Connect with us

Kerala

'വി ഡി സതീശന്‍ കഥ മെനയുന്നു; ആക്രമിക്കപ്പെട്ടിട്ടില്ലെന്ന് കെ കെ രമ പറഞ്ഞിട്ടുണ്ട്'

ആരെങ്കിലും ചവിട്ടിയെങ്കില്‍ അതിന്റെ തെളിവ് പ്രതിപക്ഷം പുറത്തുവിടണം.

Published

|

Last Updated

തിരുവനന്തപുരം | ഭരണപക്ഷ എംഎല്‍എമാര്‍ തന്നെ ആക്രമിച്ചിട്ടില്ലെന്ന് പ്രതിപക്ഷ എംഎല്‍എ കെ കെ രമ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് എംഎല്‍എമാരായ എച്ച് സലാമും സച്ചിന്‍ദേവും. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കഥ മെനയുകയാണെന്നും വാര്‍ത്താ സമ്മേളനത്തില്‍ ഇരുവരും പറഞ്ഞു. നിയമസഭയില്‍ നടന്ന സംഘര്‍ഷത്തിനിടെ പ്രതിപക്ഷ എംഎല്‍എമാരെ മര്‍ദിച്ചെന്ന പരാതിയില്‍ സലാമിനും സച്ചിന്‍ ദേവിനുമെതിരെ പോലീസ് കേസെടുത്തിരുന്നു. സനീഷ് ജോസഫ് എംഎല്‍എയുടെ പരാതിയിലാണ് കേസ്

ഭരണപക്ഷ എംഎല്‍എമാര്‍ ആക്രമിച്ചോ എന്നു മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ അങ്ങനെ ഉണ്ടായിട്ടില്ലെന്നാണ് കെ കെ രമ പ്രതികരിച്ചതെന്ന് എംഎല്‍എമാര്‍ ചൂണ്ടിക്കാട്ടി. സനീഷ് കുമാറിനെ ചവിട്ടിയതായി പറയുന്നത് കേട്ടുവെന്നും കണ്ടിട്ടില്ലെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. എംഎല്‍എമാര്‍ ആക്രോശിച്ച് അടുത്തെന്നും വനിതാ വാച്ച് ആന്‍ഡ് വാര്‍ഡുമാര്‍ ബലം പ്രയോഗിച്ചതിനാല്‍ പരുക്കേറ്റെന്നും അവര്‍ മാധ്യമങ്ങളോട് പറയുന്നുണ്ട്. ഇതിന്റെ വിഡിയോ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തിട്ടുണ്ടെന്ന് എച്ച് സലാം എംഎല്‍എ പറഞ്ഞു.

99 ഭരണപക്ഷ എംഎല്‍എമാരില്‍ ആരെങ്കിലും ചവിട്ടിയെങ്കില്‍ അതിന്റെ തെളിവ് പ്രതിപക്ഷം പുറത്തുവിടണം. കെ കെ രമയുടെ പരുക്ക് വ്യാജമാണെന്നോ അല്ലെന്നോ ഭരണപക്ഷം പറയുന്നില്ല. ആശുപത്രി രേഖകള്‍ പോലീസും മാധ്യമങ്ങളും പരിശോധിക്കട്ടെയെന്നും എംഎല്‍എമാര്‍ പറഞ്ഞു

Latest