International
ഇസ്‌റാഈലിനെ പിന്തുണക്കുന്ന ലേബര്‍ പാര്‍ട്ടി നേതാവിന്റെ നിലപാടില്‍ പ്രതിഷേധിച്ച് ബ്രിട്ടീഷ് എം.പി രാജിവച്ചു
തൊഴില്‍ അവകാശങ്ങളും സംരക്ഷണവും ഉറപ്പുവരുത്താനുള്ള യു.കെയിലെ ഷാഡോ മിനിസ്റ്റര്‍ ആണ് രാജിവച്ച ഇംറാന്‍ ഹുസൈന്‍.
ലണ്ടന്‍| ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്ന ആക്രമണത്തെ പിന്തുണക്കുന്ന ലേബര്‍ പാര്‍ട്ടി നേതാവ് കെയര്‍ സ്റ്റാര്‍മറിന്റെ നിലപാടില്‍ പ്രതിഷേധിച്ച് ബ്രിട്ടീഷ് എം.പി രാജിവച്ചു. ലേബര്‍ പാര്‍ട്ടി എം.പി ഇംറാന്‍ ഹുസൈനാണ് രാജിവച്ചത്. തൊഴില്‍ അവകാശങ്ങളും സംരക്ഷണവും ഉറപ്പുവരുത്താനുള്ള യു.കെയിലെ ഷാഡോ മിനിസ്റ്റര്‍ ആണ് രാജിവച്ച ഇംറാന്‍ ഹുസൈന്‍.
ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്ന മനുഷ്യക്കുരുതിയില്‍ കെയര്‍ സ്റ്റാര്‍മര്‍ സ്വീകരിച്ച നിലപാടിനെതിരാണ് തന്റെ വീക്ഷണമെന്ന് ഇംറാന്‍ ഹുസൈന്‍ രാജിക്കത്തില്‍ പറഞ്ഞു. ഒക്ടോബര്‍ 11ന് നല്‍കിയ ഒരു അഭിമുഖത്തില്‍ ഗസ്സയിലെ ഇസ്‌റാഈല്‍ സൈനിക നടപടിയെ അനുകൂലിക്കുന്നതായി കെയര്‍ സ്റ്റാര്‍മര്‍ അഭിപ്രായപ്പെട്ടതായും ഇംറാന്‍ ഹുസൈന്‍ ചൂണ്ടിക്കാട്ടി. ലേബര്‍ പാര്‍ട്ടി ഇസ്‌റാഈലിനോട് വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യണമെന്നാണ് ഹുസൈന്റെ ആവശ്യം.