Connect with us

Books

'ഖുർആൻ പഠിക്കാം': പുസ്തകം ഡോ. അനിൽ വള്ളത്തോൾ പ്രകാശനം ചെയ്തു

യുവ പണ്ഡിതനും അബ്റാർ ഇന്റഗ്രേറ്റഡ് ഖുർആൻ അക്കാദമി സി ഇ ഒയുമായ ഹാഫിസ് ലുഖ്മാനുൽ ഹക്കീം അസ്ഹരി പെരുവള്ളൂരാണ് ഗ്രന്ഥ രചയിതാവ്.

Published

|

Last Updated

തിരൂർ | അക്ഷര ഘടനയും സ്വര സൂചകങ്ങളും തിരിച്ചറിഞ്ഞ് ലളിതമായ രീതിയിൽ വിശുദ്ധ ഖുർആൻ പഠനം സാധ്യമാക്കുന്ന ‘ഖുർആൻ പഠിക്കാം’ പുസ്തകം പുറത്തിറങ്ങി. തിരൂർ തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാലയിൽ നടന്ന ചടങ്ങിൽ വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോൾ പ്രകാശനം നിർവ്വഹിച്ചു.

ഖുർആനിന്റെ പാരായണ ശൈലിയും അക്ഷര ഘടനകൾ പോലും ഖുർആൻ ഉദ്ബോധനം ചെയ്യുന്ന യഥാർത്ഥ ആശയങ്ങളെയും വ്യാഖ്യാനങ്ങളെയും സ്വാധീനിക്കുമെന്നത്, ഖുർആൻ എത്രത്തോളം സൂക്ഷ്മതയോടെ പാരായണം ചെയ്യണമെന്നാണ് നമ്മെ ഓർമ്മിപ്പിക്കുന്നത്. ആധുനിക സംവിധാനങ്ങളുടെ സഹായത്തോടെ തനത് ശൈലിയിൽ ഖുർആൻ പഠിക്കാൻ ഈ ഗ്രന്ഥം സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

യുവ പണ്ഡിതനും അബ്റാർ ഇന്റഗ്രേറ്റഡ് ഖുർആൻ അക്കാദമി സി ഇ ഒയുമായ ഹാഫിസ് ലുഖ്മാനുൽ ഹക്കീം അസ്ഹരി പെരുവള്ളൂരാണ് ഗ്രന്ഥ രചയിതാവ്. മലയാളത്തിലും ഇംഗ്ലീഷിലുമായി ഖുർആൻ പാരായണ നിയമങ്ങൾ ചര്‍ച്ച ചെയ്യുന്ന ആദ്യത്തെ ഗ്രന്ഥമാണിത്.
ഖുര്‍ആന്‍ പാരായണ നിയമങ്ങൾ നൂതന രീതിയിൽ അവതരിപ്പിക്കുന്ന ഗ്രന്ഥത്തിൽ വായനക്കാർക്ക് സ്വരസ്ഥാനങ്ങളിൽ കൂടുതൽ വ്യക്തത നൽകുന്നതിനായി ചിത്രങ്ങളും ഓരോ അക്ഷരത്തിന്റെയും ശബ്ദാവിഷ്കാരം ഉദാഹരണ സഹിതം കേൾക്കാൻ സഹായകമായ ക്യൂ ആർ സംവിധാനവും ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഉസ്താദ് ഖാരി അബ്ദു റഷീദ് സഖാഫി വേങ്ങൂരാണ് ശബ്ദം നൽകുന്നത്.

മുഖദ്ദിമതുല്‍ ജസ് രിയയുടെ പദ്യം, ചിത്രങ്ങൾ, ചാർട്ടുകൾ, സിംബലുകൾ, ടേബിളുകൾ എന്നിവ ഉൾപ്പെടുത്തിയ പുസ്തകം മുഴുവൻ പേജുകളും മള്‍ട്ടികളര്‍ പ്രിന്റിംഗ് സഹിതമാണ് പുറത്തിറക്കിയിട്ടുള്ളത്. യു എ ഇയിൽ നിന്ന് ഗ്രന്ഥത്തിന്റെ അറബിക് പതിപ്പും യു കെയിൽ നിന്ന് ഇംഗ്ലീഷ് സ്‌പെഷ്യൽ പതിപ്പും ഉടൻ പുറത്തിറങ്ങും.

പ്രകാശന ചടങ്ങിൽ ഹാഫിസ് ലുഖ്മാനുൽ ഹക്കീം അസ്ഹരി പെരുവള്ളൂർ, സർവകലാശാല അസിസ്റ്റന്റ് എഡിറ്റർ ലിജീഷ്, ഓൺലുക്കർ എഡിറ്റർ ഫഹദ് സലീം, എൻ എം സുഹൈൽ, സെക്യൂരിറ്റി ഓഫീസർ കൃഷ്ണൻ എന്നിവർ സംബന്ധിച്ചു.

Latest