Connect with us

Articles

ചൂടേറിയ ഒരു തിരഞ്ഞെടുപ്പ്

താരതമ്യേന താപനില കുറഞ്ഞ ഫെബ്രുവരി മാസത്തില്‍ മറ്റൊരിക്കലുമില്ലാത്ത നിലയില്‍ ഈ വര്‍ഷം താപനില ഉയര്‍ന്നതിനാലാണ് ആറ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പോലും പ്രഖ്യാപിക്കേണ്ടി വന്നിരിക്കുന്നത്. സ്വാഭാവികമായി മണ്‍സൂണ്‍ ലഭിക്കുകയാണെങ്കില്‍ തന്നെ അത് മൂന്ന് മാസം കഴിഞ്ഞിട്ടായിരിക്കും. അതുവരെ ഈ ചൂട് കൂടിക്കൊണ്ടേയിരിക്കാനാണ് സാധ്യത. ഇതിനെ നേരിടുന്നതെങ്ങനെ? തിരഞ്ഞെടുപ്പിന്റെ ചൂട് കൂടി ആകുമ്പോള്‍ എന്താകും അവസ്ഥ?

Published

|

Last Updated

2016ല്‍ സംസ്ഥാന നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്ന കാലം ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാകും. അതി കഠിനമായ ചൂടുകൊണ്ട് കേരളം കത്തുകയായിരുന്നു. അന്ന് ഈ ലേഖകനെപ്പോലുള്ളവര്‍ ഉയര്‍ത്തിയ ഒരു ചോദ്യം അഥവാ സംശയം ഉണ്ട്. ഇത്ര രൂക്ഷമായ കാലാവസ്ഥാ പ്രതിസന്ധി (അതിനെ കാലാവസ്ഥാ മാറ്റം എന്ന് പറയരുത്, പ്രതിസന്ധി തന്നെയാണിത്) ഉണ്ടായിട്ടും തിരഞ്ഞെടുപ്പില്‍ വാശിയോടെ മത്സരിക്കുന്ന ഒരു മുന്നണിയുടെയും പ്രകടനപത്രികയില്‍ കാലാവസ്ഥാ മാറ്റം എന്ന വാക്ക് പോലും ഉണ്ടാകാതിരുന്നതെന്തുകൊണ്ട് എന്നായിരുന്നു ആ ചോദ്യം. വരും കാലത്ത് നമ്മുടെ സാമ്പത്തിക വികസന നയങ്ങളെ മുഴുവന്‍ സ്വാധീനിക്കാന്‍ പോകുന്ന പ്രധാന ഘടകം കാലാവസ്ഥ ആണെന്ന് ലോകം മുഴുവന്‍ അംഗീകരിച്ചിട്ടും നമ്മുടെ കണ്ണ് തുറക്കാതിരിക്കുന്നതെന്തുകൊണ്ട്? അതിനു ശേഷം കേരളം കടന്നു പോന്ന വര്‍ഷങ്ങള്‍ മറക്കാറായിട്ടില്ലല്ലോ. ഓഖി, രണ്ട് വര്‍ഷത്തെ തുടര്‍ച്ചയായ പ്രളയങ്ങള്‍, തീര്‍ത്തും കാലം തെറ്റിയും ക്രമം തെറ്റിയുമുള്ള മഴകള്‍, ഉരുള്‍ പൊട്ടലുകള്‍… ഇത്രയൊക്കെ ആയിട്ടും നമ്മള്‍ എന്തെങ്കിലും പഠിച്ചുവോ?

