Connect with us

Uae

ദുബൈയിൽ ഏരിയൽ ടാക്‌സി ആദ്യ പരീക്ഷണ പറക്കൽ നടത്തി

ഏറ്റവും മികച്ചത് വരാനിരിക്കുന്നതേയുള്ളൂ എന്ന് ശൈഖ് ഹംദാൻ

Published

|

Last Updated

ദുബൈ|നഗര ഗതാഗത രംഗത്ത് വിപ്ലവം സൃഷ്ടിക്കാനുള്ള ദുബൈയുടെ ശ്രമങ്ങൾക്ക് പുതിയ ഉണർവേകി ജോബി ഏരിയൽ ടാക്‌സിയുടെ ആദ്യ പരീക്ഷണ പറക്കൽ വിജയകരമായി. ദുബൈ കിരീടാവകാശിയും യു എ ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ആണ് ഇത് സംബന്ധമായ പ്രഖ്യാപനം നടത്തിയത്. അടുത്ത വർഷം പൂർണതോതിലുള്ള പ്രവർത്തനം ആരംഭിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും (ആർ ടി എ) കാലിഫോർണിയ ആസ്ഥാനമായുള്ള ജോബി ഏവിയേഷനും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായാണ് പരീക്ഷണ പറക്കൽ നടന്നത്. പൂർണമായും വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ലംബ ടേക്ക്-ഓഫ്, ലാൻഡിംഗ് ശേഷിയുള്ളതാണ് ഈ വിമാനങ്ങൾ. യാത്രാസമയം കുറക്കാനും അന്തരീക്ഷ മലിനീകരണം ഇല്ലാതാക്കാനും കൂടുതൽ കാര്യക്ഷമവും സുസ്ഥിരവുമായ നഗര ഗതാഗത സംവിധാനം ഒരുക്കാനും ഇത് സഹായിക്കും.

പരിസ്ഥിതി സൗഹൃദ നഗര ഗതാഗതത്തിലെ ഒരു പുതിയ മുന്നേറ്റം എന്ന് ഈ സംരംഭത്തെ വിശേഷിപ്പിച്ച ശൈഖ് ഹംദാൻ, നൂതന ആശയങ്ങൾക്കും സാങ്കേതികവിദ്യകൾക്കും ആഗോള കേന്ദ്രമായി മാറാനുള്ള യു എ ഇയുടെ വിശാലമായ കാഴ്ചപ്പാടിന് ഇത് പിന്തുണ നൽകുന്നുവെന്നും അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ ആകാശം പുതിയ സാധ്യതകൾക്കായി തുറന്നിരിക്കുന്നു. ഏറ്റവും മികച്ചത് വരാനിരിക്കുന്നതേയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

Latest