poison added drinking water
ഹോസ്റ്റലിലെ കുടിവെള്ളത്തില്‍ വിഷം കലര്‍ത്തിയ ഒമ്പതാം ക്ലാസ്സുകാരന് അറസ്റ്റില്‍
കോലാര്‍ കെ ജി എഫിലെ മോറാര്‍ജി ദേശായി റെസിഡന്‍ഷ്യല്‍ സ്കൂള്‍ വിദ്യാര്‍ഥിയാണ് പ്രതി.

ബംഗളൂരു | ഹോസ്റ്റലിലെ കുടിവെള്ളത്തില്‍ എലിവിഷം കലര്‍ത്തി ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ഥി. വിഷം കലര്‍ന്ന വെള്ളം കുടിച്ച് മൂന്ന് വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍ ആയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് 14കാരന് അറസ്റ്റിലായത്.
കോലാര്‍ കെ ജി എഫിലെ മോറാര്‍ജി ദേശായി റെസിഡന്‍ഷ്യല്‍ സ്കൂള്‍ വിദ്യാര്‍ഥിയാണ് പ്രതി. രക്ഷിതാക്കളുടെ സമ്മര്‍ദ്ദം മൂലം ഇഷ്ടമില്ലാത്ത സ്കൂളില്‍ പ്രതിക്കു ചേരേണ്ടി വന്നതാണ് ഇത്തരം ഒരു ക്രൂരകൃത്യത്തിലേക്ക് പ്രതിയെ നയിച്ചത്. തിങ്കളാഴ്ച അവധി കഴിഞ്ഞ് വീട്ടില്‍ നിന്ന് സ്കൂളില്‍ എത്തിയ വിദ്യാര്‍ത്ഥി, ഹോസ്റ്റലിന് അവധി ലഭിച്ചാല്‍ തിരികെ വീട്ടിലേക്കു പോകാം എന്നു കരുതിയതിയാണ് കുടിവെള്ളത്തില്‍ വിഷം കലര്‍ത്തിയത്.
കൃത്യം നിര്‍വഹിക്കാന്‍ വിഷം വീട്ടില്‍ നിന്നു കൊണ്ടു വരികയും ചെയ്തു. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനുമുമ്പാകെ ഹാജരാക്കിയ ഒന്‍പതാം ക്ലാസ്സുകാരനെ സര്‍ക്കാരിന്റെ പുനരധിവാസകേന്ദ്രത്തിലേക്കയച്ചു.