ഇപ്പോള്‍ ഈ ചോദ്യം ഉയര്‍ത്താനുള്ള കാരണം പറയേണ്ടതില്ല. രാജ്യമാകെ ഒരു പൊതു തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുകയാണ്. ഇന്ത്യയുടെ ഭാവി സംബന്ധിച്ച് ഏറെ നിര്‍ണായകമാണ് ഈ തിരഞ്ഞെടുപ്പ്. ജനാധിപത്യം, മതേതരത്വം തുടങ്ങിയ ഇന്ത്യ എന്ന സങ്കല്‍പ്പത്തിന്റെ അടിസ്ഥാന ശിലകള്‍ പോലും ഇളക്കുന്നവര്‍ അധികാരത്തില്‍ തുടരാന്‍ പാടില്ലെന്ന് നമുക്കെല്ലാം നിര്‍ബന്ധമുണ്ട്. ആ രാഷ്ട്രീയം പലവട്ടം പറഞ്ഞതുമാണ്. കേരളത്തില്‍ ഈ തിരഞ്ഞെടുപ്പ് കാലം കഠിനമായ ചൂടിന്റെ കാലമാകും എന്നുറപ്പാണ്. താരതമ്യേന താപനില കുറഞ്ഞ ഫെബ്രുവരി മാസത്തില്‍ മറ്റൊരിക്കലുമില്ലാത്ത നിലയില്‍ ഈ വര്‍ഷം താപനില ഉയര്‍ന്നതിനാലാണ് ആറ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പോലും പ്രഖ്യാപിക്കേണ്ടി വന്നിരിക്കുന്നത്. സ്വാഭാവികമായി മണ്‍സൂണ്‍ ലഭിക്കുകയാണെങ്കില്‍ തന്നെ അത് മൂന്ന് മാസം കഴിഞ്ഞിട്ടായിരിക്കും. അതുവരെ ഈ ചൂട് കൂടിക്കൊണ്ടേയിരിക്കാനാണ് സാധ്യത. ഇതിനെ നേരിടുന്നതെങ്ങനെ? തിരഞ്ഞെടുപ്പിന്റെ ചൂട് കൂടി ആകുമ്പോള്‍ എന്താകും അവസ്ഥ?
വരുന്ന മൂന്ന് മാസക്കാലം നമ്മള്‍ എന്തെല്ലാം പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വരും? സാധാരണയായി താപനില അധികമാകുന്ന പാലക്കാട്ടും പുനലൂരുമല്ല ഇത്തവണ റെഡ് അലര്‍ട്ട് വന്നിരിക്കുന്നതെന്നും ഓര്‍ക്കണം. തീരദേശ ജില്ലകളായ കണ്ണൂരും എറണാകുളവും ആലപ്പുഴയും ഇതില്‍ വരുന്നു. അതിന്റെ അര്‍ഥം അറബിക്കടലില്‍ ചില മാറ്റങ്ങള്‍ ഉണ്ടായിരിക്കുന്നു എന്ന് കൂടിയാണ്. അതിന്റെ പ്രത്യാഘാതങ്ങള്‍ നമ്മുടെ പരിഗണനയില്‍ പോലും വന്നിട്ടില്ല.

