Kerala
ഫെയ്‌സ്ബുക്കിലൂടെയുള്ള പ്രതികരണം; ഡോ ഹാരിസിനെതിരെ അച്ചടക്ക നടപടിക്ക് സാധ്യത
ഹാരിസിന്റെ പ്രവര്‍ത്തി സര്‍വീസ് ചട്ടലംഘനമെന്ന് കണ്ടെത്തല്‍.

തിരുവനന്തപുരം| തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയ പ്രതിസന്ധിയെക്കുറിച്ച് ഫെയ്സ്ബുക്കിലൂടെ തുറന്നുപറഞ്ഞ ഡോക്ടര്‍ ഹാരിസിനെതിരെ അച്ചടക്ക നടപടിക്ക് സാധ്യത. ഹാരിസിന്റെ പ്രവര്‍ത്തി സര്‍വീസ് ചട്ടലംഘനമെന്ന് കണ്ടെത്തല്‍. ഫയല്‍ നീക്കം സംബന്ധിച്ച ഫോളോ അപ്പ് ഡോക്ടര്‍ ഹാരിസ് നടത്തിയില്ലെന്നാണ് നിഗമനം. വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷം നടപടിയിലേക്ക് കടക്കും.
ഉപകരണ ക്ഷാമം ഒരു വര്‍ഷം മുമ്പേ ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ അറിയിച്ചിരുന്നെന്നും തുടര്‍നടപടപടികള്‍ ഉണ്ടായില്ലെന്നും ഡോക്ടര്‍ ഹാരിസ് ഇന്നലെയും പറഞ്ഞിരുന്നു. ഹാരിസ് പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്ന് ആരോഗ്യവകുപ്പിലെ ഉദ്യാഗസ്ഥരും ഡോക്ടര്‍മാരും അംഗീകരിച്ചതുമാണ്. അതേസമയം കടുത്ത നടപടിയിലേക്ക് സര്‍ക്കാര്‍ കടക്കില്ലെന്നും വിവരങ്ങളുണ്ട്.
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ചികിത്സ പ്രതിസന്ധിയ്ക്ക് പരിഹാരമായി ശസ്ത്രക്രിയ ഉപകരണങ്ങളായ ലത്തോക്ലാസ്റ്റ് പ്രോബ് ഉപകരണങ്ങള്‍ എത്തിച്ചു. ഇതോടെ മാറ്റിവച്ച ശസ്ത്രക്രിയകള്‍ തുടങ്ങി. ഹൈദരാബാദില്‍ നിന്ന് വിമാന മാര്‍ഗം ഇന്ന് രാവിലെയാണ് ഉപകരണങ്ങള്‍ എത്തിച്ചത്. ലത്തോക്ലാസ്റ്റ് പ്രോബ് ഉപകരണമില്ലാതെ വന്നതോടെ തിരുവന്തപുരം മെഡിക്കല്‍ കോളജിന്റെ ദയനിയാവസ്ഥ യൂറോളജി വകുപ്പ് മേധാവിയായ ഡോ. ഹാരിസ് ഫേസ്ബുക്കിലൂടെ തുറന്നു പറയുകയായിരുന്നു.