Kerala
91കാരിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം സ്വര്‍ണം കവര്‍ന്നു; പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവ്
വീട്ടില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന 91കാരിയായ വയോധികയെ പീഡിപ്പിച്ച് കഴുത്തിലെ രണ്ടര പവനോളമുള്ള സ്വര്‍ണമാല കവരുകയായിരുന്നു.

തൃശൂര്‍ | ഇരിങ്ങാലക്കുടയില്‍ വൃദ്ധയെ വീട്ടില്‍ അതിക്രമിച്ച് കയറി ലൈംഗികാതിക്രമം നടത്തി സ്വര്‍ണമാല കവര്‍ന്ന കേസില്‍ പ്രതിയ്ക്ക് ഇരട്ട ജീവപര്യന്തം തടവ്. കൂടാതെ 15 വര്‍ഷം കഠിനതടവും 1,35,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പാലക്കാട് ആലത്തൂര്‍ കിഴക്കുഞ്ചേരി കണ്ണംക്കുളം സ്വദേശി അവിഞ്ഞിക്കാട്ടില്‍ വിജയകുമാറി (ബിജു) നെയാണ് അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി വിവീജ സേതുമോഹന്‍ ശിക്ഷിച്ചത്.
2022 ആഗസ്ത് മൂന്നിനാണ് കേസിനാസ്പദമായ സംഭവം. വീട്ടില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന 91കാരിയായ വയോധികയെ പീഡിപ്പിച്ച് കഴുത്തിലെ രണ്ടര പവനോളമുള്ള സ്വര്‍ണമാല കവരുകയായിരുന്നു. സംഭവം നടന്ന് 8 മാസത്തിനകം അതിജീവിത മരിച്ചു. ബലാത്സംഗത്തിനും കവര്‍ച്ചയ്ക്കും ഇരട്ട ജീവപര്യന്തവും ഭവനഭേദനത്തിന് 10 വര്‍ഷം കഠിനതടവും സ്ത്രീത്വത്തെ അപമാനിച്ചതിന് 5 വര്‍ഷം കഠിനതടവുമാണ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ 16 മാസം കഠിന തടവും അനുഭവിക്കണം. പ്രതിയെ തൃശൂര്‍ ജില്ലാ ജയിലില്‍ റിമാന്‍ഡ് ചെയ്തു. പിഴത്തുക അതിജീവിതയുടെ അനന്തരാവകാശികള്‍ക്ക് നഷ്ടപരിഹാരമായി നല്‍കണം