From the print
കൊച്ചിയില്‍ നിന്നുള്ള 1,436 ഹജ്ജ് തീര്‍ഥാടകര്‍ മക്കയില്‍
ലക്ഷദ്വീപില്‍ നിന്നുള്ള തീര്‍ഥാടക സംഘം ഇന്ന് ഹജ്ജ് ക്യാമ്പിലെത്തും.

കരിപ്പൂർ ഹജ്ജ് ക്യാമ്പിൽ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ അംഗം എ സൈഫുദ്ദീൻ ഹാജി സംസാരിക്കുന്നു
നെടുമ്പാശ്ശേരി | സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷത്തെ ഹജ്ജിന് കൊച്ചി എംബാര്‍ക്കേഷന്‍ പോയിന്റ് വഴി അഞ്ച് വിമാനങ്ങളിലായി 1,436 തീര്‍ഥാടകര്‍ മക്കയിലെത്തി. ഇവരില്‍ 444 പേര്‍ പുരുഷന്മാരും 992 പേര്‍ സ്ത്രീകളുമാണ്. ശനിയാഴ്ച രാത്രിയും ഇന്നലെ രാവിലെയും പുറപ്പെട്ട വിമാനങ്ങളില്‍ വനിതാ തീര്‍ഥാടകര്‍ (572) മാത്രമാണ് ഉണ്ടായിരുന്നത്. വനിതാ തീര്‍ഥാടര്‍ക്കു മാത്രമായുള്ള അവസാന വിമാനം 21ന് രാവിലെ 11.30ന് പുറപ്പെടും. മൂന്ന് വിമാനങ്ങളാണ് വനിതകള്‍ക്ക് മാത്രമായി കൊച്ചിയില്‍ നിന്ന് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ഇന്നലെ വൈകിട്ട് 3.27ന് പുറപ്പെട്ട എസ് വി 3063 നമ്പര്‍ വിമാനത്തില്‍ 152 പുരുഷന്മാരും 137 സ്ത്രീകളുമാണുള്ളത്. ഇന്ന് ഒരു വിമാനമാണ് സര്‍വീസ് നടത്തുക. 284 പേരാണ് ഇതില്‍ യാത്രയാകുക.
ലക്ഷദ്വീപില്‍ നിന്നുള്ള തീര്‍ഥാടക സംഘം ഇന്ന് ഹജ്ജ് ക്യാമ്പിലെത്തും. നാളെ രാത്രി 8.20ന് പുറപ്പെടുന്ന എസ് വി 3067 നമ്പര്‍ വിമാനത്തിലാണ് ഇവര്‍ യാത്രയാകുക. 58 പുരുഷന്മാരും 54 സ്ത്രീകളും അടക്കം 112 പേരാണ് ലക്ഷദ്വീപില്‍ നിന്നുള്ളത്. ഇവരുടെ സേവനത്തിന് ഹജ്ജ് ഇന്‍സ്പെക്ടറുമുണ്ട്.
ലക്ഷ്വദീപില്‍ നിന്നുള്ള സംഘത്തെ ഹജ്ജ് കമ്മിറ്റിയുടെയും സംഘാടക സമിതിയുടെയും നേതൃത്വത്തില്‍ സ്വീകരിക്കും. ഇന്നലെ നടന്ന യാത്രയയപ്പ് സംഗമത്തില്‍ ഹജ്ജ് കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് സകീര്‍, എം എസ് അനസ് ഹാജി, നൂര്‍ മുഹമ്മദ് നൂര്‍ഷ എന്നിവരും തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, എച്ച് മുസമ്മില്‍ ഹാജി, ഹജ്ജ് സെല്‍ ഓഫീസര്‍ വൈ ശമീര്‍ ഖാന്‍, ക്യാമ്പ് അസ്സിസ്റ്റന്റ്ടി കെ സലീം സംബന്ധിച്ചു.
കരിപ്പൂരില്‍ നിന്ന് ഇനി എട്ട് ഹജ്ജ് വിമാനങ്ങള്‍ കൂടി
കൊണ്ടോട്ടി | സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴില്‍ കരിപ്പൂരില്‍ നിന്ന് ശേഷിക്കുന്നത് എട്ട് സര്‍വീസുകള്‍. ഇന്നും നാളെയും രണ്ട് വിമാനങ്ങളും ബുധനാഴ്ച മൂന്ന്, വ്യാഴാഴ്ച പുലര്‍ച്ചെ ഒന്ന് എന്നിങ്ങനെയാണ് ശേഷിക്കുന്ന സര്‍വീസുകള്‍. വ്യാഴാഴ്ചയിലേതാണ് ഈ വര്‍ഷത്തെ അവസാന വിമാനം. ഇതോടെ കരിപ്പൂരിലെ ഹജ്ജ് ക്യാമ്പിന് സമാപ്തിയാകും. ഈ മാസം ഒമ്പതിനാണ് ക്യാമ്പ് ആരംഭിച്ചത്.
കരിപ്പൂരില്‍ നിന്ന് ഇന്നലെ രണ്ട് വിമാനങ്ങളിലായി 346 പേര്‍ പുറപ്പെട്ടു. പുലര്‍ച്ചെ 12.30ന് പുറപ്പെട്ട വിമാനത്തില്‍ 87 പുരുഷന്മാരും 86 സ്ത്രീകളും വൈകിട്ട് 4.50ന് പുറപ്പെട്ട വിമാനത്തില്‍ 85 പുരുഷന്മാരും 88 സ്ത്രീകളുമാണ് യാത്രയായത്. കരിപ്പൂരില്‍ നിന്ന് ഇതുവരെ 23 വിമാനങ്ങളിലായി 3,967 ഹാജിമാര്‍ വിശുദ്ധ ഭൂമിയിലെത്തി.
