Uae
പ്രവർത്തിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടിയുമായി മന്ത്രാലയം
ഈ വർഷം ആദ്യം മുതൽ നടത്തിയ പരിശോധനയിൽ ഏകദേശം 1,800 തൊഴിലുടമകളുടെ ഉടമസ്ഥതയിലുള്ള 1,300 ഓളം സ്ഥാപനങ്ങൾ ഇത്തരത്തിൽ പ്രവർത്തിക്കാത്തതായി മന്ത്രാലയം കണ്ടെത്തി.

ദുബൈ|ലൈസൻസുള്ള പ്രവർത്തനം നടത്താത്ത സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടിയുമായി മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം. ഈ വർഷം ആദ്യം മുതൽ നടത്തിയ പരിശോധനയിൽ ഏകദേശം 1,800 തൊഴിലുടമകളുടെ ഉടമസ്ഥതയിലുള്ള 1,300 ഓളം സ്ഥാപനങ്ങൾ ഇത്തരത്തിൽ പ്രവർത്തിക്കാത്തതായി മന്ത്രാലയം കണ്ടെത്തി. ഈ സ്ഥാപനങ്ങളിൽ ഒന്നോ അതിലധികമോ തൊഴിലാളികളെ രജിസ്റ്റർ ചെയ്തിരുന്നു. അതേസമയം ഇരു കക്ഷികളും തമ്മിൽ യാതൊരുവിധ തൊഴിൽ ബന്ധവും ഉണ്ടായിരുന്നില്ല. ഇത്തരം സ്ഥാപനങ്ങൾക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഈ സ്ഥാപനങ്ങൾക്ക് പുതിയ തൊഴിൽ പെർമിറ്റുകൾ നൽകുന്നത് താത്കാലികമായി നിർത്തിവെക്കുകയും ഉടമകൾക്ക് 34 ദശലക്ഷം ദിർഹത്തിലധികം സാമ്പത്തിക പിഴ ചുമത്തുകയും ചെയ്തു. സ്ഥാപനങ്ങളെ കാറ്റഗറി 3 ആയി മാറ്റുകയും ചെയ്തു. രാജ്യത്തെ തൊഴിൽ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
ഏത് കാരണവശാലും പ്രവർത്തനം നിർത്തുന്ന സ്ഥാപനങ്ങൾ ഉടമസ്ഥരുടെ ലൈസൻസുകൾ റദ്ദാക്കുകയും തൊഴിലാളികളുടെ പ്രശ്‌നങ്ങൾ രാജ്യത്തെ നിയമപരമായ ചട്ടക്കൂടുകൾക്കനുസൃതമായി പരിഹരിക്കുകയും ചെയ്യണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. ലൈസൻസുള്ള പ്രവർത്തനം നടത്താതിരിക്കുകയും രജിസ്റ്റർ ചെയ്ത തൊഴിലാളികളെ നിയമലംഘനത്തിലേക്ക് നയിക്കുകയും ചെയ്യുന്നത് ഗുരുതരമായ തെറ്റാണെന്നും സ്ഥാപന ഉടമകളും അതിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരും നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും മന്ത്രാലയം ഓർമിപ്പിച്ചു.