Connect with us

Kerala

'പ്രതിപക്ഷത്തിന് ആയുധം നല്‍കി'; സിപിഎം സെക്രട്ടേറിയറ്റില്‍ സജി ചെറിയാന് വിമര്‍ശം; തത്കാലം രാജിയില്ല

അന്തിമ തീരുമാന നാളെ ചേരുന്ന സിപിഎം സമ്പൂർണ സെക്രട്ടേറിയറ്റ് യോഗത്തിൽ

Published

|

Last Updated

തിരുവനന്തപുരം | ഭരണഘടനയെ അധിക്ഷേപിക്കും വിധം പ്രസംഗിച്ച മന്ത്രി സജി ചെറിയാന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ വിമര്‍ശം. പ്രതിപക്ഷത്തിന് ആയുധം നല്‍കുന്നതായി മന്ത്രിയുടെ നടപടിയെന്ന് യോഗത്തില്‍ വിമര്‍ശമുയര്‍ന്നതായാണ് വിവരം. വാക്കുകളില്‍ മിതത്വം പാലിക്കണമായിരുന്നുവെന്നും ജാഗ്രത കാട്ടേണ്ടിയിരുന്നുവെന്നും നേതാക്കള്‍ വ്യക്തമാക്കി. മന്ത്രിയുടെ രാജിക്കായി പ്രതിപക്ഷം നീക്കം ശക്തമാക്കിയ സാഹചര്യത്തില്‍ ചേര്‍ന്ന അവൈലബിള്‍ സെക്രട്ടേറിയറ്റ് യോഗത്തിലാണ് മന്ത്രിക്ക് എതിരെ വിമര്‍ശമുയര്‍ന്നത്. അതേസമയം മന്ത്രിയുടെ രാജി സംബന്ധിച്ച് യോഗം തീരുമാനമെടുത്തില്ല. വ്യാഴാഴ്ച ചേരുന്ന സമ്പൂര്‍ണ സെക്രട്ടേറിയറ്റ് യോഗത്തില്‍ ചര്‍ച്ച ചെയ്ത ശേഷമാകും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക എന്നാണ് അറിയുന്നത്.

മന്ത്രിയുടെ രാജി ഇപ്പോള്‍ ആവശ്യപ്പെടേണ്ടതില്ല എന്ന അഭിപ്രായമാണ് ഇന്നത്തെ യോഗത്തില്‍ ഉയര്‍ന്നത്. ഇക്കാര്യത്തില്‍ വിശദമായ നിയമോപദേശം ലഭിച്ച ശേഷം മാത്രം നിലപാടെടുത്താല്‍ മതിയെന്നാണ് യോഗത്തില്‍ ഉയര്‍ന്ന പൊതു അഭിപ്രായം. വിശദമായ നിയമോപദേശം നല്‍കാന്‍ എജിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

യോഗത്തിന് ശേഷം പുറത്തിറങ്ങിയ മന്ത്രി രാജിയില്ലെന്ന സൂചനയാണ് മാധ്യമങ്ങള്‍ക്ക് നല്‍കിയത്. രാജിവെക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ‘എന്തിന്, എന്താണ് പ്രശ്‌നം’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുചോദ്യം. എല്ലാ കാര്യങ്ങളും താന്‍ നിയമസഭയില്‍ ഇന്നലെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എ കെ ജി സെന്ററില്‍ ചേര്‍ന്ന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, എ വിജയരാഘവന്‍, ടി പി രാമകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു. മന്ത്രി സജി ചെറിയാനെയും യോഗത്തിലേക്ക് വിളിച്ചുവരുത്തിയിരുന്നു. സെക്രട്ടേറിയറ്റ് യോഗം തുടങ്ങിയ ശേഷമാണ് സജി ചെറിയാന്‍ എ കെ ജി സെന്ററില്‍ എത്തിയത്.

അതേസമയം, നാക്ക് പിഴ സംഭവിച്ചുവെന്നും ഭരണഘടനയെ അല്ല ഭരണകൂടത്തെയാണ് താന്‍ ഉദ്ദേശിച്ചതെന്നും സജി ചെറിയാന്‍ യോഗത്തില്‍ നേതാക്കളോട് വിശദീകരിച്ചു. എന്നാല്‍ ജാഗ്രത വേണ്ടിയിരുന്നുവെന്ന് നേതാക്കള്‍ പറഞ്ഞു.

സജി ചെറിയാന് എതിരായ പ്രതിഷേധം പ്രതിപക്ഷം കൂടുതല്‍ കടുപ്പിച്ചിട്ടുണ്ട്. ഇന്ന് നിയമസഭ കൂടിയ ഉടന്‍ തന്നെ പ്രതിപക്ഷ അംഗങ്ങള്‍ പ്ലാക്കാര്‍ഡുകളേന്തി മുദ്രാവാക്യം വിളികളുമായി നടുത്തളത്തില്‍ ഇങ്ങുകയായിരുന്നു. തുടര്‍ന്ന് ചോദ്യോത്തര വേള തടസ്സപ്പെട്ടു. സഭാ നടപടികള്‍ ബഹളത്തില്‍ മുങ്ങിയതോടെ ചോദ്യോത്തര വേള റദ്ദാക്കി ധനാഭ്യര്‍ഥനകള്‍ മാത്രം പരിഗണിച്ച് സ്പീക്കര്‍ സഭ പിരിഞ്ഞതായി പ്രഖ്യാപിക്കുകയായിരുന്നു. വെറും എട്ട് മിനുട്ട് മാത്രമാണ് സഭ ചേര്‍ന്നത്.

സജി ചെറിയാന് എതിരെ പ്രതിപക്ഷ ഗവര്‍ണര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. പ്രസംഗം വിവാദമായതിനെ തുടര്‍ന്ന് ഗവര്‍ണര്‍ പ്രസംഗം ഹാജരാക്കാന്‍ ചീഫ് സെക്രട്ടറിക്ക് ഇന്നലെ നിര്‍ദേശം നല്‍കിയിരുന്നു. ഗവര്‍ണറുടെ ഭാഗത്ത് നിന്ന് എതിരഭിപ്രായം ഉണ്ടായാല്‍ അത് തിരിച്ചടിയാകുമെന്നും പാര്‍ട്ടി കണക്കുകൂട്ടുന്നുണ്ട്.

ഞായറാഴ്ച പത്തനംതിട്ട മല്ലപ്പള്ളിയില്‍ സിപിഎം പരിപാടിയില്‍ നടത്തിയ പ്രസംഗത്തിലാണ് മന്ത്രി വിവാദപരാമര്‍ശം നടത്തിയത്. ബ്രിട്ടീഷുകാര്‍ പറഞ്ഞത് ഇന്ത്യക്കാര്‍ എഴുതിവെച്ചതാണ് ഇന്ത്യന്‍ ഭരണഘടനയെന്നും ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണിതെന്നുമുള്ള വിവാദപരാമര്‍ശങ്ങളാണ് സജി ചെറിയാന്‍ നടത്തിയത്.

 

 

---- facebook comment plugin here -----

Latest