കരിപ്പൂരില്‍ ഇന്ന് പുലര്‍ച്ചെ ഒന്നിന് പുറപ്പെടുന്ന വിമാനത്തില്‍ 74 പുരുഷന്മാരും 92 സ്ത്രീകളും വൈകിട്ട് 5.30ന് പുറപ്പെടുന്ന വിമാനത്തില്‍ 82 പുരുഷന്മാരും 91 സ്ത്രീകളും യാത്രയാകും.കണ്ണൂരില്‍ ഇന്ന് പുലര്‍ച്ചെ അഞ്ചിനാണ് സര്‍വീസ്. നാളെ കണ്ണൂരില്‍ നിന്ന് ഹജ്ജ് സര്‍വീസില്ല.
കരിപ്പൂരില്‍ ഇന്നലെ നടന്ന യാത്രയയപ്പ് സംഗമങ്ങളില്‍ എ പി അനില്‍കുമാര്‍ എം എല്‍ എ, ന്യൂനപക്ഷ കമ്മീഷന്‍ അംഗം എ സൈഫുദ്ദീന്‍ ഹാജി സംബന്ധിച്ചു. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് നേതൃത്വം നല്‍കി. അംഗങ്ങളായ കെ ഉമര്‍ ഫൈസി മുക്കം, അശ്കര്‍ കോറാട്, അസ്സിസ്റ്റന്റ് സെക്രട്ടറി ജാഫര്‍ കക്കൂത്ത്, ഹസന്‍ സഖാഫി തറയിട്ടാല്‍, ഹജ്ജ് സെല്‍ ഓഫീസര്‍ കെ കെ മൊയ്തീന്‍ കുട്ടി, യൂസുഫ് പടനിലം സംബന്ധിച്ചു.
33 പേര്‍ക്ക് കൂടി ഹജ്ജിന് അവസരം; അപേക്ഷാ ഫോം ഉടന്‍ സമര്‍പ്പിക്കണം
കൊണ്ടോട്ടി | സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് അപേക്ഷിച്ച് വെയ്റ്റിംഗ് ലിസ്റ്റില്‍ ഉള്‍പ്പെട്ട, അണ്ടര്‍ടേക്കിംഗ് സമര്‍പ്പിച്ചവരില്‍ 33 പേര്‍ക്ക് കൂടി ഹജ്ജിന് അവസരം ലഭിച്ചു. വെയ്റ്റിംഗ് ലിസ്റ്റ് ക്രമ നമ്പര്‍ 3,863 വരെയുള്ളവര്‍ക്കാണ് ഇപ്പോള്‍ അവസരം. ഇതോടെ, സംസ്ഥാനത്ത് നിന്ന് 16,051 പേര്‍ക്ക് ഹജ്ജിന് അവസരമായി.
പുതുതായി അവസരം ലഭിച്ചവര്‍ അടുത്ത ദിവസം തന്ന മൊത്തം തുക അടയ്ക്കണം. അപേക്ഷകര്‍ അവരുടെ കവര്‍ നമ്പര്‍ ഉപയോഗിച്ച് ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റ് പരിശോധിച്ച് അടയ്‌ക്കേണ്ട തുക സംബന്ധിച്ച വിവരങ്ങള്‍ തേടേണ്ടതാണ്. ഓരോ കവര്‍ നമ്പറിനും പ്രത്യേകം ലഭിക്കുന്ന ബേങ്ക് റെഫറന്‍സ് നമ്പര്‍ രേഖപ്പെടുത്തിയ പേ- ഇന്‍ സ്ലിപ്പ് ഉപയോഗിച്ച് സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യ അല്ലെങ്കില്‍ യൂനിയന്‍ ബേങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഏതെങ്കിലും ബ്രാഞ്ചിലോ ഓണ്‍ലൈന്‍ ആയോ പണമടയ്ക്കാവുന്നതാണ്.
പുതുതായി തിരഞ്ഞെടുക്കപ്പെട്ടവര്‍ ഹജ്ജ് അപേക്ഷാ ഫോമും അനുബന്ധ രേഖകളും (അപേക്ഷയില്‍ അപേക്ഷകനും നോമിനിയും ഒപ്പിടണം), ഒറിജിനല്‍ പാസ്സ്‌പോര്‍ട്ട്, പണമടച്ച പേ- ഇന്‍ സ്ലിപ്, നിശ്ചിത മാതൃകയിലുള്ള ഫോട്ടോ പതിച്ച മെഡിക്കല്‍ സ്‌ക്രീനിംഗ് ആന്‍ഡ് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് (സര്‍ട്ടിഫിക്കറ്റ് സര്‍ക്കാര്‍ അലോപ്പതി ഡോക്ടര്‍ പരിശോധിച്ചതാകണം) കരിപ്പൂരിലെ സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസില്‍ എത്രയും പെട്ടെന്ന് സമര്‍പ്പിക്കേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്കായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസുമായോ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ജില്ലാ ട്രെയിനിംഗ് ഓര്‍ഗനൈസര്‍മാരുമായോ മണ്ഡലം ട്രെയിനിംഗ് ഓര്‍ഗനൈസര്‍മാരുമായോ ബന്ധപ്പെടാവുന്നതാണ്. 0483-2710717 നമ്പറിലും https://hajcommittee.gov.in എന്ന വെബ്‌സൈറ്റിലും വിവരങ്ങള്‍ ലഭ്യമാണ്.