National
വ്യവസായിയില്‍ നിന്ന് 16 കോടിയോളം തട്ടി; ചലച്ചിത്ര നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖരന്‍ അറസ്റ്റില്‍
സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചാണ് ചെന്നൈയില്‍ നിന്ന് രവീന്ദറിനെ അറസ്റ്റ് ചെയ്തത്. ചെന്നൈ സ്വദേശിയായ ബാലാജിയുടെ പരാതിയിലാണ് അറസ്റ്റ്.

ചെന്നൈ | വ്യവസായിയില്‍ നിന്ന് 16 കോടിക്കടുത്ത് രൂപ തട്ടിയെടുത്ത കേസില്‍ പ്രമുഖ ചലച്ചിത്ര നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖരന്‍ അറസ്റ്റില്‍. സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചാണ് ചെന്നൈയില്‍ നിന്ന് രവീന്ദറിനെ അറസ്റ്റ് ചെയ്തത്. ചെന്നൈ സ്വദേശിയായ ബാലാജിയുടെ പരാതിയിലാണ് അറസ്റ്റ്. കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ഒളിവില്‍ കഴിയുകയായിരുന്നു പ്രതി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
2020-ലാണ് സംഭവം. മുന്‍സിപ്പല്‍ ഖരമാലിന്യം ഊര്‍ജമാക്കി മാറ്റുന്ന പവര്‍ പ്രോജക്ടുമായി ബന്ധപ്പെട്ട് ബാലാജിയുമായി രവീന്ദര്‍ ചന്ദ്രശേഖരന്‍ കരാറിലേര്‍പ്പെട്ടിരുന്നു. 2020 സെപ്തംബര്‍ 17 നാണ് ഇരുവരും നിക്ഷേപ കരാറില്‍ ഏര്‍പ്പെട്ടത്. ഇതിന്റെ ഭാഗമായി ബാലാജി 15,83,20,000 രൂപ നല്‍കി. എന്നാല്‍, തുക കൈപ്പറ്റിയ ശേഷം രവീന്ദര്‍ ബിസിനസ്സ് ആരംഭിക്കുകയോ പണം തിരികെ നല്‍കുകയോ ചെയ്തില്ലെന്നാണ് പരാതി.
ബാലാജിയില്‍ നിന്ന് നിക്ഷേപം നേടിയെടുക്കാന്‍ രവീന്ദര്‍ വ്യാജരേഖ കാണിച്ചതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. കമ്മീഷണര്‍ സന്ദീപ് റായ് റാത്തോഡിന്റെ നിര്‍ദേശപ്രകാരമാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. ലിബ്ര പ്രൊഡക്ഷന്‍സ് എന്ന ചലച്ചിത്ര നിര്‍മാണ കമ്പനിയുടെ ബാനറില്‍ ചിത്രങ്ങള്‍ നിര്‍മിച്ചയാളാണ് രവീന്ദര്‍ ചന്ദ്രശേഖരന്‍.