Connect with us

BBC Against UP Police

'ആള്‍കൂട്ട കൊലപാതകം; യു പിയില്‍ ഒരു കേസില്‍ പോലും ഇരകള്‍ക്ക് നീതി ലഭിച്ചില്ല'

യു പി പോലീസ് നിന്നത് പ്രതികള്‍ക്കൊപ്പം; ബി ബി സി അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്

Published

|

Last Updated

ന്യൂഡല്‍ഹി |  ഉത്തര്‍പ്രദേശിലെ ആള്‍ക്കൂട്ട ആക്രമണങ്ങളിലും കൊലപാതകങ്ങളിലും പോലീസിന്റെ പക്ഷാപാതിത്വം തുറന്നുകാട്ടി ബി ബി സി അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒരു കേസില്‍ പോലും നീതി ലഭിച്ചുവെന്ന് ഇരകളുടെ കുടുംബങ്ങള്‍ക്ക് അഭിപ്രായമില്ലെന്ന് ബി ബി സി വ്യക്തമാക്കി. പോലീസ് പ്രവര്‍ത്തിച്ചത് ഇരകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും എതിരെയായിരുന്നു. യഥാര്‍ഥ പ്രതികള്‍ക്കെതിരെ പോലീസ് നടപടിയെടുത്തിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നാല് ആള്‍ക്കൂട്ട ആക്രമണങ്ങളിലാണ് ബി ബി സി അന്വഷണം നടത്തിയത്. അതില്‍ മൂന്ന് പ്രധാന കാര്യങ്ങള്‍ കണ്ടെത്തിയത് ഇപ്രകാരമാണ്. ഒരു കേസില്‍ ഇരയുടെ കുടുംബം ഗ്രാമത്തില്‍ നിന്ന് മാറിത്താമസിക്കാന്‍ നിര്‍ബന്ധിതരായി. ഒരു കേസില്‍ പോലും പോലീസ് നിഷ്പക്ഷമായ അന്വേഷണം നടത്തിയെന്ന് കുടുംബങ്ങള്‍ക്ക് അഭിപ്രായമില്ല. എഫ് ഐ ആറില്‍ പ്രതിചേര്‍ത്തവര്‍ക്കെതിരെ ഒരു കേസിലും കുറ്റപത്രം നല്‍കിയിട്ടില്ലെന്നും ഇവര്‍ പറയുന്നു.
ബി ബി സിയിലെ കീര്‍ത്തി ദുബെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സോന്‍ഭദ്ര, ബുലന്ദ്ഷഹര്‍, മുറാദാബാദ്, മഥുര എന്നിങ്ങനെ നാല് ആള്‍ക്കൂട്ട കൊലപാതകങ്ങളാണ് അന്വേഷിച്ചത്. 2019ലെ ആംനസ്റ്റി ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിദ്വേഷകുറ്റകൃത്യങ്ങള്‍ നടക്കുന്ന സംസ്ഥാനം യു പിയാണ്. ഇന്ത്യയില്‍ ആകെ നടക്കുന്ന വിദ്വേഷകുറ്റകൃത്യങ്ങളെക്കുറിച്ചുള്ള കണക്കുകള്‍ നിലവില്‍ ലഭ്യമല്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.