച്ച് നമ്പര്‍ പ്ലേറ്റ് അദൃശ്യമാക്കാവുന്ന തരത്തിലാണ് പിടികൂടിയ ബൈക്കില്‍ സംവിധാനം ഒരുക്കിയിരിക്കുന്നത്.

നമ്പര്‍ പ്ലേറ്റില്‍ ഇത്തരത്തിലുള്ള കൃത്രിമം പത്തനംതിട്ട ജില്ലയില്‍ പിടികൂടുന്നത് ഇത് ആദ്യമാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വാഹനമോടിച്ചിരുന്ന പ്രവീണ്‍കുമാറിന്റെ ലൈസന്‍സ് റദ്ദ് ചെയ്യുന്നത് അടക്കമുള്ള നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.