ഇത്രയുയര്‍ന്ന താപനില നമ്മെ ഏതെല്ലാം വിധത്തില്‍ ബാധിക്കും? പകല്‍ സമയത്തില്‍ നല്ലൊരു പങ്കും പുറത്തിറങ്ങരുതെന്നും തെരുവിലും തുറന്ന മറ്റിടങ്ങളിലും ജോലിക്കോ മറ്റെന്തെങ്കിലും ആവശ്യത്തിനോ നില്‍ക്കരുതെന്നും വെള്ളം ധാരാളം കുടിക്കണമെന്നും മറ്റുമുള്ള ഔദ്യോഗിക നിര്‍ദേശങ്ങളൊക്കെ നല്ലതു തന്നെ. പക്ഷേ അവിടെ തീരുന്നുവോ സര്‍ക്കാര്‍ ഉത്തരവാദിത്വം? അതുകൊണ്ട് ഈ കൊടും ചൂടിനെ നേരിടാന്‍ കഴിയുമോ? കുടിവെള്ളത്തിന് കടുത്ത ക്ഷാമം പലയിടത്തും അനുഭവപ്പെടുന്നു. നദികളടക്കമുള്ള സ്വാഭാവിക ജലസ്രോതസുകളെല്ലാം പലവിധത്തില്‍ നശിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. നെല്‍വയല്‍ തണ്ണീര്‍ത്തട നിയമങ്ങള്‍ വികസനത്തിന് തടസ്സമായിട്ടാണ് ഭരണക്കാര്‍ കാണുന്നത്. ഏറ്റവും കൂടുതല്‍ നെല്‍വയല്‍ കരഭൂമിയാക്കി മാറ്റിക്കൊടുത്ത ഒരു ഉദ്യോഗസ്ഥയെ ഏറ്റവും മികച്ച ആര്‍ ഡി ഒ ആയി തിരഞ്ഞെടുത്തിരിക്കുന്നു. എല്ലാ നിയമങ്ങളും ലംഘിച്ചും പാറമടകള്‍ നടത്തുന്നവരെ സഹായിക്കുക എന്നതാണ് സര്‍ക്കാര്‍ നയം. ഏറ്റവുമൊടുവില്‍ പുഴമണല്‍ വാരാനുള്ള അനുമതിയും നല്‍കിയിരിക്കുന്നു. ഒരു കാലത്ത് നദിക്കരയിലുള്ള പ്രദേശങ്ങളില്‍ ജലസമൃദ്ധിയുണ്ടായിരുന്നു. എന്നാല്‍ പുഴയിലെ മണലെല്ലാം വാരി ആഴം കൂട്ടി ചെളിക്കുഴികള്‍ രൂപപ്പെട്ടതോടെ അവിടമെല്ലാം മരുവത്കരിക്കപ്പെട്ടതാണ്. പ്രളയകാലത്ത് അണക്കെട്ടുകള്‍ തുറന്നപ്പോള്‍ വന്ന കുറച്ചു മണല്‍ നദികളില്‍ ഉണ്ട്. അതിലാണ് ഇപ്പോള്‍ പലരുടെയും കണ്ണ്. പുഴയിലെ മണലെല്ലാം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ളതാണ് എന്നാണ് നമ്മുടെ ധാരണ. പുഴയുടെ മജ്ജയാണ് മണല്‍. പ്രകൃതി നിര്‍മിച്ച തടയണകളാണ് മണല്‍. ഓരോ പുഴയിലും എത്ര മണല്‍ ആവശ്യമാണ് എന്നൊക്കെ നമ്മുടെ ശാസ്ത്രജ്ഞന്മാര്‍ പഠനം നടത്തി നിര്‍ണയിച്ചിട്ടുണ്ട്. പക്ഷേ അതൊന്നും നമുക്ക് ബാധകമല്ല. പുഴകളില്‍ യന്ത്രം ഉപയോഗിച്ചുകൊണ്ട് മണല്‍ ഖനനം നടത്താന്‍ പാടില്ലെന്ന് കേന്ദ്ര നിയമവും സുപ്രീം കോടതി വിധികളും ഉണ്ട്. പാലങ്ങളില്‍ നിന്ന് ഇത്ര ദൂരെ നിന്ന് മാത്രമേ മണല്‍ എടുക്കാവൂ എന്ന് നിയമം ഉണ്ട്. പക്ഷേ ഇതൊന്നും നമുക്ക് ബാധകമല്ല. കാരണം വികസനമാണ് നമ്മുടെ ലക്ഷ്യം. എത്ര പാലങ്ങള്‍ മണല്‍ വാരല്‍ മൂലം കേരളത്തില്‍ തകര്‍ന്നിട്ടുണ്ട്? പക്ഷേ തകര്‍ന്നാല്‍ അത് പുനര്‍നിര്‍മിക്കുമ്പോള്‍ കൂടുതല്‍ വികസനം ഉണ്ടാകുന്നു എന്ന് നമ്മള്‍ ധരിക്കുന്നു.

