Ongoing News
പത്ത് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം; ശ്രീലങ്കക്കെതിരായ രണ്ടാം ഏകദിനവും ഇന്ത്യക്ക്
ശ്രീലങ്കയെ 173 റണ്‍സിലൊതുക്കിയ ഇന്ത്യ വെറും 25.4 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ ലക്ഷ്യത്തിലെത്തി. സ്മൃതി മന്ദാന (94), ഷഫാലി വര്‍മ (71) എന്നിവരുടെ ബാറ്റിങ് കരുത്തിലാണ് ഇന്ത്യ അനായാസം വിജയതീരത്തണഞ്ഞത്.

പല്ലേക്കലെ | ശ്രീലങ്കക്കെതിരായ രണ്ടാം ഏകദിനത്തില്‍ തകര്‍പ്പന്‍ വിജയവുമായി ഇന്ത്യന്‍ വനിതകള്‍. പല്ലേക്കലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പത്ത് വിക്കറ്റിന്റെ വന്‍ ജയമാണ് ഇന്ത്യ നേടിയത്. ശ്രീലങ്കയെ 173 റണ്‍സിലൊതുക്കിയ ഇന്ത്യ വെറും 25.4 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ ലക്ഷ്യത്തിലെത്തി. സ്മൃതി മന്ദാന (94), ഷഫാലി വര്‍മ (71) എന്നിവരുടെ ബാറ്റിങ് കരുത്തിലാണ് ഇന്ത്യ അനായാസം വിജയതീരത്തണഞ്ഞത്. ആദ്യ മത്സരവും ഇന്ത്യ സ്വന്തമാക്കിയിരുന്നു.
ക്യാപ്റ്റന്‍ ചമരി അത്തപ്പത്തു (27), അനുഷ്‌ക സഞ്ജീവനി (25), നിലക്ഷി ഡിസില്‍വയും (32), അമ കാഞ്ചന (47) എന്നിവര്‍ ശ്രീലങ്കക്ക് വേണ്ടി മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചു. രേണുക സിംഗിന്റെ കിടിലന്‍ പന്തേറില്‍ ലങ്കന്‍ മുന്‍നിര തകര്‍ന്നു. ഹാസിമി പെരേര, ഹര്‍ഷിത മാധവി എന്നിവര്‍ റണ്ണൊന്നുമെടുക്കാതെയും വിഷ്മി ഗുണരത്‌നെ മൂന്ന് റണ്‍സുമായും കൂടാരം കയറി. നാലാം വിക്കറ്റില്‍ അതിജീവനത്തിന് ശ്രമിച്ച ചമരി അത്തപ്പത്തുവിന്റെയും (27) അനുഷ്‌ക സഞ്ജീവനിയുടെയും (25) കൂട്ടുകെട്ട് മേഘ്‌ന സിംഗ് പൊളിച്ചു. പിന്നീട് നിലക്ഷിയോടൊത്ത് കൂട്ടുകെട്ടുയര്‍ത്താന്‍ ശ്രമിച്ച അനുഷ്‌കയെ യസ്തിക ഭാട്ടിയ റണ്ണൗട്ടാക്കി. അഞ്ച് റണ്‍സെടുത്ത കവിഷ ദില്‍ഹരിയും പെട്ടെന്ന് മടങ്ങി. ഒഷേദി രണസിംഗെയും (10) രേണുക സിംഗിനു മുന്നില്‍ വീണു. ഇതോടെ രേണുകയുടെ വിക്കറ്റ് നേട്ടം നാലായി. ഇനോക രണവീര (6), അചിനി കുലസൂരിയ (0) എന്നിവരെ ദീപ്തി ശര്‍മ പുറത്താക്കി. മറുപടി ബാറ്റിംഗില്‍ സ്മൃതി 56 പന്തിലും ഷഫാലി 57 പന്തിലും അര്‍ധ ശതകം നേടി.