Connect with us

Malabar Movement 1921

ആലി മുസ്‌ലിയാരുടെ ഓർമകൾക്ക് നൂറാണ്ട്

സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ധീരോജ്ജ്വല പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ ആലി മുസ്‌ലിയാരുടെ ഓർമകൾക്ക് നൂറ് വർഷം.

Published

|

Last Updated

മലപ്പുറം | സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ധീരോജ്ജ്വല പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ ആലി മുസ്‌ലിയാരുടെ ഓർമകൾക്ക് നൂറ് വർഷം.
പരമ്പരകളായി ബ്രിട്ടീഷ് വിരുദ്ധത കാത്തുസൂക്ഷിക്കുന്ന കുടുംബമായിരുന്നു ആലി മുസ്‌ലിയാരുടേത്. ആ പരമ്പരയിലെ പോരാട്ടത്തിന്റെ തിളങ്ങുന്ന മുഖമായ പണ്ഡിതനും സമരനായകനുമായ ആലിമുസ്‌ലിയാർ ബ്രിട്ടീഷുകാരുടെ ഭാഷയിൽ അവരുടെ തൂക്കുമരത്താൽ കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് നൂറ് വർഷം തികഞ്ഞു.

സംഭവ ബഹുലമായിരുന്നു ആലി മുസ്‌ലിയാരുടെ ജീവിതം. 1864ൽ നെല്ലിക്കുത്തിൽ ജനിച്ച അദ്ദേഹം നാട്ടിൽ നിന്ന് തന്നെ പ്രാഥമിക വിദ്യാഭ്യാസം നേടി. തുടർന്ന് പത്ത് വർഷം പൊന്നാനി ദർസിൽ പഠിച്ചു. മക്കയിൽ നിന്ന് മുഹമ്മദ്ഹബ്ശിൽ മക്കിയ്യി, ഇമാം സയ്യിദ്സൈനി ദഹ്‌ലാൻ തുടങ്ങിയ ഗുരുനാഥന്മാരുടെ കീഴിൽ ഏഴ് വർഷവും പഠനം നടത്തി.
കേരളത്തിൽ തിരിച്ചെത്തി ദർസീ രംഗത്ത് സജീവമായ ആലി മുസ്‌ലിയാർ 1920ൽ ഖിലാഫത്ത് കമ്മിറ്റി രൂപവത്കരിച്ചപ്പോൾ വൈസ് പ്രസിഡന്റായി അധിനിവേശവിരുദ്ധ പോരാട്ടത്തിൽ സജീവമായി.

1921 ആഗസ്റ്റ് ഒന്നിന് നടന്ന തിരൂരങ്ങാടി ലഹളയിൽ ഒരു വലിയ സമൂഹത്തിന്റെയും പള്ളിയുടെയും സംരക്ഷണം കണക്കിലെടുത്ത് ആലി മുസ്‌ലിയാർ കീഴടങ്ങുകയായിരുന്നു. ഇദ്ദേഹത്തിന്റെ അനുയായികളെയും അറസ്റ്റ് ചെയ്ത് കോയമ്പത്തൂർ ജയിലിലടച്ചു. 1922 ഫെബ്രുവരി 17ന് ആലി മുസ്‌ലിയാരെയും അനുയായികളെയും തൂക്കിലേറ്റാൻ വിധിച്ചു.
എന്നാൽ വിധി നടപ്പാക്കുന്ന ദിവസം രാവിലെ രണ്ട് റകഅത്ത് സുന്നത്ത് നിസ്‌കരിച്ച ശേഷം പ്രാർഥനയിലായി നിസ്‌കാരപ്പായയിൽ വെച്ച് തന്നെ ആലി മുസ്‌ലിയാർ മരണപ്പെട്ടുവെന്നാണ് ഒരു വിഭാഗം ചരിത്രകാരന്മാർ പ്രദേശവാസികളെ ഉദ്ധരിച്ചു രേഖപ്പെടുത്തിയത്.

തൂക്കിക്കൊല്ലാനുള്ള വിധി ജയിലധികൃതർ നടപ്പാക്കാനൊരുങ്ങുമ്പോൾ സ്വാതന്ത്ര്യസമര നായകനായിരുന്ന ആ മഹാപണ്ഡിതന്റെ ശരീരത്തിൽ നിന്ന് ആത്മാവ് പിരിഞ്ഞു പോയിരുന്നു. തൂക്കിക്കൊല്ലുക എന്ന കോടതി വിധി നടപ്പാക്കാതിരിക്കാൻ ജയിലധികൃതർക്ക് ആകുമായിരുന്നില്ല. അതു കൊണ്ട് ആത്മാവ് പിരിഞ്ഞ അദ്ദേഹത്തെ കൊലക്കയറിൽ കുരുക്കുകയായിരുന്നുവെന്നാണ് ചരിത്രം രേഖപ്പെടത്തുന്നത്.

എന്നാൽ തൂക്കിക്കൊന്നതായി ബ്രിട്ടീഷുകാർ റെക്കോർഡിൽ രേഖപ്പെടുത്തുകയും ചെയ്തു. കോയമ്പത്തൂരിലെ മേട്ടുപ്പാളയം റോഡിൽ സുൽത്താൻപേട്ടയിലെ മുസ്‌ലിം ശ്മശാനത്തിലാണ് സ്വാതന്ത്ര്യ സമര സേനാനിയും ഖാദിരിയ്യ ത്വരീഖത്തിന്റെ ശൈഖുമായിരുന്ന ആലി മുസ്‌ലിയാരുടെ അന്ത്യവിശ്രമം.

Latest