Connect with us

Religion

വൈകിയിറങ്ങിയ പരീക്ഷാർഥിക്കറിയാം സമയത്തിന്റെ വില

ഒരായുസ്സ് മുഴുവൻ കിട്ടിയിട്ടും സത്കർമങ്ങൾക്കായി സമയം ഉപയോഗപ്പെടുത്താത്തയാൾ മരണവേളയിൽ അൽപ്പനേരം കൂടി ആയുസ്സ് തരുമോ എന്ന് ചോദിക്കുന്ന സന്ദർഭം ഖുർആൻ വിവരിക്കുന്നുണ്ട്

Published

|

Last Updated

സൈറൺ മുഴക്കി കുതിച്ചു പായുന്ന ആംബുലൻസുകൾ കണ്ടിട്ടില്ലേ. അപകടത്തിൽപ്പെട്ട് സാരമായി പരുക്കേറ്റയാളെ രക്ഷിക്കാനായി ഏതോ ആശുപത്രിയുടെ കാഷ്വാലിറ്റി ലക്ഷ്യമാക്കിക്കൊണ്ടോ ഗർഭിണിയുമായി ലേബർ മുറിയിലേക്കോ അത്യാസന്ന നിലയിലായ രോഗിയെ വിദഗ്ധ ചികിത്സക്കായോ കൊണ്ടുപോകുന്ന ബദ്ധപ്പാടിലാണത്.
തീപ്പിടിത്തമോ മറ്റ് അപകടമോ സംഭവിച്ച സ്ഥലത്തേക്ക് അഗ്‌നിശമന സേനയുടെ വാഹനവും അതിവേഗതയിലാണ് പോവുക.

നേരം വൈകി പരീക്ഷക്കിറങ്ങിയ വിദ്യാർഥി ഓടുന്നതും സാധാരണത്തേക്കാൾ ധൃതിയിൽ നടന്നു പോകുന്നതും കാണാം. കൂട്ടുകാരെ അന്വേഷിക്കാതെയും തിരക്ക് കുറഞ്ഞ ബസിനായി കാത്തുനിൽക്കാതെയും പെട്ടെന്ന് പരീക്ഷാ കേന്ദ്രത്തിൽ എത്താനുള്ള തീവ്ര യത്‌നത്തിലാണാ കുട്ടി. പരീക്ഷ കഴിഞ്ഞ് മടങ്ങുമ്പോൾ കുട്ടിക്ക് അത്ര തന്നെ തിടുക്കം കാണില്ല.
ഇറങ്ങാൻ വൈകിയത് കൊണ്ട് പരീക്ഷാഹാളിൽ സമയം ചുരുങ്ങിപ്പോകുമോ എന്ന ആധിയിൽ നിന്നാണ് തുടർന്നുള്ള ഓരോ നിമിഷവും വിലപ്പെട്ടതാണെന്ന ബോധ്യം പരീക്ഷാർഥിക്കുണ്ടായതും സമയം നഷ്ടപ്പെടാതിരിക്കാൻ വേഗം നടന്നതും. ദൗത്യം കഴിഞ്ഞ് മടങ്ങുന്ന അഗ്‌നിശമന സേനക്കും ആളെ ഇറക്കി വരുന്ന അംബുലൻസിനും പോകുമ്പോഴുണ്ടായിരുന്ന വെമ്പലും വേഗതയും ഇല്ലാതിരിക്കാൻ കാരണം പോകുമ്പോൾ വാഹനത്തിലുണ്ടായിരുന്ന മനുഷ്യ ജീവന്റെ വിലയും സ്വത്തിന്റെ മൂല്യവും മഹത്തരമാണെന്ന ബോധ്യമാണ്.

എന്നാൽ, നിമിഷങ്ങൾ ഓരോന്നും വിലപ്പെട്ടതാണ്. നമ്മുടെ ബോധ്യത്തിലേക്കത് വരുന്നില്ലെന്ന് മാത്രം. കഴിഞ്ഞുപോയ ഓരോ നിമിഷങ്ങളും നമുക്ക് നിശ്ചയിച്ച് വെച്ച ആയുസ്സിൽ നിന്നാണ് കുറഞ്ഞതെന്ന് ഓർക്കുക. ഓരോ സന്ദർഭത്തിലും നാം മരണത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. നഷ്ടപ്പെട്ടതൊന്നും തിരിച്ചു വരില്ല. ആർക്കും കണക്കാക്കിയതിൽ കൂടുതൽ സമയം നൽകപ്പെടുകയുമില്ല.

മിക്കയാളുകളും വഞ്ചിതരാകുന്ന രണ്ട് അനുഗ്രഹങ്ങളെ നബി (സ) പരിചയപ്പെടുത്തുന്നുണ്ട്. അതിൽ ഒന്ന് ആരോഗ്യവും രണ്ടാമത്തേത് ഒഴിവ് സമയവുമാണ്. സമയം വെറുതെ പാഴാക്കരുത്. ഐഹികമോ പാരത്രികമോ ആകട്ടെ ഗുണമുള്ള കാര്യങ്ങൾക്കു വേണ്ടി മാത്രം ഉപയോഗപ്പെടുത്തുക. സത്കർമങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുന്ന ഒന്നിനോടും കൂട്ടുകൂടാതിരിക്കുക. റമസാനിൽ പ്രത്യേകിച്ചും. സുന്നത്തുകൾക്ക് ഫർളുകൾ പ്രവർത്തിച്ച പ്രതിഫലം നൽകപ്പെടുന്ന മാസമാണിത്.

ഒരായുസ്സ് മുഴുവൻ കിട്ടിയിട്ടും സത്കർമങ്ങൾക്കായി സമയം ഉപയോഗപ്പെടുത്താത്തയാൾ മരണവേളയിൽ അൽപ്പനേരം കൂടി ആയുസ്സ് തരുമോ എന്ന് ചോദിക്കുന്ന സന്ദർഭം ഖുർആൻ വിവരിക്കുന്നുണ്ട് –

അവരിൽ നിന്ന് ഒരാളിലേക്ക് മരണം എത്തുമ്പോൾ അവൻ പറയും എന്റെ രക്ഷിതാവേ, ഞാൻ ഉപേക്ഷിച്ച കാര്യങ്ങൾ നല്ല നിലയിൽ പ്രവർത്തിക്കാനായി എന്നെ തിരിച്ചയക്കണേ എന്ന്. എന്നാൽ കാര്യം അങ്ങനെയല്ല, അത് വെറുമൊരു വാക്കാണ്. അതവൻ പറഞ്ഞുകൊണ്ടിരിക്കും…..

Latest