International
മ്യാന്മറില്‍ കപ്പലുകള്‍ മുങ്ങി 427 റോഹിങ്ക്യന്‍ മുസ്ലിംകള്‍ മരിച്ചു
റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ കടലില്‍ മരണപ്പെട്ട ഏറ്റവും വലിയ ദുരന്തമാണിതെന്ന് ഐക്യരാഷ്ട്ര സഭ

നെയ്പിഡോ | മ്യാന്മര്‍ തീരത്ത് രണ്ട് കപ്പല്‍ അപകടങ്ങളിലായി 427 റോഹിങ്ക്യന്‍ മുസ്ലിംകള്‍ മുങ്ങി മരിച്ചതായി റിപോര്‍ട്ട്. ഈ മാസം ഒമ്പതിനും പത്തിനും നടന്ന കപ്പല്‍ അപകടങ്ങളിലാണ് മ്യാന്‍മറിലെ മുസ്ലിം ന്യൂനപക്ഷമായ റോഹിങ്ക്യകള്‍ മരിച്ചതെന്ന് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കി. റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ കൂട്ടത്തോടെ കടലില്‍ മരണപ്പെട്ട ഏറ്റവും വലിയ അപകടമാണിതെന്ന് ഐക്യരാഷ്ട്ര സഭ അഭയാര്‍ഥികള്‍ക്കായുള്ള ഹൈക്കമ്മീഷണര്‍ വ്യക്തമാക്കി.
എന്താണ് അപകട കാരണമെന്നുള്‍പ്പെടെയുള്ളത് വ്യക്തമല്ല. 267 അഭയാര്‍ഥികളുമായി സഞ്ചരിച്ച കപ്പല്‍ ഈ മാസം ഒമ്പതിനാണ് മുങ്ങിയത്. ഇതില്‍ 66 പേരൊഴികെ മറ്റെല്ലാവരും മുങ്ങി മരിച്ചു. 247 പേരുമായി പോയ രണ്ടാമത്തെ കപ്പല്‍ ഈ മാസം പത്തിനും മുങ്ങി. ഇതില്‍ 21 പേരാണ് രക്ഷപ്പെട്ടത്. ബംഗ്ലാദേശിലെ കോക്‌സ് ബസാര്‍ അഭയാര്‍ഥി ക്യാമ്പുകളില്‍ നിന്നുള്ളവരോ മ്യാന്‍മറിന്റെ പടിഞ്ഞാറന്‍ സംസ്ഥാനമായ റാഖൈനില്‍ നിന്നുള്ളവരോ ആകാം മരിച്ചവരെന്ന് വിലയിരുത്തുന്നു.
പ്രദേശത്ത് കാലവര്‍ഷമെത്തിയതിനാല്‍ ശക്തമായ കാറ്റും മഴയും അനുഭവപ്പെട്ടിരുന്നു. ഇതാകാം കപ്പലുകള്‍ മുങ്ങാനിടയാക്കിയതെന്നാണ് പ്രാഥമിക കണ്ടെത്തല്‍. പതിറ്റാണ്ടുകളായി മ്യാന്‍മറില്‍ ന്യൂനപക്ഷങ്ങളായ റോഹിങ്ക്യകള്‍ പീഡിപ്പിക്കപ്പെടുന്നുണ്ട്. സ്വന്തം രാജ്യത്തെ അടിച്ചമര്‍ത്തലില്‍ നിന്നും ആക്രമണങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ കടല്‍ വഴി കൂട്ടത്തോടെ പലായനം ചെയ്യലാണ് പതിവ്. ജീവന്‍ പണയം വെച്ചുള്ള ഇത്തരം യാത്രകള്‍ പലപ്പോഴും അപകടത്തിലാണ കലാശിക്കുന്നത്. 2017ല്‍ മ്യാന്മര്‍ സൈന്യത്തിന്റെ ക്രൂരമായ അടിച്ചമര്‍ത്തലിനെത്തുടര്‍ന്ന് മ്യാന്‍മറിലെ റാഖൈന്‍ സംസ്ഥാനത്ത് നിന്ന് പത്ത് ലക്ഷത്തിലധികം റോഹിങ്ക്യന്‍ മുസ്ലിംകളാണ് അയല്‍രാജ്യമായ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തത്.