Kerala
തങ്ങൾ കുടുംബത്തിലെ പെൺകുട്ടികൾക്ക് 25 കോടിയുടെ പദ്ധതി; മഅ്ദിൻ ദാറുൽ ബതൂൽ ശിലാസ്ഥാപനം നാളെ
മഅ്ദിൻ അക്കാദമി ചെയർമാൻ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി എന്നിവരുടെ നേതൃത്വത്തിൽ ആയിരം സദാത്തുക്കൾ ചേർന്ന് ശിലാസ്ഥാപനം നടത്തും
മലപ്പുറം | മഅ്ദിൻ അക്കാദമിക്ക് കീഴിൽ പ്രവാചക കുടുംബത്തിലെ പെൺകുട്ടികളുടെ ശാക്തീകരണത്തിനായി 25 കോടി രൂപയുടെ വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കും. ഇതിനായി മഅ്ദിൻ എജ്യുപാർക്കിലെ പത്ത് ഏക്കർ സ്ഥലത്ത് നിർമിക്കുന്ന ദാറുൽ ബതൂൽ വിദ്യാഭ്യാസ സമുച്ചയത്തിന് നാളെ വൈകിട്ട് അഞ്ചിന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷൻ സയ്യിദ് അലി ബാഫഖി തങ്ങൾ, മഅ്ദിൻ അക്കാദമി ചെയർമാൻ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി എന്നിവരുടെ നേതൃത്വത്തിൽ ആയിരം സദാത്തുക്കൾ ചേർന്ന് ശിലാസ്ഥാപനം നടത്തും.
എട്ടാം ക്ലാസ്സ് മുതൽ പി ജി തലം വരെ ഹോസ്റ്റൽ സൗകര്യത്തോടെ സൗജന്യ പഠനത്തിന് അവസരമൊരുക്കും.
ശരീഅ സ്‌ക്വയർ, സയ്യിദ് എജ്യുക്കേഷനൽ അഡ്വാൻസ്മെന്റ്മിഷൻ, ഹെറിറ്റേജ് ആൻഡ് ഖബീല റിസർച്ച് ഫൗണ്ടേഷൻ, സാദാത്ത് ഫാമിലി സർക്യൂട്ട്, മൊബൈൽ കൗൺസലിംഗ്, ഹയർ സ്റ്റഡീസ് ബ്രിഡ്ജ് സ്‌കൂൾ തുടങ്ങിയ പത്തിന വിദ്യാഭ്യാസ പദ്ധതികൾ സ്ഥാപനത്തിലുണ്ടാകും.
മലപ്പുറം, മഞ്ചേരി പരിസര പ്രദേശങ്ങളിലുള്ള വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം ലഭിക്കുന്ന തങ്ങൾ കുടുംബത്തിലെ പെൺകുട്ടികൾക്ക് സൗജന്യ താമസ- ഭക്ഷണ സൗകര്യങ്ങളും ക്യാമ്പസിൽ ഒരുക്കും.

