Kerala
സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരതാ പരിശീലന മൊഡ്യൂള്‍ പ്രകാശനം ചെയ്തു
സാങ്കേതിക കാര്യങ്ങളില്‍ ഒരു മുന്നറിവും ഇല്ലാത്തവര്‍ക്ക് പോലും എളുപ്പം മനസിലാക്കി മുന്നേറാവുന്ന രൂപത്തിലാണ് മൊഡ്യൂളിന്റെ ഉള്ളടക്ക ക്രമീകരണം.

തിരുവനന്തപുരം | സംസ്ഥാനത്ത് സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത എന്ന ലക്ഷ്യം നേടാനായി ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിനും ഇന്റര്‍നെറ്റില്‍ പ്രായോഗിക പരിചയം നേടുന്നതിനുമുള്ള പരിശീലന മൊഡ്യൂള്‍ കൈറ്റ് പുറത്തിറക്കി. അഞ്ച് ദിവസം രണ്ട് മണിക്കൂര്‍ വീതം ആകെ പത്ത് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരിശീലനത്തില്‍ സ്മാര്‍ട്ട് ഫോണ്‍ സൗകര്യങ്ങള്‍, ഇന്റര്‍നെറ്റ് ലോകം, ഓണ്‍ലൈന്‍ പണമിടപാടുകള്‍, സാമൂഹിക മാധ്യമങ്ങള്‍, ഇ-മെയില്‍ സേവനങ്ങള്‍ എന്നിങ്ങനെ അഞ്ചു ഭാഗങ്ങളുണ്ട്. പരിശീലന മൊഡ്യൂളിനോടൊപ്പം ഉപയോഗിക്കാന്‍ പ്രായോഗിക മാതൃകകളെ വര്‍ണാഭമായി വിവരിക്കുന്ന 264 സ്ലൈഡുകള്‍ അടങ്ങിയ പ്രസന്റേഷനുകള്‍ ലഘു വീഡിയോകള്‍ എന്നിവയും കൈറ്റ് ഇതിനായി തയാറാക്കിയിട്ടുണ്ട്.
പദ്ധതി ആദ്യ ഘട്ടത്തില്‍ നടപ്പാക്കുന്ന തളിപ്പറമ്പ് നിയോജക മണ്ഡലം എം എല്‍ എ. എം വി ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് നല്‍കി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി മൊഡ്യൂള്‍ പ്രകാശനം ചെയ്തു. കൈറ്റ് സി ഇ ഒ. കെ അന്‍വര്‍ സാദത്ത്, വിദ്യാഭ്യാസ സമിതി ചെയര്‍മാന്‍ കെ സി ഹരികൃഷ്ണന്‍ സംബന്ധിച്ചു.
സാങ്കേതിക കാര്യങ്ങളില്‍ ഒരു മുന്നറിവും ഇല്ലാത്തവര്‍ക്ക് പോലും എളുപ്പം മനസിലാക്കി മുന്നേറാവുന്ന രൂപത്തിലാണ് മൊഡ്യൂളിന്റെ ഉള്ളടക്ക ക്രമീകരണം. ‘സ്മാര്‍ട്ട് ഫോണ്‍ സൗകര്യങ്ങള്‍’ എന്ന ആദ്യഭാഗത്ത് മൊബൈല്‍ ഫോണിലെ അലാം ക്രമീകരിക്കല്‍ പോലുള്ള പ്രാഥമിക കാര്യങ്ങളില്‍ തുടങ്ങി ഇന്റര്‍നെറ്റ് കണക്ടിവിറ്റി ലഭ്യമാക്കല്‍, വ്യത്യസ്ത ആപ്പുകളുടെ ഇന്‍സ്റ്റലേഷന്‍, പ്ലേ സ്റ്റോര്‍, പല ഭാഷകളില്‍ കുറിപ്പുകള്‍ തയാറാക്കല്‍ ഉള്‍പ്പെടെയുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ ഘട്ടം ഘട്ടമായി പരിചയപ്പെടുത്തുന്നു.
വോയ്സ് ടൈപ്പിങ്, സ്‌ക്രീന്‍ ലോക്കിങ്, അനാവശ്യ ആപ്പുകള്‍ ഒഴിവാക്കുന്നത് തുടങ്ങിയവയും ഈ ഭാഗത്ത് പരിചയപ്പെടും. ‘ഇന്റര്‍നെറ്റ് ലോകം’ എന്ന രണ്ടാം ഭാഗം വിവരങ്ങള്‍ അന്വേഷിച്ചു കണ്ടെത്താനുള്ള വിവിധ മാര്‍ഗങ്ങള്‍ (സേര്‍ച്ചിംഗ്) പരിചയപ്പെട്ടു കൊണ്ടാണ് ആരംഭിക്കുന്നത്. വോയ്സ് സേര്‍ച്ച്, ഇമേജ് സേര്‍ച്ച്, വിക്കിപീഡിയ തുടങ്ങിയ കാര്യങ്ങള്‍ക്കൊപ്പം രേഖകള്‍ക്കൊരു സുരക്ഷിതയിടം എന്ന തലത്തില്‍ ‘ഡിജിലോക്കര്‍’ ഉപയോഗവും വിശദീകരിക്കുന്നു. മൊഴിമാറ്റ രീതികള്‍ പഠിതാവ് നേരിട്ട് ചെയ്ത് പരിചയപ്പെടുന്നുണ്ട്. ഗൂഗിള്‍ ലെന്‍സ്, ട്രാന്‍സ്ലേഷന്‍ തുടങ്ങിയ സംവിധാനങ്ങളും ഈ ഭാഗത്ത് ഉള്‍പ്പെടുത്തിയിട്ടുണ്ട്.