National
രാജേഷ് രഞ്ജൻ അഥവാ പപ്പു യാദവിന്റെ സ്വതന്ത്രവേഷത്തിലുള്ള പുറപ്പാട് മണ്ഡലത്തെയാകെ ഇളക്കിമറിച്ചിരിക്കുന്നു.
എൻ ഡി എയുടെ സുരക്ഷിത മണ്ഡലത്തിൽ ഇന്ത്യ സഖ്യം നിശ്ചയദാർഢ്യത്തോടെ നടത്തുന്ന വെല്ലുവിളി യായിരുന്നു ഇത്തവണ ഇവിടെ ചർച്ചയാകേണ്ടിയിരുന്നത്. പക്ഷേ, ഒരൊറ്റ സ്വതന്ത്ര സ്ഥാനാർഥിയിലൂടെ ചിത്രം മറ്റൊന്നായിരിക്കുന്നു. സംഭവം ബിഹാറിലെ വടക്കുകിഴക്കൻ മണ്ഡലമായ പൂർണിയയിലാണ്. രാജേഷ് രഞ്ജൻ അഥവാ പപ്പു യാദവിന്റെ സ്വതന്ത്രവേഷത്തിലുള്ള പുറപ്പാട് മണ്ഡലത്തെയാകെ ഇളക്കിമറിച്ചിരിക്കുന്നു. ജൂൺ നാലിന് വോട്ടെണ്ണിത്തീരുന്പോൾ പപ്പു യാദവ് വിജയക്കുതിപ്പുള്ള കുതിരയായി മാറിയേക്കാമെന്ന് അടുത്തിടെ പുറത്തുവന്ന അഭിപ്രായ സർവേ ഫലങ്ങൾ ചൂണ്ടിക്കാട്ടുന്നു.
ഹാട്രിക് ലക്ഷ്യം
മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെ ഡി യുവിൽ നിന്നുള്ള സിറ്റിംഗ് എം പി സന്തോഷ് കുമാർ തുടർച്ചയായ മൂന്നാം വിജയം ലക്ഷ്യമിട്ടാണ് എൻ ഡി എക്ക് വേണ്ടി ഇറങ്ങിയിരിക്കുന്നത്. അടുത്തിടെ ജെ ഡി യുവിൽ നിന്ന് രാജിവെച്ച് ആർ ജെ ഡിയിലെത്തിയ ബീമാ ഭാരതിക്കാണ് മണ്ഡലം പിടിക്കാനുള്ള ഇന്ത്യ സഖ്യത്തിന്റെ ചുമതല.
ചിത്രം ഇവിടെ വ്യക്തമാകേണ്ടിയിരുന്ന സാഹചര്യത്തിലാണ് അപ്രതീക്ഷിത ട്വിസ്റ്റുമായി പപ്പു യാദവിന്റെ രംഗപ്രവേശം. 1990കളിൽ രണ്ട് തവണ സ്വതന്ത്രനായും ഒരിക്കൽ സമാജ്വാദി പാർട്ടി (എസ് പി)ക്കാരനായും പൂർണിയയെ പാർലിമെന്റിൽ പ്രതിനിധാനം ചെയ്തിട്ടുള്ള ഇദ്ദേഹം അടുത്തിടെ സ്വന്തം പാർട്ടിയായ ജൻ അധികാർ പാർട്ടിയെ ലയിപ്പിച്ച് കോൺഗ്രസ്സുകാരനായതാണ്.
പക്ഷേ, ആഗ്രഹിച്ചത് പോലെ പൂർണിയയിൽ മത്സരിക്കാനുള്ള അവസരം ഇന്ത്യ സഖ്യം നൽകിയില്ല.
രാഹുൽ നേതാവ്
ഇന്ത്യയുടെ നറുക്ക് ആർ ജെ ഡിക്ക് വീണപ്പോൾ പപ്പു യാദവ് സ്വതന്ത്ര സ്ഥാനാർഥിയാകാൻ തീരുമാനിക്കുകയായിരുന്നു. “രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കും’ എന്ന ആവേശപ്രസംഗവുമായി കളം നിറയുന്ന അദ്ദേഹത്തെ തള്ളിപ്പറയാൻ കോൺഗ്രസ്സ് ഇതുവരെ തയ്യാറായിട്ടില്ല എന്നിടത്താണ് കളി കാര്യമാകുന്നത്. ബൈക്ക് റാലിയുമായെത്തി മണ്ഡലത്തിൽ നാമനിർദേശ പത്രിക സമർപ്പിച്ചതോടെ പക്ഷേ, പപ്പു യാദവ് തലവേദനയായത് രണ്ട് മുന്നണികൾക്കുമാണ്. ഭഗൽപൂരിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യാൻ രാഹുൽ ഗാന്ധിയെത്തിയപ്പോൾ ബീമാ ഭാരതിയെ ക്ഷണിച്ചതിലൂടെ കോൺഗ്രസ്സ് അവരുടെ നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണ്.
എന്നാൽ, കഴിഞ്ഞ ഒരു വർഷമായി “പ്രണാം പൂർണി’ എന്ന പേരിൽ പപ്പു യാദവ് മണ്ഡലത്തിൽ നടത്തിവന്ന പ്രചാരണം സിറ്റിംഗ് എം പിയുടെ അനായാസ ജയമെന്ന മോഹത്തിന് മേൽ കരിനിഴൽ വീഴ്ത്തിയെന്നാണ് വോട്ടർമാർ പറയുന്നത്. സാധാരണക്കാർക്കൊപ്പം ഭക്ഷണം പങ്കിട്ടും സീറ്റ് നിഷേധത്തിൽ അവർക്കു മുന്നിൽ “അപമാനത്തിന്റെ കണ്ണീർ’ പൊഴിച്ചും യാദവ് മണ്ഡലത്തെ കൈയിലെടുക്കുന്നു. ബൈക്കിൽ മണ്ഡലത്തിൽ തലങ്ങും വിലങ്ങുമോടുന്നു. ബി ജെ പിയുടെ സവർണവോട്ട് ബേങ്കിന്റെയും മുസ്ലിം- യാദവ കൂട്ടുകെട്ടിന്റെയും അടിത്തറയിളക്കി വിജയിക്കുമെന്നാണ് അദ്ദേഹത്തിന്റെ ആത്മവിശ്വാസം.
പൂർണിയയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്ത റാലിയിൽ നിന്ന് നിതീഷ് കുമാർ വിട്ടുനിന്നതിന്റെ രാഷ്ട്രീയ വിശകലനങ്ങൾ നടക്കുന്നുമുണ്ട്.