Kerala
'തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം'; സംസ്ഥാനത്ത് വയനാട്, ഇടുക്കി, മലപ്പുറം ജില്ലകളില്‍ മഴ കുറഞ്ഞു
കെ എസ് ഇ ബി സംഭരണികളില്‍ 63 ശതമാനം ജലം. ഏറ്റവും കുറവ് മഴ വയനാട്ടില്‍. കണ്ണൂരില്‍ മാത്രമാണ് സംസ്ഥാനത്ത് പ്രതീക്ഷിച്ചതിലും അധിക മഴ ലഭിച്ചത്.

പത്തനംതിട്ട | സംസ്ഥാനത്ത് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ വയനാട്, ഇടുക്കി, മലപ്പുറം ജില്ലകളില്‍ മഴ കുറഞ്ഞു. ജൂണ്‍ ഒന്നു മുതല്‍ ജൂലൈ 20 വരെയുള്ള കാലയളവില്‍ സംസ്ഥാനത്ത് ഏറ്റവും കുറവ് മഴ ലഭിച്ചത് വയനാട് ജില്ലയിലാണ്. 40 ശതമാനം മഴയുടെ കുറവാണ് വയനാട് ജില്ലയിലുള്ളത്. 1298.1 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ട വയനാട് ലഭിച്ചത് 779.4 മില്ലിമീറ്ററാണ്. ജലവൈദ്യുതോത്പാദന കേന്ദ്രമായ ഇടുക്കിയില്‍ 34 ശതമാനവും മലപ്പുറത്ത് 20 ശതമാനവും കോട്ടയത്ത് 17 ശതമാനവും കോഴിക്കോട് 16 ശതമാനവും മഴ കുറഞ്ഞു. ലക്ഷദ്വീപിലും 36 ശതമാനം മഴ കുറഞ്ഞു.
ജൂണ്‍ ഒന്നു മുതല്‍ സെപ്തംബര്‍ 20 വരെയുള്ള കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം കേരളത്തില്‍ 11 ശതമാനം മഴയുടെ കുറവുണ്ട്. 936.1 മില്ലിമീറ്റര്‍ മഴ ലഭിച്ചു. സാധാരണ ലഭിക്കേണ്ടിയിരുന്നത് 1086.3 മില്ലിമീറ്റര്‍ മഴയും. കണ്ണൂരില്‍ മാത്രമാണ് സംസ്ഥാനത്ത് പ്രതീക്ഷിച്ചതിലും അധിക മഴ ലഭിച്ചത്. 1491.1 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ടിയിരുന്ന ഈ കാലയളവില്‍ 1753.6 മില്ലീമീറ്റര്‍ ലഭിച്ചു-18 ശതമാനം അധികം.
മഴയുടെ അളവില്‍ കുറവ് രേഖപ്പെടുത്തുമ്പോഴും സംസ്ഥാനത്തെ കെ എസ് ഇ ബി ലിമിറ്റഡിന്റെ സംഭരണികളില്‍ ശേഷിയുടെ 63 ശതമാനം ജലമുണ്ട്. ഇടുക്കിയിലും പമ്പയിലും സംഭരണ ശേഷിയുടെ 59 ശതമാനവും. 2024നെ അപേക്ഷിച്ച് 506.19 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ ജലം അധികമായി കെ എസ് ഇ ബി ലിമിറ്റഡ് സംഭരിച്ചിട്ടുണ്ട്. ജൂണ്‍ ഒന്നു മുതല്‍ സെപ്തംബര്‍ 30 വരെയുള്ള കാലയളവിലെ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിലാണ് വാര്‍ഷിക മഴയുടെ 70 ശതമാനം കേരളത്തില്‍ ലഭിക്കേണ്ടത്. വടക്കു-കിഴക്കന്‍ മണ്‍സൂണ്‍ (ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ) കാലയളവില്‍ വാര്‍ഷിക മഴയുടെ 16 ശതമാനവും ലഭിക്കും.