Kerala
ആംബുലന്‍സിന്റെ വാതില്‍ തുറക്കാത്തതിനാല്‍ രോഗി മരിച്ച സംഭവം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍
ജില്ലയിലെ ആംബുലന്‍സുകളുടെ സുരക്ഷ പരിശോധിക്കണമെന്ന് കമ്മീഷന്‍. ഇതുസംബന്ധിച്ച് റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ വിശദീകരണം സമര്‍പ്പിക്കണം.

കോഴിക്കോട് | കോഴിക്കോട്ട് ആംബുലന്‍സിന്റെ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് രോഗി മരിച്ച സംഭവത്തില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ജില്ലയിലെ ആംബുലന്‍സുകളുടെ സുരക്ഷ പരിശോധിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ വിശദീകരണം സമര്‍പ്പിക്കണം.
അപകടത്തില്‍ പരുക്കേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച ഫറോക്ക് സ്വദേശി കോയമോന്‍ (66) ആണ് ആംബുലന്‍സിന്റെ വാതില്‍ തുറക്കാത്തതിനാല്‍ അകത്തു കുടുങ്ങി മരിച്ചത്. ആംബുലന്‍സിന്റെ വാതില്‍ തുറക്കാന്‍ കഴിയാതെ അരമണിക്കൂറിലേറെയാണ് കോയമോന്‍ ആംബുലന്‍സില്‍ കുടുങ്ങിക്കിടന്നത്.
കഴിഞ്ഞ ദിവസം വൈകിട്ട് ബൈക്ക് അപകടത്തില്‍ പരുക്കേറ്റ കോയമോനെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. നില ഗുരുതരമായതോടെ ബീച്ച് ആശുപത്രിയുടെ ആംബുലന്‍സില്‍ കോയമോനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിക്കുകയായിരുന്നു. ആംബുലന്‍സിന്റെ വാതില്‍ തുറക്കാന്‍ കഴിയാതെ വന്നതോടെ മഴു ഉപയോഗിച്ച് വാതില്‍ വെട്ടിപ്പൊളിച്ച് കോയമോനെ പുറത്തെത്തിച്ച് മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ ഡി എം ഒ റിപ്പോര്‍ട്ട് തേടി. ബീച്ച് ആശുപത്രി ആര്‍ എം ഒ അന്വേഷണം നടത്തും.