മരങ്ങള്‍ നടുക എന്നത് ഒരു ഫാഷനാണ്. പ്രത്യേകിച്ചും പരിസ്ഥിതി ദിനത്തില്‍ ലക്ഷക്കണക്കിന് മരങ്ങളാണ് സര്‍ക്കാര്‍ പണം ഉപയോഗിച്ചും സന്നദ്ധ സംഘടനകള്‍ വഴിയും ഇവിടെ നടുന്നത്. എന്നാല്‍ ആ മരങ്ങളില്‍ ഒരു ശതമാനം പോലും വളര്‍ന്നു വരാറില്ല എന്നത് നമ്മുടെ അനുഭവം. മരങ്ങള്‍ നല്‍കുന്ന സേവനങ്ങളെ പറ്റി നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ ഏറെ പ്രസംഗിക്കുകയും ചെയ്യും. പക്ഷേ നമ്മുടെ നയം പരമാവധി എല്ലാ മരങ്ങളും വെട്ടി മാറ്റലാണ് എന്ന് അനുഭവം.
ഇപ്പോള്‍ ഏറെ ചര്‍ച്ചയായിരിക്കുന്ന വന്യമൃഗങ്ങളും മനുഷ്യരും തമ്മിലുള്ള സംഘര്‍ഷം എന്ന വിഷയത്തില്‍ ഏറ്റവും പ്രധാനമായ കാര്യം വനങ്ങളുടെ ശോഷണമാണ് എന്ന് ആര്‍ക്കും എളുപ്പം മനസ്സിലാകും. കാട്ടില്‍ മൃഗങ്ങള്‍ക്കാവശ്യമായ വെള്ളമോ ഭക്ഷണമോ കിട്ടാനില്ല. കാലാവസ്ഥാ മാറ്റം അതിനൊരു കാരണമാണെന്നും നമ്മള്‍ അറിയുന്നില്ല. അതിനെ മൂര്‍ഛിപ്പിക്കുന്ന വിധത്തിലാണ് കുറെ വര്‍ഷങ്ങളായി വനത്തില്‍ നമ്മള്‍ നടത്തിയ ഇടപെടലുകള്‍. വന്‍കിട കമ്പനികള്‍ക്ക് മുളയും മറ്റു പാഴ് മരങ്ങളും ലഭ്യമാക്കുന്നതിനായി സാമൂഹിക വനവത്കരണമെന്ന പേരില്‍ നമ്മള്‍ വളര്‍ത്തിയ യൂക്കാലി പോലുള്ള അന്യദേശ വൃക്ഷങ്ങള്‍ മഹാ ദുരന്തമായിരുന്നു എന്ന് സര്‍ക്കാറുകള്‍ക്ക് തന്നെ സമ്മതിക്കേണ്ടി വന്നിരിക്കുന്നു. അവ പിഴുതെറിയാന്‍ വീണ്ടും കോടികള്‍ മുടക്കുന്നു എന്നും പറയുന്നു. ഈ മരങ്ങള്‍ വനങ്ങളെ മരുവത്കരിച്ചിരിക്കുന്നു എന്ന് നമുക്കറിയാമോ? മിക്ക ജലസ്രോതസ്സുകളും വറ്റി വരണ്ടിരിക്കുന്നു. സെന്ന പോലുള്ള അധിനിവേശ സസ്യങ്ങള്‍ സൃഷ്ടിച്ച പാരിസ്ഥിതിക നാശം എത്ര വലുതാണെന്ന് കാണുന്നു. വനങ്ങള്‍ നമ്മുടെ സൂക്ഷ്മകാലാവസ്ഥയെ എത്രമാത്രം നിയന്ത്രിക്കുന്നു എന്ന് നന്നായറിയാമെങ്കിലും വനങ്ങളുടെ കൈയേറ്റങ്ങളും വിനാശങ്ങളും തടയപ്പെടുന്നതേയില്ല.

എന്തായാലും വാശിയേറിയ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളും നേതാക്കളും പ്രവര്‍ത്തകരുമെല്ലാം ഏറെ കഷ്ടപ്പെടും എന്ന് തീര്‍ച്ചയാണ്. അവരുടെ കടമയാണത്. പക്ഷേ ഇതിനിരകളാകുന്ന സാധാരണ ജനങ്ങളോ? അവർ ശുദ്ധജലം പോലും കിട്ടാന്‍ വിഷമിക്കുന്നു. അതി താപനില വിവിധ രോഗങ്ങള്‍ക്ക് കാരണമാകുന്നു. അന്തരീക്ഷത്തിലെ പൊടിയും മറ്റു മാലിന്യങ്ങളും രോഗാതുരത വര്‍ധിപ്പിക്കുന്നു. കൃഷിയുടെ ഉള്ള സാധ്യത പോലും മങ്ങുന്നു. അനൗപചാരിക തൊഴിലുകളും ഇല്ലാതാകുന്നു. തെരുവ് കച്ചവടക്കാരുടെയും അന്യസംസ്ഥനങ്ങളില്‍ നിന്ന് വന്ന് ഒരു മേല്‍ക്കൂര പോലുമില്ലാതെ കഴിയുന്ന മനുഷ്യരുടെയും അവസ്ഥ ദുരിതമാണ്. പക്ഷേ ഇതൊന്നും നമ്മുടെ തിരഞ്ഞെടുപ്പില്‍ വിഷയമാകില്ല. കേരളം എന്ന ഈ ചെറിയ തുണ്ട് ഭൂമി നേരിടുന്ന ഭീഷണികള്‍ വളരെ വലുതാണെന്ന് നമ്മള്‍ ചിന്തിക്കാറേയില്ല. രോഗലക്ഷണങ്ങള്‍ക്കുള്ള ചികിത്സ മാത്രമാണ് നമ്മള്‍ ചെയ്യുന്നത്.