Kerala
അമിത വേഗത്തിലെത്തിയ പോലീസ് ജീപ്പ് കാറിലിടിച്ച് നിയമ വിദ്യാര്‍ഥിനി മരിച്ചു
സഹോദരന്‍ അംജിത്തിന്റെ പെണ്ണുകാണല്‍ ചടങ്ങിന് തിരുവനന്തപുരത്തു നിന്നു കൊല്ലത്തേക്കു പോകുകയായിരുന്നു കുടുംബം
പോത്തന്‍കോട് | ദേശീയപാതയില്‍ കോരാണി കാരിക്കുഴി വളവില്‍ നിയന്ത്രണം വിട്ട പോലീസ് ജീപ്പ് കാറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ നിയമ വിദ്യാര്‍ഥിനി മരിച്ചു. ലോ കോളജ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിനി അനൈന (21) യാണു മരിച്ചത്. തിരുവനന്തപുരം ശ്രീകാര്യം മൈത്രി നഗര്‍ വന്ദനം ഹൗസില്‍ വാടകയ്ക്കു താമസിക്കുന്ന സജീദിന്റെയും റജിയുടെയും മകളാണ്.
സഹോദരന്‍ അംജിത്തിന്റെ പെണ്ണുകാണല്‍ ചടങ്ങിന് തിരുവനന്തപുരത്തു നിന്നു കൊല്ലത്തേക്കു പോകുകയായിരുന്നു കുടുംബം. എതിര്‍ ദിശയില്‍ അമിതവേഗത്തില്‍ വന്ന ചിറയിന്‍കീഴ് സ്റ്റേഷനിലെ പോലീസ് ജീപ്പ് ദേശീയപാതയിലെ കുഴിയില്‍ വീണു നിയന്ത്രണം വിട്ട് കാറിന്റെ വശത്തേക്ക് ഇടിച്ചു കയറുകയായിരുന്നു.
തലക്കു ഗുരുതരമായി പരുക്കേറ്റ അനൈന സംഭവസ്ഥലത്തു തന്നെ മരിച്ചു. കാര്‍ ഓടിച്ചിരുന്ന സഹോദരന്‍ അംജിത്തിനെയും മാതാപിതാക്കളെയും പരുക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.





