Connect with us

Organisation

'ബഹുസ്വരതയാണ് ഉറപ്പ്' : പൗരസഭ സംഘടിപ്പിച്ചു

ജബലുനൂര്‍, തന്‍ഈം, മിന സെക്ടറുകളാണ് പൗരസഭ സംഘടിപ്പിച്ചത്.

Published

|

Last Updated

മക്ക | രാജ്യത്തിന്റെ സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് ‘ബഹുസ്വരതയാണ് ഉറപ്പ്’ എന്ന ശീര്‍ഷകത്തില്‍ ഐ സി എഫ് ജബലുനൂര്‍ സെക്ടര്‍ ‘പൗരസഭ’ സംഘടിപ്പിച്ചു. ഇന്ത്യന്‍ മുസ്ലിംകളുടെ രാജ്യത്തോടുള്ള കൂറും ആത്മബന്ധവും ചോദ്യം ചെയ്യാന്‍ ഒരാള്‍ക്കും അവകാശമില്ലെന്നും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി വൈദേശികരോട് പൊരുതി നിന്നു ജീവനും സ്വത്തും ത്യജിച്ചവരാണ് ഇന്ത്യന്‍ മുസ്ലിംകളെന്നും ആ സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ആസ്വദിക്കാന്‍ എല്ലാ ഇന്ത്യക്കാര്‍ക്കും തുല്യാവകാശമുണ്ടെന്നും പൗരസഭ ഓര്‍മപ്പെടുത്തി.

സെക്ടര്‍ എക്‌സിക്യൂട്ടീവ് മുഹമ്മദലി അംജദി ഭരണഘടനയുടെ ആമുഖം വായിച്ചു. ദേശീയ ഗാനാലാപനത്തിന് റഹീം തൃശൂര്‍ നേതൃത്വം നല്‍കി. ഷാഫി ബാഖവി, റഷീദ് അസ്ഹരി, അബൂബക്കര്‍ കണ്ണൂര്‍, ജലീല്‍ സഖാഫി സംബന്ധിച്ചു. സെന്‍ട്രല്‍ സഫ്വാ കോര്‍ഡിനേറ്റര്‍ സലാം ഇരുമ്പുഴി അധ്യക്ഷത വഹിച്ച പരിപാടിയില്‍ നസീര്‍ ചൊക്ലി സ്വാഗതവും ഗഫൂര്‍ കോട്ടക്കല്‍ നന്ദിയും പറഞ്ഞു.

തന്‍ഈം സെക്ടര്‍ പൗരസഭ പ്രസിഡന്റ് മുഹമ്മദ് സഅദിയുടെ അധ്യക്ഷതയില്‍ മക്ക സെന്‍ട്രല്‍ സംഘടനാ കാര്യ പ്രസിഡന്റ് സഈദ് സഖാഫി ഉദ്ഘാടനം ചെയ്തു.

മതങ്ങള്‍ക്കും ജാതി ചിന്തകള്‍ക്കും കക്ഷി രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്കും അതീതമായി രാജ്യത്ത് തിരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാറുകള്‍ നീതി പുലര്‍ത്തുമ്പോഴാണ് പൂര്‍വികര്‍ ജീവന്‍ ബലി നല്‍കി നേടിത്തന്ന സ്വാതന്ത്ര്യത്തിന് അര്‍ഥമുണ്ടാവുകയുള്ളൂവെന്ന് പൗരസഭ അഭിപ്രായപ്പെട്ടു.

സെന്‍ട്രല്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഷീദ് അസ്ഹരി സന്ദേശ പ്രഭാഷണം നിര്‍വഹിച്ചു. കെ എം സി സി പ്രതിനിധി സക്കീര്‍, നവോദയ പ്രതിനിധി ഫ്രാന്‍സിസ് ചവറ പ്രസംഗിച്ചു. ഭരണഘടനയുടെ ആമുഖ വായനക്ക് അബ്ദുല്ല കാക്കാടും ദേശീയ ഗാനാലാപനത്തിന് അബൂബക്കര്‍ കണ്ണൂരും നേതൃത്വം നല്‍കി. സെക്ടര്‍ സെക്രട്ടറി ഫഹദ് സ്വാഗതവും, ദഅ്‌വാ പ്രസിഡന്റ് ഷമീര്‍ മദനി നന്ദിയും പറഞ്ഞു.

മിന സെക്ടര്‍ പൗരസഭയുടെ ഉദ്ഘാടനം സെക്ടര്‍ പ്രസിഡന്റ് അബൂബക്കര്‍ മിസ്ബാഹിയുടെ അധ്യക്ഷത യില്‍ സെന്‍ട്രല്‍ എജ്യുക്കേഷന്‍ സെക്രട്ടറി ഹുസൈന്‍ കൊടിഞ്ഞി ഉദ്ഘാടനം ചെയ്തു.

ആധുനിക ജനാധിപത്യ മൂല്യങ്ങളില്‍ പരമപ്രധാനമായ ബഹുസ്വരത ഇന്ത്യയുടെ ആത്മാവാണെന്നും ഭാഷ, ദേശം, സംസ്‌കാരം, മതം, ജാതി, രാഷ്ട്രീയം തുടങ്ങിയ വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളാതെ ഏകശിലാത്മകതയെ അടിച്ചേല്‍പ്പിക്കാനുള്ള ഏതൊരു നീക്കവും രാജ്യത്തിന്റെ അഖണ്ഡതയെയും കെട്ടുറപ്പിനെയും തകര്‍ക്കുമെന്നും പൗരസഭ അഭിപ്രായപ്പെട്ടു.

കിങ് അബ്ദുസ്സ മെഡിക്കല്‍ സിറ്റി മലയാളി കൂട്ടായ്മാ ഭാരവാഹി യഹ്യാ ആസഫലി മുഖ്യ പ്രഭാഷണം നടത്തി. ഭരണഘടനയുടെ ആമുഖ വായനയും ദേശീയ ഗാനാലാപനവും കൂട്ടമായി നടന്നു. പരിപാടിയില്‍ അബൂബക്കര്‍ പുലാമന്തോള്‍, ബഷീര്‍ നെടിയിരുപ്പ്, ലത്തീഫ് ലത്തീഫി, ഉസ്മാന്‍ പകര സംബന്ധിച്ചു. സിറാജ് വില്യാപ്പള്ളി സ്വാഗതവും അസ്‌കര്‍ വല്ലുവാങ്ങാട് നന്ദിയും പറഞ്ഞു.

 

 

 

Latest