Kerala
കൂത്തുപറമ്പ് സമര ഗൂഢാലോചനയില്‍ റവാഡ പങ്കാളിയായെന്ന് പറയാന്‍ കഴിയില്ലെന്ന് കെ കെ രാഗേഷ്
സേനയെ നയിക്കാന്‍ കഴിയുന്ന ഏറ്റവും ഉചിതമായ ആളെയാണ് തിരഞ്ഞെടുത്തതെന്നും രാഗേഷ്

കണ്ണൂര്‍ | കൂത്തുപറമ്പ് സമരം നടക്കുന്ന സമയത്ത് എ എസ് പിക്കെതിരെ വിമര്‍ശനങ്ങളുയര്‍ന്നിട്ടുണ്ടാകാമെന്നും റവാഡ ചന്ദ്രശേഖര്‍ ഗൂഢാലോചനയില്‍ പങ്കാളിയായി എന്ന് ഒരു തരത്തിലും പറയാന്‍ കഴിയില്ലെന്നും സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് പറഞ്ഞു. ഡി ജി പി നിയമനത്തില്‍ സംസ്ഥാന സര്‍ക്കാറിന് പരിമിതമായ അധികാരം മാത്രമാണുള്ളത്. നവംബര്‍ 23നാണ് റവാഡ ചന്ദ്രശേഖര്‍ എ എസ് പിയായി ചുമതലയേറ്റത്. വിശദമായ പരിശോധന നടത്തിയത് പത്മനാഭന്‍ കമ്മീഷനാണ്.
രണ്ട് ദിവസം മുമ്പ് ചുമതലയെടുത്ത എ എസ് പിക്ക് സ്ഥിതിഗതികള്‍ അറിയില്ലായിരുന്നുവെന്നാണ് കമ്മീഷന്‍ കണ്ടെത്തിയത്. അതുകൊണ്ടുതന്നെ അദ്ദേഹം ഗൂഢാലോചനയില്‍ പങ്കാളിയായെന്ന് ഒരു തരത്തിലും പറയാന്‍ കഴിയില്ല. ഏറ്റവും ഉചിതമായും നന്നായും സേനയെ നയിക്കാന്‍ കഴിയുന്ന ആളെയാണ് തിരഞ്ഞെടുത്തതെന്നും കെ കെ രാഗേഷ് കൂട്ടിച്ചേര്‍ത്തു.