Connect with us

Kerala

'നിങ്ങളുടെ സ്വഭാവം കൊണ്ടാണ് ഇങ്ങനെയൊക്കെ കിട്ടുന്നത്'; കോങ്ങാട് എംഎല്‍എ അപമര്യാദയായി പെരുമാറിയതായി ഡോക്ടര്‍മാര്‍

ആരെയും വിഷമിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. ആവശ്യമെങ്കില്‍ ഖേദം പ്രകടിപ്പിക്കാമെന്നും എംഎല്‍എ

Published

|

Last Updated

പാലക്കാട് | കോങ്ങാട് എംഎല്‍എ കെ ശാന്തകുമാരി അപമര്യാദയായി പെരുമാറിയതായി പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍. ഭര്‍ത്താവിന് ചികിത്സ തേടി ആശുപത്രിയിലെത്തിയ എംഎല്‍എ ആരോഗ്യപ്രവര്‍ത്തകരോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. നിങ്ങളുടെ സ്വഭാവം കൊണ്ടാണ് ഇങ്ങനെ കിട്ടുന്നതെന്ന് പറഞ്ഞ് എംഎല്‍എ ആക്ഷേപിക്കുകയായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ ആരോപിച്ചു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെ പ്രതി കുത്തിക്കൊലപ്പെടുത്തിയ സംഭവം നടന്നതിന് പിറകെ എംഎല്‍എ ഇത്തരമൊരു പരാമര്‍ശം നടത്തിയതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

പനിക്ക് ചികിത്സ തേടിയെത്തിയ ഭര്‍ത്താവിനെ ഡ്യൂട്ടിയിലുള്ള ഡോക്ടര്‍ കൈകൊണ്ട് തൊട്ട് നോക്കി മരുന്ന് കുറിച്ചു. ഇതിന് പിന്നാലെ ,എന്തുകൊണ്ടാണ് തെര്‍മോമീറ്റര്‍ ഉപയോഗിക്കാത്തതെന്ന് ചോദിച്ച് എംഎല്‍എ ക്ഷുഭിതയായെന്നും നിങ്ങളുടെ സ്വഭാവം കൊണ്ടാണ് ഇങ്ങനെയൊക്കെ കിട്ടുന്നതെന്ന് പറഞ്ഞ് ആക്ഷേപിക്കുകയായിരുന്നുവെന്നുമാണ് ഡോക്ടര്‍മാരുടെ ആരോപണം.

അതേസമയം ഡോക്ടര്‍മാരെ അധിക്ഷേപിച്ചിട്ടില്ലെന്ന് എംഎല്‍എ പ്രതികരിച്ചു. പ്രത്യേക പരിഗണന ആവശ്യപ്പെട്ടിട്ടില്ല. അത്യാഹിത വിഭാഗത്തില്‍ ആയാലും എല്ലാവരോടും ഒരുപോലെ പെരുമാറണം എന്നാണ് പറഞ്ഞത്. മര്യാദക്ക് പെരുമാറണമെന്ന് പറഞ്ഞു. സംഭവത്തില്‍ ഇന്നലെ തന്നെ ഡിഎംഒയോട് കാര്യങ്ങള്‍ ബോധിപ്പിച്ചിട്ടുണ്ട്. ആരെയും വിഷമിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. ആവശ്യമെങ്കില്‍ ഖേദം പ്രകടിപ്പിക്കാമെന്നും എംഎല്‍എ പ്രതികരിച്ചു

 

Latest