Connect with us

punjab election 2022

'ഹൈക്കമാന്‍ഡാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുകയെന്ന് ആര് പറഞ്ഞു'; ജനങ്ങള്‍ തീരുമാനിക്കുമെന്ന് സിദ്ധു

'111 ദിവസം സര്‍ക്കാറിനെ നയിക്കാന്‍ നിലവിലെ മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി തയ്യാറായി. എന്നാല്‍, താന്‍ അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള പാര്‍ട്ടി പരിപാടികളെക്കുറിച്ചാണ് സംസാരിക്കുന്നത്'

Published

|

Last Updated

പഞ്ചാബ് | വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി പഞ്ചാബ് കോണ്‍ഗ്രസില്‍ നിലനില്‍ക്കുന്ന അധികാര വടംവലിയെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തരുടെ ചോദ്യത്തില്‍ നിന്ന് തന്ത്രപരമായി പിന്മാറി പി സി സി അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ധു. എന്തുകൊണ്ടാണ് ഹൈമാന്‍ഡ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ നേരത്തേ പ്രഖ്യാപിക്കാത്തതെന്ന ചോദ്യത്തിനായിരുന്നു സിദ്ധുവിന്റെ ഒഴിഞ്ഞുമാറല്‍. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ഹൈക്കമാന്‍ഡ് ആണെന്ന് നിങ്ങളോട് ആരാണ് പറഞ്ഞത്. ജനങ്ങളാണ് പഞ്ചാബിലെ മുഖ്യമന്ത്രിയെ നിര്‍ണ്ണയിക്കുക എന്നായിരുന്നു സിദ്ധുവിന്റെ മറുപടി.

സംസ്ഥാനത്തിന്റെ ഭാവി കൂടി പരിഗണിച്ചായിരിക്കും ജനങ്ങള്‍ ഇത്തവണ പഞ്ചാബിന്റെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുക. ഈ തിരഞ്ഞെടുപ്പ് ഏതെങ്കിലും ഒരു വ്യക്തിക്കെതിരെയുള്ള യുദ്ധമല്ല. സംസ്ഥാനത്തിന്റെ വരുമാനത്തെ അടിസ്ഥാനമാക്കിയുള്ള വളര്‍ച്ചക്ക് വേണ്ടിയുള്ള പോരാട്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി.

താന്‍ സംസാരിക്കുന്നതെല്ലാം സംസ്ഥാനത്തിന്റെ ചുമതലയുള്ള പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ അനുമതിയോടെയാണ്. 111 ദിവസം സര്‍ക്കാറിനെ നയിക്കാന്‍ നിലവിലെ മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി തയ്യാറായി. എന്നാല്‍, താന്‍ അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള പാര്‍ട്ടി പരിപാടികളെക്കുറിച്ചാണ് സംസാരിക്കുന്നത്. ഇതില്‍ വിവാദങ്ങളോര ആശയക്കുഴപ്പങ്ങളോ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

പഞ്ചാബിന് അടിസ്ഥാന വരുമാന മാതൃക അവതരിപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍, പരിപാടിയുമായി ബന്ധപ്പെട്ട് വേദിയില്‍ സ്ഥാപിച്ച ബാനറില്‍ മുഖ്യമന്ത്രിയായ ചന്നിയുടെ ചിത്രമില്ലാത്തത് ശ്രദ്ധേയമായി. സോണിയാ ഗാന്ധിയുടേയും രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും ചിത്രങ്ങളുള്ള ബാനറില്‍ പി സി സി പ്രസിഡന്റായ സിദ്ധുവിന്റെ ചിത്രവും ഉണ്ടായിരുന്നു.