Connect with us

Ongoing News

'തെറ്റുകള്‍ പൊറുക്കണം, പ്രാര്‍ഥനകള്‍ അല്ലാഹു സ്വീകരിക്കുമെന്നാണ് പ്രതീക്ഷ; ഹജ്ജ് തീര്‍ഥാടനത്തിനൊരുങ്ങി സാനിയ മിര്‍സ

'ഞാന്‍ ഏറെ ഭാഗ്യവതിയാണ്. അങ്ങേയറ്റം നന്ദിയുള്ളവളാണ്. നിങ്ങളുടെ ചിന്തകളിലും പ്രാര്‍ഥനകളിലും എന്നെയും ഉള്‍പ്പെടുത്തണം. എളിമയാര്‍ന്ന ഹൃദയത്തോടെയും ശക്തമായ ഈമാനോടെയും പുതിയ മനുഷ്യനായി തിരിച്ചെത്താനാകുമെന്നാണ് പ്രതീക്ഷ.'

Published

|

Last Updated

ഹൈദരാബാദ് | ഹജ്ജ് തീര്‍ഥാടനത്തിനൊരുങ്ങി പ്രശസ്ത ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ. സാമൂഹിക മാധ്യമത്തില്‍ സാനിയ തന്നെ പങ്കുവച്ചതാണ് ഇക്കാര്യം. ഒരു നല്ല പരിണാമത്തിന്റെ അനുഭവത്തിനുള്ള തയ്യാറെടുപ്പിലാണ് ഞാന്‍. എന്റെ എല്ലാ തെറ്റുകളും കുറ്റങ്ങളും പോരായ്മകളും പൊറുക്കണമെന്നും പുതിയൊരു മനുഷ്യനായി തിരിച്ചുവരാമെന്ന പ്രതീക്ഷയില്‍ ഹജ്ജ് തീര്‍ഥാടനത്തിന് ഒരുങ്ങുകയാണെന്നും സാനിയ സാമൂഹിക മാധ്യമ പോസ്റ്റില്‍ കുറിച്ചു.

ഹജ്ജ് എന്ന പരിശുദ്ധ കര്‍മം അനുഷ്ഠിക്കാനുള്ള ഭാഗ്യം എനിക്കും ലഭിച്ചിരിക്കുന്നുവെന്നും ഞാനും അനുഗ്രഹിക്കപ്പട്ടവളായി മാറിയിരിക്കുന്നുവെന്നും സാനിയ പറഞ്ഞു. ഒരു പുതിയ അനുഭവത്തിന് തയ്യാറെടുക്കുന്ന ഈ അവസരത്തില്‍ എന്റെ എല്ലാ തെറ്റുകുറ്റങ്ങള്‍ക്കും ഞാന്‍ വിനയത്തോടെ നിങ്ങളോട് ക്ഷമ ചോദിക്കുന്നുവെന്നും എന്റെ പ്രാര്‍ഥനകള്‍ അല്ലാഹു സ്വീകരിക്കുകയും അനുഗ്രഹ പാതയില്‍ തന്നെ നയിക്കുമെന്നുമാണ് പ്രതീക്ഷയെന്നും താരം സൂചിപ്പിച്ചു.

‘ഞാന്‍ ഏറെ ഭാഗ്യവതിയാണ്. അങ്ങേയറ്റം നന്ദിയുള്ളവളാണ്. പുതിയ ജീവിതയാത്ര ആരംഭിക്കുമ്പോള്‍ നിങ്ങളുടെ ചിന്തകളിലും പ്രാര്‍ഥനകളിലും എന്നെയും ഉള്‍പ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു. എളിമയാര്‍ന്ന ഹൃദയത്തോടെയും ശക്തമായ ഈമാനോടെയും പുതിയ മനുഷ്യനായി തിരിച്ചെത്താനാകുമെന്നാണ് പ്രതീക്ഷ.’- സാനിയ വ്യക്തമാക്കി.

പ്രൊഫഷണല്‍ ടെന്നീസില്‍ നിന്ന് കഴിഞ്ഞ വര്‍ഷം വിരമിക്കല്‍ പ്രഖ്യാപിച്ച സാനിയ അഞ്ച് മാസം മുമ്പ് പാക് ക്രിക്കറ്റ് താരം ഷൊയേബ് മാലിക്കുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തിയിരുന്നു.

കരിയറില്‍ സാനിയ ആറ് ഗ്രാന്‍സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷ്ം ആസ്‌ത്രേലിയന്‍ ഓപ്പണ്‍ മിക്‌സ്ഡ് ഡബിള്‍സ് ഫൈനലില്‍ രോഹന്‍ ബൊപ്പണ്ണക്കൊപ്പം മത്സരിച്ച് പരാജയപ്പെട്ടതോടെയാണ് സാനിയ വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2009ല്‍ മഹേഷ് ഭൂപതിക്കൊപ്പം ആസ്‌ത്രേലിയന്‍ ഓപ്പണിലെ മിക്‌സ്ഡ് ഡബിള്‍സ് കിരീടം, 2012ലെ ഫ്രഞ്ച് ഓപ്പണ്‍, 2014ലെ യു എസ് ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സ് കിരീടങ്ങളും നേടി. 2015ല്‍ മാര്‍ട്ടീന ഹിംഗിസിനൊപ്പം വനിതാ ഡബിള്‍സില്‍ വിംബിള്‍ഡണ്‍, യു എസ് ഓപ്പണ്‍, 2016ല്‍ ആസ്‌ത്രേലിയന്‍ ഓപ്പണ്‍ എന്നിവയും സ്വന്തമാക്കി. ഒരുഘടത്തില്‍ ഡബിള്‍സ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തിയ സാനിയ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരി എന്ന ബഹുമതിയും തന്റെ പേരില്‍ കുറിച്ചിരുന്നു.

 

Latest